
അന്തരിച്ച ഹാസ്യ കലാകാരന്‍ കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധി തന്‍റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോ വലിയ ജനശ്രദ്ധ നേടിയിരുന്നു. ബാല്യം മുതല്‍ തനിക്ക് കടന്നുപോകേണ്ടിവന്ന പ്രയാസകരമായ ചുറ്റുപാടുകളെക്കുറിച്ചാണ് കിച്ചു സുധി പറഞ്ഞത്. ഒരു ഘട്ടത്തില്‍ അച്ഛന്‍ മാത്രമാണ് തന്നോട് സംസാരിച്ചിരുന്നതെന്ന് പറയുന്ന കിച്ചു അച്ഛന്‍റെ മരണശേഷം നേരിട്ട പ്രതിസന്ധികളെക്കുറിച്ചും പറയുന്നുണ്ട്. ഈ വീഡിയോ വന്നതിന് ശേഷം തന്നെ നെഗറ്റീവ് ആയി അവതരിപ്പിക്കുന്ന വീഡിയോകള്‍ സ്ഥിരമായി പുറത്തുവരുന്നതിന്‍റെ സങ്കടം പങ്കുവച്ചുകൊണ്ട് രേണു സുധി ഒരു വീഡിയോ ചെയ്തിരുന്നു. എന്നാല്‍ അതില്‍ കിച്ചുവിന്‍റെ പ്രതികരണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. ഇപ്പോഴിതാ അതേക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് രേണു സുധി. ഇതുവരെ പറയാത്ത കാര്യങ്ങള്‍ തനിക്കുമുണ്ടെന്നും അത് പറയിപ്പിക്കരുതെന്നും രേണു സുധി പറയുന്നു.
ഒരുപാട് പേര്‍ എന്നെ വിളിച്ചു, എന്‍റെ വീഡിയോ കണ്ടിട്ട്. ഓകെ ആണോ എന്ന് ചോദിച്ചു. ഞാന്‍ ഇപ്പോഴും ദുബൈയില്‍ തന്നെയാണ്. ഞാന്‍ ഓകെയാണ്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം മൂലകാരണം എന്താണെന്ന് ഞാന്‍ ചിന്തിച്ചു. അപ്പോഴാണ് ഞാന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് കണ്ടത്. നിരവധി പേരെ തകര്‍ക്കുന്ന ഒരു സ്ത്രീ. പ്രത്യേകിച്ച് എന്നെ ടാര്‍ഗറ്റ് ചെയ്യുന്ന ഒരു സ്ത്രീ. നിങ്ങളില്‍ പലരും കണ്ടുകാണും. അത് കണ്ടപ്പോള്‍ എനിക്ക് ഏകദേശമൊക്കെ മനസിലായി. എനിക്ക് ആരോടും പിണക്കങ്ങളോ പരിഭവങ്ങളോ ഒന്നുമില്ല. ഞാന്‍ എല്ലാമൊന്നും പറഞ്ഞിട്ടില്ല. ഞാന്‍ പറയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഇത് ഇവിടെയെങ്ങും തീരില്ല. അറിയുന്നവര്‍ക്ക് അറിയാം. ഞാന്‍ ഒരുപാട് അനുഭവിച്ചിട്ട് തന്നെയാണ് ഇവിടെ നില്‍ക്കുന്നതും. ചേട്ടന്‍ ഉള്ളപ്പോഴും ചേട്ടന്‍ മരിച്ചപ്പോഴും എല്ലാം. പക്ഷേ അതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും എന്‍റെ കുറ്റം കാണാനാണ് നേരം. എനിക്കന്ന് 23- 24 വയസേ ഉള്ളൂ. 11 വയസുള്ള ഒരു കുട്ടിയുടെ അമ്മയായിട്ട് പൂര്‍ണ്ണമായും മാറിയിട്ടാണ് ഞാന്‍ അവരെ സ്വീകരിച്ചത്. ഇന്ന് ഈ നിമിഷം വരെ ഞാന്‍ ഉപദ്രവിച്ചിട്ടില്ല. അങ്ങനെ ഉപദ്രവിച്ചവരും ഉണ്ട് ആ കുട്ടിയെ. കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്, ചേട്ടന്‍റെ വായില്‍ നിന്ന് തന്നെ. ഞാന്‍ ഇന്ന് വരെ അത് ചെയ്തിട്ടില്ല. പിന്നെ എന്താണ് എന്നെ കുറ്റപ്പെടുത്തുന്നതെന്ന് എനിക്ക് അറിയില്ല. എഫ്ബിയിലെ ആ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് മനസിലായി ആരാണ് എവിടെയാണ് പ്രശ്നം ഉണ്ടാക്കിയതെന്ന്. മിനിയാന്ന് വരെയും പതിവുപോലെ കോണ്ടാക്റ്റ് ചെയ്യുകയും ആവശ്യമുള്ളത് കൊടുക്കുകയും ഒക്കെ ചെയ്ത ഒരു അമ്മയാണ് ഞാന്‍. പിന്നെ എന്താണ് ഇവിടെ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. മൊത്തത്തില്‍ ആശയക്കുഴപ്പത്തിലാണ് ഞാന്‍. എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എന്‍റെ ലൈഫ് സ്റ്റോറി പറഞ്ഞുകഴിഞ്ഞാല്‍ ഇവിടെയെങ്ങും തീരില്ല. എന്നെക്കൊണ്ട് അതൊന്നും പറയിപ്പിക്കരുത്. പ്ലീസ്.