'ആ ട്രക്ക് എങ്ങനെ അവിടെയെത്തി? കല്ലെറിഞ്ഞത് സമരക്കാരല്ല'; ഡൽഹിയിലെ അനുഭവം വിവരിച്ച് രഞ്ജിനി ഹരിദാസ്

Published : Jul 23, 2026, 03:26 PM IST
Ranjini Haridas

Synopsis

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ നടന്ന വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തതിനെക്കുറിച്ചുള്ള അനുഭവങ്ങൾ രഞ്ജിനി ഹരിദാസ് പങ്കുവെക്കുന്നു. പോലീസ് അതിക്രമങ്ങളെയും പ്രകോപനങ്ങളെയും നേരിട്ട്, അച്ചടക്കത്തോടെയും ധൈര്യത്തോടെയും സമാധാനപരമായി സമരം ചെയ്ത യുവതലമുറയെ അവർ പ്രശംസിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കോക്രോച്ച് ജനത പാർട്ടിയുടെ നേൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരത്തിന് പിന്തുണയുമായി കേരളത്തിൽ നിന്നും രഞ്ജിനി ഹരിദാസ് അടക്കമുള്ളവർ സമരവേദിയിൽ എത്തിയിരുന്നു. കേരളത്തിൽ തിരിച്ചെത്തിയതിനു ശേഷം ഈ വിഷയത്തിൽ തന്റെ അനുഭവങ്ങളും അഭിപ്രായവും പങ്കുവെയ്ക്കുകയാണ് താരം.

''ഈ വിഷയത്തിൽ ചുരുങ്ങിയത് അറുപതോളം സ്റ്റോറിയെങ്കിലും ഞാൻ ഇട്ടിട്ടുണ്ടാകും. ഇവിടെയിരുന്നിട്ട് സമാധാനം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഡൽഹിക്ക് പോകാമെന്ന് തീരുമാനിച്ചത്. സമരത്തിൽ പങ്കെടുക്കാൻ വരുന്നവരെ എങ്ങനെയെങ്കിലും അവിടെ എത്തിക്കാതിരിക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നിട്ടുപോലും അവിടെയെത്തിയ ജനക്കൂട്ടം ഒന്നു കാണണമായിരുന്നു.

അവരുടെ ആളുകളും സമരക്കാരുടെ കൂടെ ഉണ്ട്. ഒരു ട്രക്ക് നിറച്ചും കല്ലുകൾ ഇരിക്കുന്ന വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാകും. ആരാണ് അതവിടെ കൊണ്ടുവന്നതെന്ന് സമരക്കാർ തന്നെ ചോദിച്ചിരുന്നു. സമരക്കാർ എറിയുന്നതെന്നു പറഞ്ഞ് ചില വീഡിയോകളും പ്രചരിപ്പിച്ചു. യഥാർത്ഥത്തിൽ ആരാണ് കല്ലെറിഞ്ഞത്?. പോലീസുകാർ വെറുതേ നടന്നുപോകുമ്പോൾ പോലും ഒരു കാരണവുമില്ലാതെ കല്ലെടുത്തെറിയുന്നതും ഞാൻ കണ്ടു, യാതൊരു പ്രകോപനവും കൂടാതെ.

തികച്ചും വ്യത്യസ്തമായ ഒരു തലമുറ തന്നെയാണ് ഇത്. അവിടെ പാട്ടും ഡാൻസും മുദ്രാവാക്യം വിളികളുമെല്ലാം ഉണ്ടായിരുന്നു. നമ്മുടെ യുവാക്കളെ അങ്ങനെ കണ്ടപ്പോൾ വളരെയധികം പ്രതീക്ഷയാണ് തോന്നിയത്. ഈ നാൽപതു വയസിൽ പോലും എനിക്കില്ലാത്ത ധൈര്യം അവരിൽ ഞാൻ കണ്ടു. കുട്ടികളൊക്കെ നിന്ന് അടി വാങ്ങുകയായിരുന്നു. ഒരു പെൺകുട്ടിയുടെ നില വളരെയധികം ക്രിട്ടിക്കലാണ് എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ജെൻസി കുട്ടികളെക്കുറിച്ച് ഞാനടക്കം പലരും പല കുറ്റങ്ങളും പറഞ്ഞിട്ടുണ്ട്, അവർ മടിയൻമാരാണ്, ഒരു കാര്യത്തിലും പ്രതിബദ്ധത ഇല്ലാത്തവരാണ് എന്നൊക്കെ. 'കൂൾ' എന്ന വാക്കിന് ഒരു നിർവചനം ഉണ്ടെങ്കിൽ അത് അവരാണ്. അവരുടെ ധൈര്യം സമ്മതിച്ചുകൊടുക്കേണ്ടതാണ്. അടിയൊക്കെ നിന്നുകൊള്ളാം എന്നതരം ആറ്റിറ്റ്യൂഡ് ആണ് അവർക്ക്. എന്നിട്ട് വീണ്ടും വന്ന് പാട്ടു പാടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യും. നല്ല മര്യാദയുള്ളവരാണ്. നമ്മളെ അടിക്കാൻ വന്നാലും തിരിച്ചടിക്കരുത് എന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്. അവിടെ ക്ലാസിസമോ മതമോ സെക്സിസമോ ഒന്നും ഇല്ല. ഒരു നോട്ടം കൊണ്ടുപോലും ആരും നമ്മളോട് മോശമായി പെരുമാറില്ല. അവരുടെ മറ്റൊരു ഗുണം ടെക്നോളജി നന്നായി ഉപയോഗിക്കാൻ അറിയാം എന്നതായിരുന്നു. എല്ലാ കാര്യങ്ങളും അവർ‌ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്.

പ്രതിപക്ഷപാർട്ടികളൊക്കെ എത്താൻ വൈകിപ്പോയി എന്നാണ് എനിക്ക് പറയാൻ ഉള്ളത്. എന്തുകൊണ്ട് അവർ നേരത്തേ ഇറങ്ങിയില്ല? ഈ കുട്ടികൾ ഇത്രയും അനുഭവിച്ചതിനു ശേഷമാണോ വരുന്നത്? ഇതിനെ രാഷ്ട്രീയവത്കരിക്കുന്നത് സമരക്കാരല്ല, മറ്റുള്ളവരാണ്. തങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തുന്നവരെ സിജെപി സ്വാഗതം ചെയ്യുന്നു. അത്രയുമേ അവിടെ നടക്കുന്നുള്ളൂ. എല്ലാവരും അവരുടെ രാഷ്ട്രീയം മാറ്റിവെച്ച് യഥാർത്ഥ പ്രശ്നം മനസിലാക്കൂ.

നമ്മുടെ ഉള്ളില്‍ ഒരു ഉലച്ചില്‍ ഉണ്ടാകുമ്പോഴാണ് ഇതിന്റെയൊക്കെ ഭാഗമാകുന്നത്. വിദ്യാര്‍ത്ഥികളുടെ സമരത്തിനൊപ്പം അവസാനം വരെ ഉണ്ടാകും. മാറ്റത്തിനായി നമ്മള്‍ ശബ്ദം ഉയര്‍ത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കുറേ ആളുകള്‍ കയ്യടിക്കും, കുറേ പേര്‍ വിമര്‍ശിക്കും. അത് എന്നെ ബാധിക്കില്ല. സമരത്തിനൊപ്പം ഇനിയും ഉണ്ടാകും. തീയില്‍ കുരുത്തതാണ്'', രഞ്ജിനി വീ‍ഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'പ്രാണികളെ പിന്തുണയ്ക്കുന്നില്ലെന്ന കാരണത്താൽ ഇങ്ങനെ ചെയ്യുന്നത് ക്രൂരത'; പ്രതികരിച്ച് ദിയ കൃഷ്ണ
'ഞാൻ അതുപോലെയല്ല, ആഭരണങ്ങൾ തീരെ ഇഷ്ടമല്ല..'; ചന്ദനമഴയിലെ ഊർമിളാദേവി പറയുന്നു