
30 വര്‍ഷമായി അഭിനയരംഗത്ത് സജീവമായിട്ടുള്ള നടിയാണ് ബീന ആന്റണി. മിനി സ്ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഭർത്താവും നടനുമായ മനോജ് കുമാറും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. ഇരുവരും ഒന്നിച്ചു പങ്കുവെക്കുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇരുവർക്കും ഒരു മകൻ ആണുള്ളത്. കണ്ണൻ എന്ന് വിളിക്കുന്ന ആരോമൽ. സ്കൂൾ പഠനം പൂർത്തിയാക്കി അനിമേഷൻ പഠിക്കുകയാണ് ആരോമല്‍ ഇപ്പോള്‍. ഒറ്റ മകനാണെങ്കിലും കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു തന്നെയാണ് തന്റെ മകൻ വളരുന്നതെന്ന് ബീന ആൻ്റണി പറയുന്നു.
"മോനിപ്പോൾ 19 വയസ്സായി. പ്ലസ് ടു കഴിഞ്ഞ് അനിമേഷൻ പഠിക്കുന്നതിനിടെ ഒരു ആറ് മാസം ഗ്യാപ്പ് ഉണ്ടായിരുന്നുന്നു. ഒരു ദിവസം അവൻ എന്നോട് വന്നിട്ട്, കാറ്ററിങ്ങിന്റെ വർക്കിന് പൊയ്ക്കോട്ടേ എന്ന് ചോദിച്ചു. ആദ്യം ഞാനൊന്നു ഞെട്ടിയെങ്കിലും പിന്നീട് കുഴപ്പമില്ല പൊയ്ക്കോ എന്ന് പറഞ്ഞു. നിന്നെ എല്ലാവരും അറിയുന്നതൊക്കെയാണ്, അതൊന്നും കുഴപ്പം ഇല്ലെങ്കിൽ പൊയ്ക്കോളൂ എന്നാണ് പറഞ്ഞത്. അവൻ ഒരു മൂന്നാലു തവണയൊക്കെ പോയി അഞ്ഞൂറും അറുന്നൂറും രൂപ ഒക്കെ കൊണ്ടുവന്നിട്ടുണ്ട്. അവന്റെ ഓരോ ആവശ്യങ്ങൾക്ക് എടുക്കട്ടേ എന്നൊക്കെ എന്നോട് വന്നു ചോദിക്കും.
സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞുപോയിട്ടുണ്ട്. ഇതൊന്നും ഒരു വലിയ കാര്യമല്ല. പക്ഷെ വേണമെങ്കിൽ എന്റെ മോൻ എന്തിനാണ് അങ്ങനെ പോകുന്നത് എന്നൊക്കെ എനിക്ക് ചിന്തിക്കാം. ഒരിക്കൽ തെസ്‌നീടെ (തെസ്നി ഖാൻ) ഉമ്മ എന്നോട് സങ്കടത്തോടെ വിളിച്ച് പറഞ്ഞിട്ടുണ്ട് എന്തിനാ ബീനേ, കൊച്ചിനെ ഇങ്ങനെ ഭക്ഷണം എടുത്തു കൊടുക്കാൻ ഒക്കെ വിടുന്നത് എന്ന്. അതിനിപ്പോൾ എന്താണുമ്മാ, അതൊക്കെ അവന്റെ പ്രായത്തിൽ അവനുണ്ടാക്കാൻ പറ്റുന്ന വരുമാനം അല്ലേ എന്നായിരുന്നു ഞാൻ തിരിച്ച് ചോദിച്ചത്", കൈരളി ടിവിയുടെ പരിപാടിയില്‍ പങ്കെടുക്കവെ ബീന ആന്റണി പറഞ്ഞു.