'സൈബർ സെൽ എന്ന് കേൾക്കുമ്പോൾ ചിരി വരും, സാധാരണക്കാരൻ സഹിച്ച് ജീവിക്കണം'; തുറന്നടിച്ച് മഞ്ജു പത്രോസ്

Published : Sep 21, 2026, 10:08 PM IST
manju pathrose criticises cyber cell of kerala police

Synopsis

സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയപ്പോൾ ഉണ്ടായ ദുരനുഭവങ്ങൾ തുറന്നുപറയുകയാണ് നടി മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ മഞ്ജു പത്രോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. തന്നെ ഏറെ വേദനിപ്പിച്ച ഒരു സംഭവത്തെക്കുറിച്ചാണ് മഞ്ജു പത്രോസ് പുതിയ ഒരഭിമുഖത്തിൽ തുറന്നു പറയുന്നത്. തന്റെ ഒരു വീഡിയോയ്ക്കു താഴെ പ്രത്യക്ഷപ്പെട്ട കമന്റും അതേത്തുടർന്ന് സൈബർ സെല്ലിൽ കേസ് കൊടുക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവവുമാണ് മഞ്ജു സംസാരിക്കുന്നത്.

''ഒരു കമന്റ്... അത് താങ്ങാൻ പറ്റിയില്ല. ശരീരത്തിൽ ആരോ ചെളിവെള്ളം കോരി ഒഴിച്ചത് പോലെ തോന്നി. അയാളോട് ക്ഷമിക്കാൻ മനസ് വന്നില്ല. പോലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെട്ടു. അവർ അന്വേഷിച്ച് ആളെ പിടിച്ചു. ഫോർട്ട് കൊച്ചിയിലുള്ള ഒരുത്തനായിരുന്നു. ചേച്ചി എന്നോട് ക്ഷമിക്കണം, കള്ള് കുടിച്ച് ഇരുന്നപ്പോൾ ചെയ്തതാണ് എന്നൊക്കെ പറഞ്ഞു. കോംപ്രമൈസിന് ഞാൻ തയ്യാറായില്ല. കേസാക്കാൻ പോലീസുകാരോട് പറഞ്ഞു. നമ്മൾ വിചാരിക്കും രണ്ട് മാസത്തിനകം കേസ് തീരുമെന്നൊക്കെ. അയാൾക്ക് മാതൃകാപരമായ ശിക്ഷ കിട്ടും എന്നൊക്കെയാണ്. കേസ് രജിസ്റ്റർ ചെയ്തു. കോടതിയിലേക്ക് പോയി. നാല് കൊല്ലത്തിനുശേഷം അടുത്തിടെ ആ കേസ് വിളിച്ചിരിക്കുകയാണ്. ഞാൻ ആ വ്യക്തിയുടെ പേരടക്കം എല്ലാം മറന്നു. ഇതൊന്നും ഓർത്ത് വെച്ച് നടക്കുകയല്ലല്ലോ. ഇപ്പോഴും വിധിയായില്ല. ഞാൻ ചാവുമ്പോഴേക്കും വിധിയാകുമായിരിക്കും.

അടുത്തിടെ സൈബർ സെല്ലിൽ വേറൊരു കേസ് ഞാൻ കൊടുത്തു. ശരീര ഭാഗങ്ങൾ വലുതായി കാണിച്ച് ‌സ്ലോമോഷനിലുള്ള വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നു. അവിടെ നിന്നും ഒരു അനക്കവും ഇല്ല. ഞാൻ വിളിച്ച് അന്വേഷിച്ചു. കർണാടക-തമിഴ്നാട് ബോഡറിലുള്ള ഐപി അഡ്രസാണ്. അവിടെ വരെ പോയി ആളെ പിടിക്കണമെങ്കിൽ അതിന്റേതായ ചിലവുണ്ട് എന്നാണ് സൈബർ സെല്ലിൽ നിന്നും ലഭിച്ച മറുപടി. ആർക്കും ആരെയും എന്തും പറയാം. സൈബർ സെല്ലിന് ചിലവിന് പൈസയില്ലാത്തതുകൊണ്ട് പിടിക്കാൻ വരില്ല. അല്ലെങ്കിൽ സ്വാധീനം വേണം. സാധാരണക്കാരൻ സഹിച്ച് ജീവിക്കണം. ഞാൻ മടുത്തു. സൈബർ സെല്ലെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിവരും'', എന്നാണ് മഞ്‍‍ജു പത്രോസ് അഭിമുഖത്തിൽ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

'മരിക്കുന്നതിനു മുന്‍പുള്ള എന്റെ ഏഴ് മിനിറ്റില്‍ ഈ ഇടം ഉള്ളില്‍ ഉണ്ടാവും..'; വീഡിയോയുമായി ജാസ്മിൻ
'സൈബർ സെൽ എന്ന് കേൾക്കുമ്പോൾ ചിരി വരും, സാധാരണക്കാരൻ സഹിച്ച് ജീവിക്കണം..'; തുറന്നടിച്ച് മഞ്ജു പത്രോസ്