
കേരളമാകെ ചർച്ച ചെയ്ത ഒരു കേസിൽ ഇരുചേരികളിൽ നിന്നവരായിരുന്നു രാഹുൽ ഈശ്വറും മാധ്യമപ്രവർത്തകയും നടിയുമൊക്കെയായ റിനി ആൻ ജോർജും. ഇത്തവണ ബിഗ്ബോസിൽ ഇരുവരും മാറ്റുരക്കാൻ എത്തുകയും ചെയ്തു. ബിഗ് ബോസിൽ എത്തിയതിന് പിന്നാലെ റിനിയും രാഹുൽ ഈശ്വറും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇരുവരും രമ്യതയിലെത്തി. പിന്നാലെ റിനി പുറത്താകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം രാഹുൽ ഈശ്വറിനെക്കുറിച്ച് റിനി പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്.
''പരസ്പരം വലിച്ചു കീറാൻ തീരുമാനിച്ചു കൊണ്ട് കണ്ടു മുട്ടിയ രണ്ടു പേർ പരസ്പരം കെയർ ചെയ്ത അത്ഭുതമാണ് സംഭവിച്ചത്. ഒരുപക്ഷെ ഞാൻ ഹൃദയത്തിൽ നിന്ന് സംസാരിച്ചത് ഹൃദയം കൊണ്ട് അയാൾ കേട്ടത് കൊണ്ടാകാം. പലർ ചേർന്ന് തെറ്റായ വിവരങ്ങൾ നൽകിയത് കൊണ്ട് തെറ്റിദ്ധരിക്കപ്പെട്ടാണ് താൻ റിനിക്കെതിരെ വിഡിയോകൾ ചെയ്തത് എന്ന് പറയുകയുണ്ടായി രാഹുൽ. അതിന് പകരമായി എന്റെ വീട്ടിൽ വന്നു മാതാപിതാക്കളോട് അടക്കം മാപ്പ് ചോദിക്കാൻ ആഗ്രഹിക്കുന്നു എന്നും എന്നോട് പറഞ്ഞു. കാര്യങ്ങൾ മനസിലാക്കിയപ്പോൾ തനിക്ക് തെറ്റ് പറ്റി എന്ന് സമ്മതിക്കാൻ കാണിച്ച ആ മനസ് ഞാൻ അംഗീകരിക്കുന്നു. പിന്നീട് അത് ക്യാമറക്കു മുന്നിൽ പറയാനും രാഹുൽ തയ്യാറായി. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ ഇത്തരം വീഡിയോകൾ ചെയുന്നത് കൊണ്ട് മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന മാനസിക സമ്മർദങ്ങളെ കുറിച്ചും സംസാരിച്ചപ്പോൾ ഇനി ശ്രദ്ധിക്കാമെന്നും സ്ത്രീകൾക്ക് വേണ്ടി കൂടി സംസാരിക്കും എന്നും വാക്ക് തന്നു രാഹുൽ. ബിഗ് ബോസ്സിൽ നിന്ന് തിരിച്ചു ഇറങ്ങുമ്പോഴും രാഹുൽ എനിക്ക് തന്നിരിക്കുന്ന വാക്കുകൾ പാലിക്കും എന്ന് തന്നെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം'', എന്നാണ് റിനി ഫേസ്ബുക്കിൽ കുറിച്ചത്.