'അച്ഛൻ മരിച്ചപ്പോൾ പോലും കാണാൻ പോയിട്ടില്ല'; വേദനകൾ പറഞ്ഞ് ലക്ഷ്മിപ്രിയ

Published : Sep 22, 2025, 07:59 PM IST
Lakshmi Priya reveals her childhood trauma

Synopsis

മാതാപിതാക്കൾ പിരിഞ്ഞതും അമ്മയുടെ സ്നേഹം ലഭിക്കാതെ വളർന്നതും പതിനാലാം വയസ്സിൽ അമ്മയെ വീണ്ടും കണ്ടുമുട്ടിയപ്പോഴുണ്ടായ വേദനിപ്പിക്കുന്ന അനുഭവവും പങ്കുവച്ച് ലക്ഷ്മിപ്രിയ

ബാല്യകാലത്തെ ട്രോമകളും വേദനകളും പങ്കുവെച്ച് മിനിസ്ക്രീൻ താരം ലക്ഷ്മിപ്രിയ. അമ്മയുടെയും അച്ഛന്റെയും സ്നേഹം കി‌ട്ടാതെ വളർന്ന കാലത്തെക്കുറിച്ചാണ് കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിൽ ലക്ഷ്മി പ്രിയ സംസാരിക്കുന്നത്. ‌ കബീർ, റംലത്ത് എന്നിവരുടെ മകളായി ഒരു മുസ്ലിം കുടുംബത്തിലാണ് ലക്ഷ്മി പ്രിയ ജനിച്ചത്. ലക്ഷ്മി പ്രിയക്ക് രണ്ട് വയസുള്ളപ്പോഴാണ് മാതാപിതാക്കൾ പിരിഞ്ഞത്.

''ജീവിതത്തിൽ ഞാനെപ്പോഴും മിസ് ചെയ്യുന്നത് അമ്മ എന്ന രണ്ടക്ഷരമാണ്. അമ്മയും അച്ഛനും പിരിഞ്ഞതിന് എന്താണ് കാരണമെന്ന് അറിയില്ല. അമ്മയുടെ അച്ഛൻ മരിക്കാറായാപ്പോൾ അവർ താമസിക്കുന്ന കായംകുളത്തേക്ക് ഞങ്ങൾ പോകുകയായിരുന്നു. കായംകുളത്തേക്ക് ബസ് കാത്ത് നിൽക്കുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്ന് അച്ഛൻ എന്നെ വാങ്ങിച്ചു. സിഗരറ്റ് വാങ്ങിച്ച് വരട്ടെ എന്ന് പറഞ്ഞ് പോയി. എന്നാൽ അച്ഛൻ തിരികെ പോയില്ല. എന്നോടും അമ്മയോടും അച്ഛൻ ചെയ്ത ഏറ്റവും വലിയ ക്രൂരതയാണത്. വേറെ ബസ് കേറി അച്ഛന്റെ വീട്ടിലെത്തി അച്ഛന്റെ അമ്മയുടെ കയ്യിൽ എന്നെ കൊടുത്തു.

അച്ഛന് സുഖമില്ലാതായപ്പോൾ ഞാനാണ് പരിചരിച്ചത്. പക്ഷേ, അച്ഛനിൽ നിന്ന് ക്ഷമിക്കാൻ പറ്റാത്ത ഒരു വാക്ക് ഞാൻ കേട്ടു. പിന്നെ അച്ഛൻ മരിച്ചപ്പോൾ പോലും ഞാൻ കാണാൻ പോയിട്ടില്ല. ഒരാൾ ജീവിച്ചിരിക്കുമ്പോളാണ് അയാളോടുള്ള കർത്തവ്യങ്ങള്‍ നിറവേറ്റേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നു'', ലക്ഷ്മിപ്രിയ അഭിമുഖത്തിൽ പറഞ്ഞു.

പിരിഞ്ഞതിനു ശേഷം 14 വയസിൽ ആദ്യമായി കാണാൻ പോയതിനെക്കുറിച്ചും ലക്ഷ്മി പ്രിയ സംസാരിച്ചു. ''ചേച്ചിമാർ അമ്മയുടെ കൂടെയായിരുന്നു. അമ്മയുടെ അമ്മാവന്റെ മകനാണ് അമ്മയുടെ വീട്ടിൽ എന്നെ കൊണ്ട് പോയത്. ഈ ആളെ മനസിലായോ എന്ന് അദ്ദേഹം ചോദിച്ചു. സിനിമയിൽ കണ്ട‌ അമ്മമാരെ മാത്രമേ നമുക്കറിയൂ. സൂര്യപുത്രി സിനിമയൊക്കെയാണ് എന്റെ മനസിൽ. ഓടി വരുന്നു, കെട്ടിപ്പിടിക്കുന്നു, ഉമ്മ വെക്കുന്നു എന്നെല്ലാം. അമ്മ വന്ന് ആരാ ഇത് എന്ന രീതിയിൽ എന്നെ നോക്കി. ഇത്ത, ഇത് പൂവാണ് എന്ന് മാമൻ പറഞ്ഞു. അപ്പോൾ അമ്മ എന്നെ നോക്കി, ഓഹ് എന്ന് മാത്രം പറഞ്ഞു. അപെൻഡിക്സിന്റെ സർജറി വന്നപ്പോൾ ഞാൻ ആലപ്പുഴ മെഡിക്കൽ കോളേജിലെ ജനറൽ വാർഡിൽ ഒറ്റയ്ക്ക് കിടന്നിട്ടുണ്ട്. സ്ത്രീകളുടെ വാർഡിലായതിനാൽ ചിറ്റപ്പന് അടുത്തിരിക്കാൻ പറ്റില്ല. എന്നെ നോക്കാൻ സ്ത്രീകൾ ആരുമില്ല. ആ സമയത്ത് ഡോക്ടര്‍മാര്‍ ഉൾപ്പെടെയുള്ളവർ അമ്മയെ ഫോൺ വിളിച്ചു. അമ്മ വന്നില്ല'', എന്നും ലക്ഷ്മിപ്രിയ വേദനയോടെ പറഞ്ഞു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്