
തമിഴിലിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി മേഘ മഹേഷ്. മേഘ അഭിനയിച്ച മിഴിരണ്ടിലും എന്ന മലയാളം പരമ്പരയുടെ തമിഴ് റീമേക്കിലൂടെയാണ് താരത്തിന്റെ തമിഴ് എൻട്രി. മേഘ തന്നെയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. സീരിയൽ ഉടൻ സീ തമിഴിൽ സംപ്രേഷണം ആരംഭിക്കുമെന്നും മേഘ അറിയിച്ചു.
''എന്റെ അടുത്ത സീരിയൽ ഉടൻ വരുന്നു… ഞാൻ അഭിനയിച്ച മിഴിരണ്ടിലും എന്ന സീരിയലിന്റെ ഒഫീഷ്യൽ റീമേക്കാണ്. എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന സീരിയലാണ് അത്. 'തിരുമംഗല്യം' എന്ന് പേരിട്ടിരിക്കുന്ന സീരിയലിന്റെ തമിഴ് പതിപ്പ് ഉടനെത്തും. ഇക്കാര്യം അറിയിക്കുന്നതിൽ എനിക്ക് വളരെ അഭിമാനവും സന്തോഷവും തോന്നുന്നു. സീരിയൽ ഉടൻ തന്നെ സീ തമിഴിൽ സംപ്രേഷണം ആരംഭിക്കും.
മിഴിരണ്ടിലും വലിയൊരു ബ്ലോക്ക്ബസ്റ്ററാക്കി മാറ്റിയ എന്റെ എല്ലാ പ്രേക്ഷകർക്കും ഞാൻ നന്ദി പറയുന്നു. ഇനിയത് തമിഴ് പ്രേക്ഷകരിലേക്കുകൂടി എത്തുകയാണ്. തമിഴ് ഇൻഡസ്ട്രിയിലേക്കുള്ള എന്റെ എൻട്രി ആണിത്. മിഴിരണ്ടിലും പരമ്പരയിലെ ലച്ചുവിനെ എങ്ങനെ സ്നേഹിച്ചോ അതുപോലെ എല്ലാവരും ഇനിയും സ്നേഹിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സീ കേരളത്തിന് നന്ദി, കാരണം എല്ലാം അവിടെ നിന്നാണ് ആരംഭിച്ചത്.
എന്റെ ഭർത്താവ് സൽമാനുൾ നൽകുന്ന വലിയ പിന്തുണയ്ക്ക് നന്ദി. ലച്ചു തമിഴിലെത്താൻ എന്നെ സഹായിച്ചത് നിങ്ങളാണ്.. എന്റെ മാതാപിതാക്കൾക്ക് നന്ദി… എന്റെ നിർമാതാവ് അനിൽ സാർ, സംവിധായകൻ ശിവഗണേശ് സാർ എന്നിവർക്കും എല്ലാ ക്രൂ അംഗങ്ങൾക്കും നന്ദി... തമിഴിലെ ഈ സ്വപ്നതുല്യമായ അരങ്ങേറ്റത്തിന് സീ തമിഴിനും വളരെ നന്ദി. ഈ പ്രപഞ്ചത്തിന് നന്ദി... ലച്ചു നിങ്ങളുടെ എല്ലാവരുടെയും ഹൃദയങ്ങൾ കീഴടക്കട്ടെ..'', മേഘ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.