
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരകയായി തുടക്കം കുറിച്ച പേളി മലയാളികൾക്ക് ഏറെ സുപരിചിതയാകുന്നത് ബിഗ് ബോസ് മലയാളത്തിലൂടെയാണ്. സഹമത്സരാർത്ഥിയായിരുന്ന ശ്രീനിഷുമായുള്ള പ്രണയവും പിന്നീടുള്ള ഇവരുടെ വിവാഹവുമെല്ലാം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇന്ന് ‘പേളി മാണി ഷോ’ എന്ന പേരിൽ സ്വന്തമായൊരു യുട്യൂബ് പ്രോഗ്രാം നടത്തി തെന്നിന്ത്യയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന അവതാരകയായി മാറിയിരിക്കുകയാണ് പേളി. മക്കളായ നിതാര, നില എന്നിവരുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാം പേളി സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. പേളിയെപ്പോലെ തന്നെ പേളിയുടെ മക്കൾക്കും ആരാധകർ ഏറെയുണ്ട്. മക്കളെക്കുറിച്ച് പേളി പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
''ഞാന്‍ ദൈവത്തോട് ഉപാധികളില്ലാത്ത സ്‌നേഹം ചോദിച്ചു. അവിടുന്ന് എനിക്ക് മക്കളായി രണ്ട് മാലാഖമാരെ നല്‍കി. ജീവിതയാത്രയ്ക്കിടയില്‍ ഞാന്‍ എന്റേതായ ഒരു ചെറിയ ലോകം കൂടി സൃഷ്ടിച്ചു. ആകാശത്തിന് എപ്പോഴും നീലനിറമുള്ള, പുല്‍നാമ്പുകള്‍ക്ക് എപ്പോഴും പച്ചനിറമുള്ള, മറ്റെല്ലാം പിങ്ക് നിറമുള്ളൊരു ലോകം... ചെറിയ കുഞ്ഞുടുപ്പുകളും, ചീകിയൊതുക്കാത്ത മുടിയും, ഉറക്കെയുള്ള ചിരികളും, തീരാത്ത ചോദ്യങ്ങളും, നിനക്കാത്ത നേരത്തെത്തുന്ന ആലിംഗനങ്ങളും, കൊച്ചു വഴക്കുകളും, വലിയ വികാരങ്ങളും നിറഞ്ഞൊരു ലോകം.
എന്റെ ശരീരത്തിന് പുറത്തുള്ള എന്റെ ഹൃദയം തന്നെയാണതെന്ന് അവർ പോലും അറിയുന്നുണ്ടാകില്ല... ചിലപ്പോള്‍ അവരെ നോക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്... എങ്ങനെയാണ് എനിക്കിത്രയും ഭാഗ്യം ലഭിച്ചത്? അവര്‍ വളരുന്നത് കാണാന്‍... അവരുടെ കൊച്ചു കൊച്ചു വലിയ ജീവിതങ്ങളില്‍ കൈ പിടിച്ചു കൂടെ നടക്കാന്‍...
എന്റെ സാധാരണ ദിവസങ്ങളെപ്പോലും മായാജാലമാക്കുന്ന രണ്ട് കൊച്ചു മാലാഖമാർ ആണവർ. എന്റെ ജീവിതത്തിലെ ഒരു അധ്യായം എന്നെന്നേക്കുമായി ഫ്രീസ് ചെയ്തുവെക്കാന്‍ സാധിക്കുമെങ്കില്‍, അത് ഈ നിമിഷം പോലെയിരിക്കും'', എന്നാണ് മക്കൾക്കൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് പേളി കുറിച്ചത്.