പ്രസവാനന്തരം തനിക്കുണ്ടായ മാനസിക സംഘർഷങ്ങൾക്കിടയിൽ അമ്മയോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും, എന്നാൽ ആ സമയത്തെല്ലാം അമ്മ തന്നെ ചേർത്തുനിർത്തുകയാണുണ്ടായതെന്നും സൗഭാഗ്യ വികാരാധീനയായി വെളിപ്പെടുത്തി
സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ് . നിരവധി ആരാധകരുള്ള നർത്തകിയും നടിയുമാണ് സൗഭാഗ്യയുടെ അമ്മ താര കല്യാണും. താരയുടെ അമ്മ അന്തരിച്ച സുബ്ബലക്ഷ്മി, അന്തരിച്ച ഭർത്താവ് രാജാറാം, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുൻ എന്നിവരെല്ലാം നിരവധി ആരാധകരെ സമ്പാദിച്ച താരങ്ങളാണ്.
ഇപ്പോഴിതാ ഒരു ചാനൽ പരിപാടിക്കിടെ അമ്മ താര കല്യാണിനെക്കുറിച്ച് സൗഭാഗ്യ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. അമ്മയുടെ സ്നേഹത്തെക്കുറിച്ചാണ് സൗഭാഗ്യ വീഡിയോയിൽ പറയുന്നത്. ഏറെ വികാരാധീനയായാണ് സൗഭാഗ്യ സംസാരിക്കുന്നത്. സൗഭാഗ്യ പറയുന്നതു കേട്ട് താരയുടെ കണ്ണു നിറയുന്നതും വീഡിയോയിൽ കാണാം.
"പ്രസവത്തിനു ശേഷം പലർക്കും പോസ്റ്റ്പാർട്ടം ഡിപ്രഷനും മൂഡ് സ്വിങ്ങ്സുമൊക്കെ വരുമല്ലോ. എന്റെ ആ സൈഡ് കണ്ടിട്ടുള്ളത് അമ്മ മാത്രമാണ്. ഭർത്താവോ ഭർത്താവിന്റെ വീട്ടുകാരോ പോലും കണ്ടിട്ടില്ല. എന്റെ ഏറ്റവും മോശം വേർഷൻ കണ്ടിട്ടുള്ളത് എന്റെ അമ്മ മാത്രമാണ്. എന്തു ചെയ്താലും നമ്മൾ കളയില്ലാത്ത ഒരേയൊരാൾ, ശല്യമാണെന്നു വിചാരിക്കാത്ത ഒരേയൊരാൾ നമ്മുടെ അമ്മയായിരിക്കുമല്ലോ. ആ സമയത്ത് ഞാൻ അമ്മയുടെ അടുത്ത് കുറച്ചധികം ദേഷ്യത്തോടെ സംസാരിക്കുകയും പെരുമാറുകയുമൊക്കെ ചെയ്തിട്ടുണ്ട്."
"അമ്മ ഓരോ തവണയും എന്നെ ചേർത്തുനിർത്തിയിട്ടേയുള്ളൂ. എന്നെ കളഞ്ഞില്ല. അത് മന:പൂർവം ചെയ്തതല്ല. മൂഡ് സ്വിങ്ങ്സ് കൊണ്ടും പലപല കാരണങ്ങൾ കൊണ്ടും ചെയ്തതാണ്. അമ്മ ചെയ്തത് തെറ്റാണോ എന്നൊക്കെ ആ സമയത്ത് അമ്മ സ്വയം വിചാരിച്ചിട്ടുണ്ടാകും. പക്ഷേ അതല്ലായിരുന്നു കാരണം. ഈ വേദിയിൽ വെച്ച് അതിനെല്ലാം സോറി പറയുകയാണ്", എന്നാണ് സൗഭാഗ്യ പറയുന്നത്. ഇതിനു ശേഷം ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.



