
കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണു സുധിയുടെ പുറകെയാണ്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടി പറയുകയാണ് രേണു. മെയിൻസ്ട്രീം വണ്ണിനു നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചിൽ.
"കല്യാണമാണോ നിക്കാഹ് ആണോ വിവാഹമാണോ മിന്നുകെട്ടാണോ എന്നൊന്നും അറിയില്ല. എനിക്ക് കല്യാണം ആയിട്ടില്ല . എനിക്ക് പ്രണയമുണ്ടെന്നൊക്കെ ആൾക്കാർ പറയുന്നതല്ലേ, ഞാൻ പറഞ്ഞിട്ടില്ല. ഇനി അദൃശ്യ കാമുകൻ ഉണ്ടെങ്കിൽ തന്നെ അവിടെ ഇരുന്നോട്ടെ. എന്തായാലും ഒരു രണ്ട് വർഷം സമയം തരണം. എന്തായാലും നമുക്ക് വരുന്നിടത്ത് വെച്ച് കാണാം. ഇപ്പോൾ എന്തായാലും തുറന്ന്പറയാൻ താത്പര്യമില്ല. അയാളുടെ ജോലി എന്താണെന്നൊക്കെ പറഞ്ഞാൽ അയാളുടെ ഉമ്മയും വാപ്പയുമൊക്കെ അയാളെ ഓടിക്കും. യു.കെയിലാണ് എൻ്റെ കാമുകൻ എന്നാണ് ഊഹാപോഹം" രേണു അഭിമുഖത്തിൽ പറഞ്ഞു.
'എന്റെ ചേച്ചി, എന്റെ മാനേജർ കരിഷ്മ അവരാണ് ബെസ്റ്റ് ഫ്രണ്ട്സ്. അവർക്കെന്നെ കുറിച്ച് നന്നായി അറിയാം. സുധിച്ചേട്ടൻ്റെ അനുഗ്രഹം തന്നെയാണ് ഞാൻ ഈ നിലയിൽ എത്താൻ കാരണം' എന്നും രേണു കൂട്ടിച്ചേർത്തു.
ബിഗ്ബോസിനു ശേഷം ബെഹ്റിനിൽ ചെന്നപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും രേണു സംസാരിച്ചു. "എമിഗ്രേഷനിൽ നമ്മളോട് വിവരങ്ങളൊക്കെ ചോദിക്കും. സെലിബ്രിറ്റി എന്ന് പറഞ്ഞപ്പോൾ എന്ത് സെലിബ്രിറ്റിയെന്ന് ചോദിച്ചു. ഞാൻ ബിഗ് ബോസ് എന്ന് പറഞ്ഞോണ്ടിരുന്നു. ബിഗ് ബോസ്? ഓക്കേ ഓക്കേ എന്ന് പറഞ്ഞ് വിട്ടു. എല്ലാവർക്കും അറിയാം ബിഗ് ബോസ് ഒരു ഇന്റർനാഷണൽ ഷോ അല്ലേ. ലാലേട്ടന്റെ ബിഗ് ബോസ്... ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്... അതിലൊരു ഭാഗമാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യം", രേണു പറഞ്ഞു.