
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരായ യുട്യൂബ് ചാനലാണ് കെ എല്‍ ബ്രോ ബിജു ഋത്വിക്. കണ്ണൂർ ജില്ലയിലെ പാവന്നൂർ സ്വദേശികളായ ബിജുവും അമ്മയും ബിജുവിന്റെ ഭാര്യ കവിതയും മക്കളും ബന്ധുവായ പെൺകുട്ടി അനുവുമൊക്കെയാണ് ചാനലിലെ പ്രധാന താരങ്ങൾ. ഫാമിലി വ്ലോഗിങ്ങിലൂടെ യുട്യൂബിലെ പല റെക്കോർഡുകളും ഇവർ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. എൺപത് മില്യൺ സബ്സ്ക്രൈബേഴ്സാണ് ഇവരുടെ യുട്യൂബ് ചാനലിനുള്ളത്. താൻ കുട്ടിക്കാലം മുതൽ അനുഭവിച്ച ഒരു സങ്കടത്തെക്കുറിച്ചാണ് കവിത പുതിയ വ്ളോഗിൽ സംസാരിക്കുന്നത്. പല്ല് ഉന്തിയതിന്റെ പേരിലുള്ള കളിയാക്കലുകളായിരുന്നു അത്.
''സ്കൂളിൽ പഠിക്കുന്ന സമയത്ത് എന്റേത് മെലിഞ്ഞ ശരീരമായിരുന്നു. അതുകൊണ്ട് തന്നെ ഉന്തി നിൽക്കുന്ന പല്ലാണ് ആദ്യം കാണുക. കുട്ടികളെല്ലാം ചിരവ എന്നൊക്കെയാണ് വിളിച്ചിരുന്നത്. അത് കേൾക്കുമ്പോൾ വിഷമം തോന്നും. ചുമരിൽ മുഖം ചേർത്ത് വെച്ച് പല്ല് ഉള്ളിലേക്ക് തള്ളാനൊക്കെ ഞാൻ ശ്രമിക്കുമായിരുന്നു. പക്ഷെ പല്ല് പൊട്ടിയെന്നല്ലാതെ മറ്റു പ്രയോജനമൊന്നും ഉണ്ടായില്ല. എന്റെ കല്യാണം നടക്കുമെന്നു പോലും ഞാൻ ചിന്തിച്ചിരുന്നില്ല. പല്ല് പൊന്തിയ എന്നെ ആര് കല്യാണം കഴിക്കാനാണ് എന്ന ചിന്തയായിരുന്നു. പക്ഷേ ബിജുവേട്ടന് എന്നെ ഇഷ്ടപ്പെട്ടു. എന്റെ ചിരി കണ്ടിട്ടാണ് ഇഷ്ടപ്പെട്ടതെന്നും പറഞ്ഞു. അതിനുശേഷമാണ് എല്ലാവരുടേയും മുന്നിൽ മടിയില്ലാതെ ചിരിക്കാൻ തുടങ്ങിയത്.
എന്റെ മൂത്ത മോന്റെയും പല്ല് അൽപം പൊന്തിയാണ് ഇരിക്കുന്നത്. മോനെ സ്കൂളിലെ സഹപാഠികൾ കളിയാക്കുന്നതുകൊണ്ട് അവന്റെ പല്ല് നേരെയാക്കാൻ ട്രീറ്റ്മെന്റ് തുടങ്ങി. കൊച്ചിയിൽ പോയാണ് ട്രീറ്റ്മെന്റ് ചെയ്തത്. എനിക്കുണ്ടായ വിഷമം എന്റെ മകന് ഉണ്ടാവരുതെന്ന് മാത്രം കരുതിയാണ് ട്രീറ്റ്മെന്റ് തുടങ്ങിയത്. മോന്റെ ട്രീറ്റ്മെന്റിനുശേഷം ഞാനും പല്ലിന് ട്രീറ്റ്മെന്റ് തുടങ്ങും'', കവിത പറഞ്ഞു.