'ജാനകിയമ്മയെ ഓര്‍ക്കുമ്പോള്‍ എന്‍റെ മനസിലേക്ക് ആദ്യം വരുന്നത്'; നവാസിന്‍റെ വേദികളെക്കുറിച്ച് നിയാസ് ബക്കര്‍

Published : Jul 13, 2026, 07:35 PM IST
niyas backer remembers s janaki and his brother kalabhavan navas

Synopsis

ഇതിഹാസ ഗായിക എസ് ജാനകിയുടെ വിയോഗത്തിൽ നടൻ നിയാസ് ബക്കർ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധ നേടുന്നു

കഴിഞ്ഞ ദിവസമാണ് ഇതിഹാസ ഗായിക എസ് ജാനകി അന്തരിച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ‍യായിരുന്നു മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് എസ് ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ എസ് ജാനകിയെക്കുറിച്ച് നടൻ നിയാസ് ബക്കർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. നിയാസിന്റെ സഹോദരനും അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് നിരവധി വേദികളിൽ‌ ജാനകിയുടെ ശബ്ദം അനുകരിച്ചിരുന്നു. നവാസുമായി ബന്ധപ്പെട്ട ഓർമകളെക്കൂടി ചേർത്താണ് നിയാസ് ബക്കറിന്റെ കുറിപ്പ്.

''ജാനകിയമ്മയെ ഓർക്കുമ്പോൾ... ചില ശബ്ദങ്ങൾ ഒരിക്കലും മരിക്കില്ല. കാലം കടന്നുപോയാലും അവ നമ്മുടെ ഓർമ്മകളിലും വികാരങ്ങളിലും ജീവിച്ചുകൊണ്ടിരിക്കും. അങ്ങനെയൊരു അനശ്വര ശബ്ദമായിരുന്നു ജാനകിയമ്മയുടേത്. ജാനകിയമ്മയെ ഓർക്കുമ്പോഴെല്ലാം എന്റെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത്, ആ ദിവ്യശബ്ദത്തെ അത്ഭുതകരമായി അനുകരിച്ച് അനേകം വേദികളിൽ കൈയടി നേടിയ എന്റെ പ്രിയ അനുജൻ നവാസ് ആണ്. ജാനകിയമ്മയുടെ പാട്ടുകൾ അവൻ പാടുമ്പോൾ, ആ ശബ്ദത്തിന്റെ ആത്മാവ് തന്നെ വേദിയിലിറങ്ങിയതുപോലെ തോന്നിയ നിമിഷങ്ങൾ ഇന്നും മനസിലുണ്ട്. ഇരുവരുടേയും വേർപാട് ഹൃദയത്തിൽ ഒരേപോലെ ശൂന്യത സൃഷ്ടിക്കുന്നു. പക്ഷേ, ചിലർ ഈ ലോകത്തുനിന്ന് യാത്രയായാലും അവർ സമ്മാനിച്ച സംഗീതവും ഓർമ്മകളും ഒരിക്കലും മാഞ്ഞുപോകില്ല. ജാനകിയമ്മയുടെ ഗാനങ്ങളും ജവാസിന്റെ അവതരണങ്ങളും എന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കും. ആ അനശ്വര ശബ്ദത്തിനും പ്രിയ ജാനകിയമ്മയ്ക്കും കണ്ണീരിൽ നനഞ്ഞ ആദരാഞ്ജലികൾ...'', എന്നാണ് നിയാസ് ബക്കർ ഫെയ്സ്ബുക്കിൽ കുറിച്ചത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ഗായികയാണ് ആന്ധ്രപ്രദേശ് സ്വദേശിയായ എസ് ജാനകി. 17 ഭാഷകളിൽ ജാനകി പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ ലഭിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. 2013 ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ജാനകി അത് നിരസിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'പ്രിയപ്പെട്ട മഞ്ഞപത്രം ക്ഷമിക്കണം, ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ പരസ്പരം വിശ്വസ്തരായി തുടരും..'; വ്യാജവാർത്തകൾക്കെതിരെ സൗഭാഗ്യ
'ഈ യാത്രയിൽ എന്നിൽ വിശ്വാസമർപ്പിച്ചവർക്ക് നന്ദി..'; ഉപ്പും മുളകിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് സിദ്ധാർത്ഥ്