നടൻ രാഹുൽ രാമചന്ദ്രനും ഭാര്യ അശ്വതിയും തങ്ങൾക്കെതിരായ വ്യാജപ്രചരണങ്ങളിൽ പ്രതികരണവുമായി രംഗത്ത്. തങ്ങൾ സെറ്റുകളിൽ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന കിംവദന്തികൾ കാരണം അവസരങ്ങൾ നഷ്ടപ്പെട്ടതായി രാഹുൽ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.

ളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറിയ നടനാണ് രാഹുൽ രാമചന്ദ്രൻ. മൗനരാഗം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ശ്യാമാംബരം എന്ന പരമ്പരയിലും വേഷമിട്ടു. എന്നും സമ്മതം എന്ന സീരിയലിലെ നായിക അശ്വതിയാണ് രാഹുലിന്റെ ഭാര്യ. ഇപ്പോഴിതാ തന്നെയും അശ്വതിയും കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇതുമൂലം ഇരുവർക്കും നിരവധി അവസരങ്ങൾ നഷ്ടപ്പെടുകയാണെന്നും രാഹുൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

''രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രൊജക്ട് ഞാന്‍ ഉപേക്ഷിച്ചിരുന്നു. അത് ഉപേക്ഷിക്കാൻ കാരണം എന്റെ ഭാര്യ അശ്വതിയാണെന്നും ഏതു പ്രൊജക്ടില്‍ എന്നെ എടുത്താലും പ്രശ്‌നമാണ്, ഞാന്‍ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം അഭിനയിക്കുന്നതിന് ഭാര്യ വന്ന് പ്രശ്‌നമുണ്ടാക്കുന്നു, സെറ്റില്‍ അനാവശ്യമായ പ്രശ്‌നങ്ങള്‍ ക്രിയേറ്റ് ചെയ്യുന്നു എന്നെല്ലാം വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. എന്നെ എടുത്താല്‍ ഭാര്യയുടെ സമ്മര്‍ദ്ദം കാരണം ഞാന്‍ പാതിയില്‍ വച്ച് പ്രൊജക്ട് ഉപേക്ഷിച്ചുപോകും എന്ന തരത്തിലുള്ള വ്യാജവാർത്തകൾ ഇന്റഡസ്ട്രിയിൽ പ്രചരിപ്പിച്ചു. അതിന്റെ പേരില്‍ ഒന്നര വര്‍ഷത്തോളം വരുമാനം ഇല്ലാതിരുന്നു.

അശ്വതിയ്ക്ക് വരുന്ന അവസരങ്ങളും എന്റെ പേര് പറഞ്ഞ് മുടക്കാന്‍ തുടങ്ങി. ഭര്‍ത്താവായ ഞാന്‍ പൊസസീവാണ്, അശ്വതിയെ മറ്റൊരു നടനൊപ്പം അഭിനയിപ്പിക്കാന്‍ സമ്മതിക്കില്ല, സെറ്റില്‍ പ്രശ്‌നമുണ്ടാക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു വ്യാജവാർത്തകൾ. ഏത് പ്രൊജക്ട് അന്വേഷിച്ചു വന്നാലും അവര്‍ ആദ്യം ചോദിക്കുന്നത്, ഇങ്ങനെ ചിലതൊക്കെ കേട്ടല്ലോ എന്നാണ്. ദൈവം സഹായിച്ച് ഞങ്ങള്‍ക്ക് ഇപ്പോൾ നല്ല രണ്ട് പ്രൊജക്ടുകള്‍ കിട്ടി. പക്ഷേ ഇപ്പഴും ഞങ്ങള്‍ പ്രശ്‌നക്കാരാണെന്നുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിനൊരു ക്ലാരറ്റി തരാനാണ് ഈ വീഡിയോ. ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന് കാരണം എന്റെ ഭാര്യ അശ്വതിയാണ്. ഈ ഫീല്‍ഡിലേക്ക് ഞാന്‍ വരാനുള്ള കാരണം അശ്വതിയാണ്. ഇങ്ങനെയുള്ള ഗോസിപ്പ് പ്രചരിപ്പിക്കുന്നത് ആരാണ് എന്ന് എനിക്കറിയാം, ഇപ്പോള്‍ ആ പേര് പുറത്തുവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വൈകാതെ അതിനുള്ള പണി ഞാന്‍ തന്നിരിക്കും'', എന്ന് രാഹുൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming