
മലയാളികൾക്ക് പ്രിയങ്കരനായ ടെലിവിഷൻ താരമാണ് റെയ്ജൻ രാജൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം എന്ന പരമ്പരയിലാണ് റെയ്ജൻ ഇപ്പോൾ അഭിനയിക്കുന്നത്. കഴിഞ്ഞ ആറ് വർഷമായി റെയ്ജൻ വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്ന് ഇഷ്ടം മാത്രം എന്ന സീരിയലിൽ റെയ്ജന്റെ നായികയായി അഭിനയിക്കുന്ന മൃദുല വിജയ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ജൂനിയർ ആർട്ടിസ്റ്റായ ഒരു സ്ത്രീയിൽ നിന്നാണ് റെയ്ജന് ഈ ദുരനുഭവം ഉണ്ടായതെന്നും വളരെ മോശമായ മെസേജുകളാണ് അയച്ചുകൊണ്ടിരുന്നതെന്നും മൃദുല പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് താരം.
''ആറ് വർഷമായി ഈ വനിതാ ജൂനിയർ ആർട്ടിസ്റ്റില്‍ നിന്നും റെയ്ജൻ ഈ ദുരനുഭവം നേരിടുന്നുണ്ട്. ലൊക്കേഷനിൽ വന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിക്കുന്ന അവസ്ഥ വരെ ഉണ്ടായി. ഇങ്ങനെയൊരു വ്യക്തി ലൊക്കേഷനിൽ വിന്ന് ഉപദ്രവിക്കുന്നുണ്ടെന്ന് പലരും സ്റ്റോറി ഇട്ടിട്ടു പോലും ആരും അതിനെതിരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഒരു പെണ്ണ് ഇത്തരത്തിൽ ഒരു വ്യാജ ആരോപണം ഉന്നയിച്ചാൽ പോലും അതിനെ പിന്തുണക്കാൻ ഒരുപാടു പേരുണ്ടാകും. ആറു വർഷമായി ഒരു പുരുഷൻ ഇതേ അവസ്ഥയിലൂടെ കടന്നുപോയപ്പോൾ പിന്തുണക്കാൻ ആരും ഉണ്ടായില്ല.
അതുകൊണ്ടാണ് ലൈവ് ആയി രണ്ടു സംഭവങ്ങൾ കണ്ട വ്യക്തി എന്ന നിലയ്ക്ക് സ്റ്റോറി ഇട്ട് ഞാൻ അദ്ദേഹത്തിനൊപ്പം നിന്നത്. ചില ഇൻഫ്ളുവൻസേഴ്സും മീഡിയയും അത് വാർത്തയാക്കി. കുറച്ചു പേരെങ്കിലും അത് ശ്രദ്ധിച്ചല്ലോ. കൂടെ നിൽക്കുന്ന ആളുകളെ പിന്തുണയ്ക്കാൻ നമുക്ക് മാത്രമല്ലേ പറ്റൂ. തുല്യത ഉണ്ടെങ്കിൽ പോലും പുരുഷൻമാർ പല കാര്യങ്ങളിലും ഇപ്പോഴും താഴെയാണ്. അവർക്കെതിരെയും സെക്ഷ്വൽ ഹരാസ്മെന്റ് ഉണ്ടാകുന്നുണ്ട്. ഈ വീഡിയോ കണ്ടതിനുശേഷം ഒരുപാടു പേർ എനിക്ക് മെസേജ് അയക്കുന്നുണ്ട്'', മൃദുല പറഞ്ഞു.