
ബിഗ്ബോസ് മലയാളം സീസൺ 7 ൽ ഫാമിലി വീക്ക് ആണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. മത്സരാർത്ഥികൾ എല്ലാവരുടേയും വീട്ടുകാരും ബിഗ് ബോസ് ഹൗസിൽ എത്തിയിരുന്നു. മത്സരാർത്ഥികളിൽ ഒരാളായ ആര്യന്റെ അമ്മയും സഹോദരനും ആയിരുന്നു ബിഗ് ബോസ് വീട്ടിൽ എത്തിയിരുന്നത്. ഇവരുടെ പോസ്റ്റീവ് വൈബ് പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ആര്യന്റെ അമ്മയെക്കുറിച്ചുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഈ സീസണിലെ മൽസരാർത്ഥികളിൽ ഒരാളായിരുന്ന റെന ഫാത്തിമ.
''അണ്ടർ റേറ്റഡ് ആയ ഒരാളാണ് ആര്യന്റെ അമ്മ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാവരും ഷാനവാസ് ഇക്കയുടെ മോളെപ്പറ്റിയും അനീഷ് ചേട്ടന്റെ കുടുംബത്തെപ്പറ്റിയുമൊക്കെ സംസാരിക്കുന്നുണ്ട്. പക്ഷേ, എന്റെ ഫേവറിറ്റ് ആര്യന്റെ അമ്മയാണ്. അവർ വളരെ നല്ലവരാണ്. മറ്റുള്ളവരോട് സഹാനുഭൂതി ഉള്ളയാളാണ്. ഒരു ചൈതന്യം പ്രസരിപ്പിക്കുന്നയാളാണ്. മൊത്തത്തിൽ ഒരു ബ്യൂട്ടിഫുൾ പേഴ്സണാലിറ്റിയാണ്. എനിക്ക് പേഴ്സണലി ഇഷ്ടമായത് ആര്യന്റെ ഫാമിലി റൗണ്ട് ആണ്. ജിസേലിന്റെ അമ്മയുടെ ആറ്റിറ്റ്യൂഡും അക്ബർ ഇക്കയുടെ ഷെറിനെയും ഷാനവാസ് ഇക്കയുടെ മോളെയും നൂബിൻ ചേട്ടനെയും അങ്ങനെ എല്ലാവരെയും ഇഷ്ടപ്പെട്ടു. പക്ഷേ ഏറ്റവും അണ്ടർ റേറ്റഡ് ആയി തോന്നിയത് ആര്യന്റെ അമ്മയാണ്'', റെന ഫാത്തിമ പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും പ്രായം കുറഞ്ഞ മൽസരാർത്ഥിയായിരുന്നു റെന ഫാത്തിമ. ഷോ അമ്പത് ദിവസം പിന്നിട്ടതിനു പിന്നാലെയാണ് റെന പുറത്തായത്. കോഴിക്കോട് സ്വദേശിയായ റെന എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു റിയാക്ഷൻ വീഡിയോ ചെയ്യുന്നത്. അപ്രതീക്ഷിതമായി ആ വീഡിയോ തരംഗമാകുകയായിരുന്നു. പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയിൽ റെന സജീവമായി. വീട്ടുകാരും റെനയെ പിന്തുണച്ചു. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് റെന ആലിബ് എന്നയാളുമായി പ്രണയത്തിലാകുന്നത്. പ്രണയം വീട്ടിൽ തുറന്ന് പറയുകയും ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാർ അംഗീകരിച്ച് ഉറപ്പിക്കുകയും ചെയ്‍തു. വിവാഹം ഉറപ്പിച്ച ശേഷം പിന്നീട് ആലിബും റെനയോടൊപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇരുവരും ഒരുമിച്ച് മണാലിയിൽ പോയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഫാഷൺ വ്‌ളോഗുകളും ഡെയിലി വ്‌ളോഗുകളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതിനിടെയാണ് റെനക്ക് ബിഗ്ബോസിൽ നിന്നുമുള്ള വിളിയെത്തുന്നത്.