
ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശൈത്യ സന്തോഷ്. ഷോയിലെ ശൈത്യയുടെ അനുമോളുമായുള്ള സൗഹൃദവും പ്രശ്നങ്ങളും വഴക്കുകളും ഏറെ ചർച്ചകൾ അന്ന് വഴിയൊരുക്കിയിരുന്നു. കട്ടപ്പ എന്ന വിളിപ്പേരിലാണ് ശൈത്യ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ടിരുന്നത്. ഫിനാലെ വീക്കിൽ ഹൗസിനുള്ളിലേക്ക് റീ എൻട്രി നടത്തിയ മത്സരാത്ഥികളിൽ ശൈത്യയുടെ പെരുമാറ്റവും അനുമോളെ കുറിച്ച് പറഞ്ഞ വാക്കുകളും ചർച്ചയാവുകയും ഗ്രാൻഡ് ഫിനാലെയിൽ അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുള്ള ശൈത്യയുടെ ഭാവവും പുറത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ അതിനെ കുറിച്ച് ശൈത്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.
ഗ്രാൻഡ് ഫിനാലെയിൽ അവതരിപ്പിച്ച സ്കിറ്റിൽ തന്നെ മോശമായാണ് ചിത്രീകരിച്ചതെന്നും, അതിൽ തനിക്ക് വലിയ വിഷമമായെന്നും പറഞ്ഞ ശൈത്യ അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുണ്ടായ ആ ഭാവം സ്കിറ്റിന് ശേഷം ഉള്ള തന്റെ ഭാവമായിരുന്നെന്നും അതാണ് അവർ കട്ട് ചെയ്ത് വച്ചതെന്നും കൂട്ടിച്ചേർത്തു.
"അമൃത ടിവിയിലെ റിയാലിറ്റി ഷോയിലുണ്ടായ പ്രശ്നം കാരണം ഇനിയൊരു പ്ലാറ്റ്ഫോം കിട്ടില്ലെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ പിന്നീട് ബിഗ് ബോസ് എന്ന മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിലാണ് ഞാൻ പോയത്. ലക്ഷക്കണക്കിന് ആൾക്കാരിൽ നിന്നും നമ്മൾ 25 പേരിൽ വരണമെങ്കിൽ നമുക്കത്രയും കഴിവ് വേണം. അതിലെനിക്ക് എത്താൻ പറ്റി. നെഗറ്റീവ് പറയുന്നവർ പറയട്ടെ. ഇന്ന് മലയാളികൾക്ക് എന്റെ പേര് അറിയാം. ബിഗ് ബോസ് ആണ് എനിക്കത് സമ്മാനിച്ചത്. കുറച്ച് ബോൾഡായി. സെെബർ അറ്റാക്ക് വന്നപ്പോൾ ഞാൻ മൗനം പാലിച്ചു. ഉള്ളിൽ ശക്തയായി. ബിഗ് ബോസിലെ മത്സരാർത്ഥികളെല്ലാം എന്നെക്കുറിച്ച് നല്ലതാണ് പുറത്ത് വന്ന ശേഷം പറഞ്ഞത്. നല്ല രീതിയിലാണ് ഞാൻ എല്ലാവരോടും നിന്നത്." ശൈത്യ പറയുന്നു.
"ഗ്രാന്റ് ഫിനാലെയിൽ എനിക്കത്രയും നെഗറ്റീവ് വരാൻ കാരണം വിന്നറെ പ്രഖ്യാപിച്ചപ്പോൾ എന്റെ മുഖത്തുണ്ടായെന്ന് പറയുന്ന ഭാവമാണ്. യഥാർത്ഥത്തിൽ അനുമോൾക്ക് കപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തിലോ എനിക്ക് അസൂയ തോന്നിയിട്ടോ അല്ല. ഫിനാലെയിൽ സ്കിറ്റ് ഉണ്ടായിരുന്നു. ഞാൻ ഏഷ്യാനെറ്റിൽ വർക്ക് ചെയ്ത സമയത്ത് അറിയുന്നവർ, എന്നെയും കുടുംബത്തെയും അത്രയും നന്നായി അറിയുന്നവർ ചേർന്നാണ് സ്കിറ്റ് ചെയ്തത്. എന്നെ മോശമായി ആ സ്കിറ്റിൽ കാണിച്ചു. ബാഹുബലിയിലെ സീനൊക്കെ വെച്ചു. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി. നിങ്ങൾക്ക് നോക്കിയാൽ മനസിലാകും. എന്റെ കണ്ണെല്ലാം നിറഞ്ഞിരിക്കുകയാണ്. ആ ഇരിപ്പാണ് അനുമോൾക്ക് കപ്പ് കിട്ടിയപ്പോൾ അവിടെ കട്ട് ചെയ്ത് വെച്ചത്. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമമായി. ഞാൻ പ്രതികരിക്കാൻ പോയില്ല. പറഞ്ഞിട്ടും കാര്യമില്ലായിരുന്നു." ശൈത്യ കൂട്ടിച്ചേർത്തു. ശാരികയുമായുള്ള അഭിമുഖത്തിലായിരുന്നു ശൈത്യയുടെ പ്രതികരണം.