'മുൻപ് കറി പൗഡർ വിൽക്കാൻ പോയിട്ടുണ്ട്, ഞാനും സുധി ചേട്ടനും ജീവി‌ച്ച് തുടങ്ങിയിരുന്നില്ല, അപ്പോഴേക്കും..'; തുറന്നുപറഞ്ഞ് രേണു സുധി

Published : Apr 02, 2026, 09:19 AM IST
Renu Sudhi about her husband kollam sudhi

Synopsis

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി, സമീപകാല സൈബർ ആക്രമണങ്ങൾക്ക് ശേഷം തൻ്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. പഠനശേഷം കറി പൗഡർ വിൽക്കാൻ പോയതുൾപ്പെടെയുള്ള കഷ്ടപ്പാടുകൾ അവർ വിവരിച്ചു. Renu Sudhi talks about her life stuggles and demise of her husband artist Kollam Sudhi.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ തുറന്നുപറച്ചിലുകൾ വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. രേണുവുമായുള്ള ആകെ ബന്ധം പണത്തിന്റെ ആവശ്യത്തിനായി വിളിക്കുന്നതാണെന്നും അച്ഛൻ മരിച്ച്, മൃതദേഹം കാണാൻ പോകുന്ന സമയത്ത് ചിലർ ആഘോഷ മൂഡിലായിരുന്നുവെന്നും കിച്ചു തുറന്നുപറഞ്ഞിരുന്നു. ഇതേത്തുടർന്ന് രേണു സുധിക്കെതിരെ വലിയ രീതിയിലുള്ള സൈബർ അറ്റാക്കുകളും, അധിക്ഷേപങ്ങളും അരങ്ങേറുകയുണ്ടായി. എന്നാൽ രേണു സുധി ആ സമയത്ത് വീട്ടിലായിരുന്നുവെന്ന് കിച്ചു പിന്നീട് തുറന്നുപറഞ്ഞിരുന്നു. തുടർന്ന് രേണുവും തന്റെ ഭാഗം വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ താൻ ജീവിതത്തിലെ കടന്നുവന്ന വഴികളെ കുറിച്ച് രേണു പറഞ്ഞ വാക്കുളാണ് ചർച്ചയാവുന്നത്.

പഠനത്തിന് ശേഷം താൻ കറി പൗഡർ വിൽക്കാൻ പോയിട്ടുണ്ടെന്നും, അത്തരത്തിലുള്ള പിള്ളേരെ കാണുമ്പോൾ തനിക്ക് ഇപ്പോഴും വിഷമമാവാറുണ്ടെന്നും രേണു സുധി പറയുന്നു. താനും കൊല്ലം സുധിയും ജീവിച്ചുതുടങ്ങിയിരുന്നില്ലെന്നും അപ്പോഴേക്കും അദ്ദേഹം മരിച്ചുപോയെന്നും രേണു സുധി പറയുന്നു. സുധിയുടെ മരണ ശേഷം കൂടെയുണ്ടായിരുന്നവരാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതെന്നും രേണു സുധി പറയുന്നുണ്ട്.

"പ്ലസ് വൺ, പ്ലസ് ടു ഹ്യുമാനിറ്റീസാണ് പഠിച്ചത്. ശേഷം ബാം​ഗ്ലൂരിൽ ജനറൽ നഴ്സിങിന് ചേർന്നു. നഴ്സിങ് പഠിക്കാനുള്ള ആ​ഗ്രഹം കൊണ്ടല്ല ബാം​ഗ്ലൂർ കാണാനുള്ള ആ​ഗ്രഹം കൊണ്ടാണ് അവിടെ പോയി ചേർന്നത്. പിന്നീട് എനിക്ക് മനസിലായി നഴ്സിങ് എനിക്ക് പറ്റുന്നതല്ലെന്ന്. ആദ്യം ഫണ്ടമെന്റൽസും മൈക്രോബയോളജിയുമെല്ലാം എഴുതി എടുത്തു. പക്ഷെ ഹോസ്പിറ്റൽ ഡ്യൂട്ടി കിട്ടി തുടങ്ങിയപ്പോൾ രക്തം കാണുമ്പോൾ തല കറങ്ങുന്ന സ്ഥിതിയായി. സ്റ്റിച്ച് കാണാൻ പറ്റാതെയായി. കത്തീറ്ററൈസേഷൻ പേടിയായി. ട്യൂബ് കാണുമ്പോൾ ഇറിറ്റേഷൻ തോന്നുമായിരുന്നു. ഒന്നര വർഷത്തോളം നഴ്സിങ് പഠിച്ചു. പിന്നീട് ഞാൻ അവസാനിപ്പിച്ച് തിരികെ വീട്ടിൽ വന്നു. ശേഷം കംപ്യൂട്ടർ എഞ്ചിനീയറിങ് ഡിപ്ലോമയ്ക്ക് ചേർന്നു. അതും പക്ഷെ സെറ്റായില്ല. സർട്ടിഫിക്കറ്റുകൾ ബാം​​ഗ്ലൂരാണ് ഇരിക്കുന്നത്. ഇതിനെല്ലാം ശേഷം കുറച്ച് കാലം സേവന കറി പൗഡർ വിൽക്കാൻ പോയി. മാഹിയിലായിരുന്നു ട്രെയിനിങും ജോലിയും. ബാ​ഗും തൂക്കി നടക്കുന്ന പിള്ളേരില്ലേ. അവരെ പോലെ ഞാനും കുറേക്കാലം നടന്നിട്ടുണ്ട്. അങ്ങനെയുള്ള പിള്ളേരെ കാണുന്നത് എനിക്ക് ഇപ്പോഴും വിഷമമാണ്. അവരെ കണ്ടാൽ വിളിച്ചിരുത്തി കാപ്പി കൊടുത്തിട്ടേ പറഞ്ഞ് അയക്കാറുള്ളു. ഫോൺ പോലും ആ സമയത്ത് ഉപയോ​ഗിക്കാൻ പറ്റില്ലായിരുന്നു. പിന്നെ അവിടെ നിന്നും ചാടി വന്ന് ഏവിയേഷന് ചേർന്നു. " രേണു സുധി പറയുന്നു.

‘ഒരു മാസം പോലും ആ ദാമ്പത്യം നിലനിന്നില്ല’

"അതിന് മുമ്പ് എനിക്ക് ഒരു വിവാഹ ജീവിതം ഉണ്ടായിരുന്നു. ഒരു മാസം പോലും ആ ദാമ്പത്യം നിലനിന്നില്ല. ആ പുള്ളിയെ പറ്റി വ്ലോ​ഗേഴ്സൊക്കെ കുത്തിപ്പൊക്കാറുണ്ട്. പക്ഷെ ഞാൻ എവിടേയും അവരെ കുറിച്ച് സംസാരിക്കാറില്ല. അവർ എന്നേ കുറിച്ച് എവിടേയും സംസാരിക്കാറില്ലല്ലോ. അ​​ദ്ദേഹം ഇപ്പോൾ വേറൊരു കുടുംബ ജീവിതം നയിക്കുകയാണ്. നിയമപരമായി വിവാഹം കഴിക്കും മുമ്പ് തന്നെ ആ ബന്ധം വേണ്ടെന്ന് വെച്ചിരുന്നു. ഏവിയേഷൻ പഠിച്ച് ട്രെയിനിങ് ചെയ്യുന്ന സമയത്താണ് സുധി ചേട്ടൻ ലൈഫിലേക്ക് വരുന്നത്. സുഭീഷ് ​ഗിന്നസ് എന്ന സ്ക്രിപ്റ്റ് റൈറ്ററാണ് എനിക്ക് സുധി ചേട്ടനെ പരിചയപ്പെടുത്തി തന്നത്. ആരാധക എന്ന നിലയിൽ പരിചയപ്പെട്ടതാണ്. അത് പിന്നീട് പ്രണയമായി. അ‍ഞ്ച് വർഷത്തോളം ഞങ്ങൾ ഒരുമിച്ച് ജീവിച്ചു. സ്നേഹം കൊണ്ട് അദ്ദേഹം നല്ലത് മാത്രമെ തന്നിട്ടുള്ളു. ലോക്ക് ഡൗൺ, വെള്ളപ്പൊക്കം എന്നിവയാണ് ഞങ്ങളുടെ ജീവിതത്തെ ബാധിച്ചത്. വീടിന് അഡ്വാൻസ് കൊടുത്തത് നഷ്ടപ്പെട്ടു. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടി. ഞാനും സുധി ചേട്ടനും ജീവി‌ച്ച് തുടങ്ങിയിരുന്നില്ല. അതിനായി ഒരുങ്ങുമ്പോഴാണ് മരണം സംഭവിച്ചത്. മാനസീകമായി തളർത്തി. അന്ന് ഒപ്പം നിന്നവരാണ് മുന്നോട്ട് ജീവിക്കാൻ എന്നെ പ്രേരിപ്പിച്ചത്." രേണു സുധി കൂട്ടിച്ചേർത്തു. അമ്മ ജിടിവി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രേണുവിന്റെ പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

അന്ന് അമ്മ കൂടെയുണ്ടായിരുന്നില്ല; പൈസ ചോദിക്കുന്നത് മാത്രമാണ് രേണു സുധിയുമായുള്ള ബന്ധം..' തുറന്നുപറഞ്ഞ് കിച്ചു
മോന്‍ ആണ്‍ കൊച്ചല്ലേ; ഊബര്‍ ഓടാം, സ്വിഗി ഓടാം, കുടുംബത്തെ പോറ്റാം; കിച്ചുവിനെ ഉപദേശിച്ച് ഹെയ്ദി സാദിയ