
ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശ്രദ്ധേയയായ മത്സരാർത്ഥിയായിരുന്നു നന്ദന. ഒരു കോമണറായാണ് നന്ദന ഹൗസിനുള്ളിലേക്ക് എത്തിയത്. ബിഗ്ബോസിൽ നന്ദനയുടെ സഹമൽസരാർത്ഥിയും സുഹൃത്തുമായ അഭിഷേക് ശ്രീകുമാറുമായി പ്രണയത്തിലാണോ എന്ന തരത്തിൽ നിരവധി ചോദ്യങ്ങൾ നന്ദനയുടെ വീഡിയോകൾക്കു താഴെ പ്രത്യക്ഷപ്പെടാറുണ്ട്. ഇതേക്കുറിച്ചെല്ലാം പ്രതികരിക്കുകയാണ് താരം. അഭിഷേക് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ പൂജാ ചടങ്ങുകള്‍ക്കെത്തിയ നന്ദന ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വെച്ചായിരുന്നു പൂജാ ചടങ്ങുകൾ നടന്നത്. ബിഗ് ബോസ് മുന്‍ താരങ്ങളടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
''കമന്റിടുന്ന ആളുകളുടെ പ്രത്യേക ശ്രദ്ധക്കു വേണ്ടി പറയുകയാണ്. ഇതെന്റെ സഹോദരനാണ്. ഞങ്ങൾ തമ്മിൽ കല്യാണം കഴിക്കില്ല. കമന്റ് സെക്ഷൻ മുഴുവൻ ഞങ്ങളെ കല്യാണം കഴിപ്പിക്കാൻ നടക്കുന്ന ആളുകളാണ്. ഇതെന്റെ ആങ്ങളയാണ് എന്ന് ഞാൻ വീണ്ടും ഉറപ്പിച്ചു പറയുകയാണ്. ആരും തെറ്റിദ്ധരിക്കണ്ട. എങ്കിലും കുറ്റം പറയുകയല്ല, ചില മീഡിയ ഇത്തരം കാര്യങ്ങൾ കൊടുക്കുന്ന രീതി ശരിയല്ല'', നന്ദന പറഞ്ഞു.
അടുത്തൊന്നും വിവാഹം ഉണ്ടാകില്ലെന്നും വീടു പണിയൊന്നും തുടങ്ങിയില്ലെന്നും നന്ദന അടുത്തിടെ യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. ''ആദ്യം വീട്, പിന്നെ കാറ് എന്നൊക്കെയായിരുന്നു. ആഗ്രഹം. പിന്നെ സാഹചര്യങ്ങളുടെ സമ്മർദം മൂലം ആദ്യം കാറെടുത്തു. ലോണെടുത്താണ് കാറ് വാങ്ങിയത്. ഇനി വീടിനെപ്പറ്റി ആലോചിക്കണം. അതൊക്കെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'', എന്നും നന്ദന പറഞ്ഞിരുന്നു. തന്റെ പ്രണയത്തെ കുറിച്ച് വീട്ടുകാർക്കൊക്കെ അറിയാമെന്നും എന്നാൽ വിവാഹം എന്നാണെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും നന്ദന പറഞ്ഞിരുന്നു.