
ഭര്‍ത്താവിന്റെ മദ്യപാനം മൂലം താൻ വലിയ ട്രോമ അനുഭവിച്ചിട്ടുണ്ടെന്ന് നടി സുമ ജയറാം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് താൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട് എന്നും താരം വ്ളോഗിലൂടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുമ ജയറാം. ആരെയും കുറ്റപ്പെടുത്തുന്നതല്ലെന്നും മനസിലെ വിഷമങ്ങൾ പങ്കുവെച്ചതാണെന്നും ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും ഒരുപാട് സഹിച്ചതായും സുമ പറയുന്നു.
''മദ്യപാനം നിർത്തിയാൽ തന്നെ എന്റെ ഭർത്താവിന്റെ മനസും ശരീരവും നന്നാകും. അല്ലാതെ ആരെയും താഴ്ത്തിക്കെട്ടാനോ ഭർത്താവിനെ മോശക്കാരനാക്കാനോ പറഞ്ഞതല്ല. ഹാപ്പിയായിരിക്കും എന്നു വിചാരിച്ചാണ് കല്യാണം കഴിക്കുന്നത്. അത് അങ്ങനെയല്ലെങ്കിൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. മദ്യപാനം മടുത്ത കാരണമാണ് ഞാൻ ഇതെല്ലാം പറഞ്ഞത്, അദ്ദേഹത്തെ മടുത്തതു കൊണ്ടല്ല. അദ്ദേഹം മനസിലാക്കാൻ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. നീ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ഞാൻ കുടിക്കും എന്നാണ് അതിനു ശേഷവും അദ്ദേഹം എന്നോട് പറഞ്ഞത്. വിവാഹമോചനത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. എങ്കിലും ഇടയ്ക്ക് ഞാൻ പറയാറുണ്ട്, നിങ്ങൾക്കു മടുത്തെങ്കിലോ, എനിക്കു മടുത്തെെങ്കിലോ നമുക്ക് മ്യൂച്വലി പിരിയാം എന്ന്'', സമു ജയറാം പറഞ്ഞു.
ഭർത്താവിന് മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും ആ വ്യക്തിയെക്കുറിച്ച് തന്നോട് സംസാരിക്കാറുണ്ടായിരുന്നു എന്നും സുമ പറഞ്ഞു. ''ആ പെൺകുട്ടി ലല്ലുഷിനെ വിളിക്കുമായിരുന്നു. 2020 ലാണ് അവർ മരിച്ചത്. എന്റെ മുന്നിൽ വെച്ച് തന്നെ ആ പെൺകുട്ടിയെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. സംസാരിക്കുന്ന രീതി ഞാൻ റെക്കോർഡ് ചെയ്ത് വെച്ചിട്ടുണ്ട്. എന്താ ഇങ്ങനെ സംസാരിക്കുന്നതെന്ന് ഞാൻ തന്നെ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്'', എന്നും സുമ കൂട്ടിച്ചേർത്തു.
ഒരു കാലത്ത് സിനിമയിലും സീരിയൽ രംഗത്തും ഒരുപോലെ തിളങ്ങി നിന്നിരുന്ന താരമാണ് സുമ ജയറാം. പിന്നീട് അഭിനയത്തിൽ നിന്ന് താരം ഇടവേളയെടുത്തു. മുപ്പത്തിയേഴാം വയസിലാണ് ബാല്യകാല സുഹൃത്തായ ലല്ലുഷിനെ സുമ വിവാഹം ചെയ്തത്. 2013ല്‍ ആയിരുന്നു വിവാഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ 2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലുവിനും ഇരട്ട കുട്ടികള്‍ പിറന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..