ചന്ദനമഴയിലെ മായാവതി എന്ന കഥാപാത്രത്തെക്കുറിച്ച് നടി കന്യ ഭാരതി സംസാരിക്കുന്നു. 

മലയാളം ടെലിവിഷൻ പ്രേക്ഷകർ ഏറ്റെടുത്ത സീരിയലായിരുന്നു ചന്ദനമഴ. അമൃത, വർഷ, അർജുൻ ദേശായി, മായാവതി, അഭിഷേക് ദേശായി, ഊർമിളാ ദേവി തുടങ്ങിയ കഥാപാത്രങ്ങളായിരുന്നു ചന്ദനമഴ സീരിയലിലെ പ്രധാനികൾ. അമൃതയും അർജുനും നായികയും നായകനുമായപ്പോൾ വർഷയും മായാവതിയുമായിരുന്നു വില്ലത്തികൾ. സീരിയൽ അവസാനിച്ചിട്ടും ഇന്നും സോഷ്യൽ മീഡിയയിലും മീമുകളിലും സീരിയൽ ഹിറ്റായി തുടരുകയാണ്. കന്യ ഭാരതിയാണ് മായാവതിയെ അവതരിപ്പിച്ചത്. ചന്ദനമഴ പോലൊരു സീരിയൽ മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ലെന്ന് കന്യ ഭാരതി പറയുന്നു. സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കന്യ. മായാവതിയുടെ ഐക്കോണിക് എക്സ്പ്രഷനും കന്യ അഭിനയിച്ചു കാണിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''മായാവതിയുടെ പേരിൽ എത്രയോ പേർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. എന്റെ മോൾ എനിക്ക് കാണിച്ചുതരും. മോൾ അന്ന് തീരെ കുഞ്ഞായിരുന്നു. ഇപ്പോൾ അവളത് കാണുമ്പോൾ എന്താ അമ്മേ ഈ കാണിച്ചുവെച്ചിരിക്കുന്നത് എന്നൊക്കെ ചോദിക്കാറുണ്ട്. പക്ഷേ, ഞാൻ ഹാപ്പിയാണ്. കാരണം അതുപോലൊരു കഥാപാത്രം നമുക്ക് എപ്പോഴും കിട്ടില്ല. നെഗറ്റീവും പൊസിറ്റീവും കോമഡിയും എല്ലാം ചേർന്ന കഥാപാത്രമായിരുന്നു അത്. ചന്ദനമഴ പോലെ ഹിറ്റായ ഒരു സീരിയൽ കേരളത്തിൽ വേറെയില്ല. മായാവതി എന്ന കഥാപാത്രം ചെയ്യാനായതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. അത്രയും വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്യാൻ പറ്റി'', കന്യ ഭാരതി പറഞ്ഞു.

നിരവധി സിനിമകളിലും അതിലധികം സീരിയലുകളിലുമായി ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിട്ടുള്ള താരമാണ് കന്യ ഭാരതി. സിനിമകളിൽ പ്രമുഖ നായകന്മാർക്കൊപ്പം അഭിനയിച്ചെങ്കിലും മിനി സ്‌ക്രീനിലാണ് കന്യ തിളങ്ങിയത്. മലയാളം സീരിയലുകളിൽ തുടങ്ങി തെലുങ്ക്, കന്നട, തമിഴ് ഭാഷകളിൽ അഭിനയ രംഗത്തും പ്രൊഡക്ഷൻ രംഗത്തുമെല്ലാം കന്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming