രേണു സുധിയെ സ്നേഹിക്കുന്നവരോട് ലക്ഷ്‍മി നക്ഷത്രയ്ക്ക് പറയാനുള്ളത്

ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും സോഷ്യല്‍ മീഡിയ താരവുമായ രേണു സുധി തനിക്ക് കാന്‍സര്‍ ആണെന്ന് വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി രേണുവിന് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ രേണു സുധിയെ സ്നേഹിക്കുന്നവരോട് തനിക്ക് ഒരു അപേക്ഷയുണ്ടെന്ന് പറയുകയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. അസുഖ വിവരമറിഞ്ഞ് നേരിട്ട് ചെല്ലുന്നതില്‍ പ്രശ്നമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു ലക്ഷ്മി നക്ഷത്ര. മറിച്ച് ഫോണിലൂടെ ബന്ധപ്പെടുന്നതാവും സുരക്ഷിതമെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. ഒരു ഉദ്ഘാടന പരിപാടിക്കെത്തിയ ലക്ഷ്മി നക്ഷത്ര യുട്യൂബര്‍മാരോട് സംസാരിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

“രേണുവിനെ ഇഷ്ടമുള്ളവര്‍ ചെയ്യേണ്ട ഒരു കാര്യമുണ്ട്. എന്‍റെ ഭാഗത്ത് നിന്നുള്ള ഏറ്റവും വലിയ റിക്വസ്റ്റ് ആണ്. രേണുവിന് ഒരുപക്ഷേ നമ്മുടെ സാന്നിധ്യം സന്തോഷം ഉണ്ടാക്കുമായിരിക്കാം. പക്ഷേ പ്ലീസ്, നിങ്ങള്‍ വീഡിയോ കോള്‍ ചെയ്യൂ, രേണുവിനെ കാണൂ, സംസാരിക്കൂ. ഈ രോഗത്തിന്‍റെ സീരിയസ്നെസ് എന്ന് പറയുന്നത് ആ വീട്ടില്‍ നില്‍ക്കുന്നവര്‍ വഴി വരെ ഇന്‍ഫെക്ഷന്‍ വന്നേക്കാം. വീട്ടിലുള്ളവര്‍ എത്രയും ഹൈജീനിക് ആയും അത്രയും ശ്രദ്ധയോടെയുമായിരിക്കും രേണുവിനൊപ്പം നില്‍ക്കുന്നത്. നിങ്ങള്‍ വീഡിയോ കണ്ടിട്ടുണ്ടാവും. ഋതപ്പന്‍ വരുന്നത് വരെ മാസ്ക് ധരിച്ചുകൊണ്ടാണ്. അതുകൊണ്ട് കഴിയുന്നതും രേണുവിനോട് ഇഷ്ടമുള്ള കൂടുതല്‍ പേരും ഫോണിലൂടെ വിളിച്ച് രേണുവിനെ ആശ്വസിപ്പിക്കൂ. കാരണം നമ്മള്‍ നേരിട്ട് ചെല്ലുമ്പോള്‍ ഇന്‍ഫെക്ഷന്‍ എത്രത്തോളം വരാം എന്നും ചിന്തിക്കണം. നമ്മള്‍ വളരെയധികം ഹൈജീനിക് ആയിരിക്കും. പക്ഷേ ഇത്തരത്തിലുള്ള രോഗികള്‍ക്ക് പ്രതിരോധശേഷി വളരെ കുറവായിരിക്കും. എന്‍റെ ഭാഗത്തുനിന്നുള്ള ഒരു റിക്വസ്റ്റ് ആണ്”, ലക്ഷ്മി നക്ഷത്ര പറയുന്നു.

കോട്ടയം മെഡിക്കല്‍ കോളെജിലാണ് രേണു സുധി ചികിത്സ തേടിയിരിക്കുന്നത്. ആദ്യ കീമോതെറാപ്പിയുടെ അനുഭവം പങ്കുവച്ച് രേണു സുധി എത്തിയിരുന്നു.

രോഗാവസ്ഥ അറിയിച്ചുകൊണ്ട് രേണു സുധി മുന്‍പ് പറഞ്ഞത്

എനിക്ക് കാന്‍സര്‍ ആണ്. ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരുടെ അടുത്തുനിന്ന് ഞാനത് മറച്ചുവെച്ചു. പക്ഷേ ഇപ്പോള്‍ അത് പറയാൻ സമയമായി എന്ന് തോന്നി. പല തെറ്റിദ്ധാരണകളും പലർക്കുമുണ്ട്. ഇത് ദുബൈയില്‍ വച്ച് സ്ഥിരീകരിച്ചു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ആദ്യമായി ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്. 15-ാം വയസില്‍ ഞാനത് അത്ര കാര്യമാക്കിയില്ല. വീട്ടുകാരോടും പറഞ്ഞില്ല. കുറേ നാൾ കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടുകാര്‍ ഇത് അറിഞ്ഞത്. അവര്‍ കോട്ടയം മെഡിക്കൽ കോളെജിൽ കൊണ്ടുപോയി. 15- 16 വർഷം മുന്‍പത്തെ കാര്യമാണ്. അന്ന് ബയോപ്സി ചെയ്തിരുന്നു. അന്ന് ഡോക്ടർ എന്നോട് പറഞ്ഞത് ഇതിങ്ങനെ വെക്കരുത് എന്നായിരുന്നു. ഇപ്പോള്‍ വലിയ പ്രശ്നമില്ലെങ്കിലും ഭാവിയില്‍ കാൻസർ ആയേക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് മറ്റൊരു ഓപ്പറേഷൻ കഴിഞ്ഞിട്ട് നിൽക്കുകയായിരുന്നു. അപ്പൻഡിസൈറ്റിസിന്റെ ഓപ്പറേഷൻ. അത് കുറച്ച് പെയിൻഫുൾ ആയിരുന്നു. ആ ഒരു പേടി കാരണം ഞാനിത് വീട്ടിൽ പറഞ്ഞില്ല.

സുധിച്ചേട്ടന്‍റെ മരണശേഷം ഒരിക്കല്‍ ഡോക്ടറെ കണ്ടപ്പോള്‍ സ്കാന്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സ്കാനിം​ഗ് റിസല്‍ട്ട് കണ്ട് സംശയം തോന്നിയപ്പോള്‍ മാമ്മോ​ഗ്രാം ചെയ്യാന്‍ അദ്ദേഹം പറഞ്ഞു. മാമ്മോ​ഗ്രാമിലും സംശയം തോന്നിയപ്പോഴാണ് ബയോപ്സി ചെയ്യാന്‍ നിര്‍ദേശിക്കുന്നത്. അതിന്‍റെ റിസൾട്ടും ഞാൻ ഒറ്റയ്ക്ക് ചെന്നാണ് മേടിച്ചത്. അപ്പോള്‍ എന്നോട് പറഞ്ഞു കാൻസർ ആണെന്ന്. ഞാൻ ഒന്നും മിണ്ടിയില്ല. ആ റിസൾട്ട് വീട്ടിൽ കൊണ്ട് രണ്ടു മൂന്ന് ദിവസം ഭദ്രമായിട്ട് വച്ച് ഒരു മനുഷ്യനോടും പറഞ്ഞില്ല. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നെ മെഡിക്കല്‍ കോളെജിലും പരിശോധിച്ചു. മെഡിക്കല്‍ കോളെജിലും കാന്‍സര്‍ ആണെന്നത് സ്ഥിരീകരിച്ചു. മൂന്നാമത്തെ സ്റ്റേജ് കഴിയുന്ന ഘട്ടമായെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming