
സോഷ്യൽ മീഡിയയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് റീന ജോൺ. തിരുവനന്തപുരം സ്വദേശിയായ റീന പതിനേഴു വർഷത്തോളമായി യുകെയിലാണ് താമസം. ക്യാന്‍സറിനെ അതീജീവിച്ചയാൾ കൂടിയാണ് താനെന്ന് റീന മുൻപ് വെളിപ്പെടുത്തിയിരുന്നു. തന്റെ രണ്ട് വിവാഹബന്ധങ്ങളും തകരാൻ ഉണ്ടായ കാരണത്തെക്കുറിച്ചാണ് റീന പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്.
''ആദ്യ വിവാഹത്തിൽ സംഭവിച്ചത് എന്റെ തെറ്റാണോ ഞാനെടുത്ത തീരുമാനത്തിന്റെ തെറ്റാണോ എന്നെനിക്ക് അറിയില്ല. സന്തോഷകരമായി മുന്നോട്ടുപോയ ബന്ധമായിരുന്നു. പക്ഷേ, ഒരു സാഹചര്യത്തിൽ മ്യൂച്വലായി ഡിവോഴ്സ് എടുക്കേണ്ടി വന്നു. ആ വേദനയിൽ നിന്നും മോചിതയാകാൻ ഒരുപാട് കാലം എടുത്തു'', എന്ന് റീന പറയുന്നു.
''ഒരു സുഹൃത്ത് മുഖേനെ പരിചയപ്പെട്ട വ്യക്തിയാണ് രണ്ടാമത്തെ ഭർത്താവ്. രണ്ടാമത് വിവാഹം ചെയ്തയാളുടെ സാന്നിധ്യം കാരണമാണ് ആദ്യ വിവാഹബന്ധം ഇല്ലാതായത്. അതെനിക്ക് പറ്റിയ തെറ്റാണെന്ന് സമ്മതിക്കുന്നു. അതേക്കുറിച്ച് ചിന്തിക്കാറുമുണ്ട്. ഒരു ഉത്തരം കിട്ടുന്നില്ല. പുള്ളിക്കെന്നെ കല്യാണം കഴിക്കണമെന്ന നിർബന്ധം വന്നു. എന്റെ മനസിൽ എവിടെയോ പതറിപ്പോയി. രണ്ടാമത് കല്യാണം കഴിച്ചയാൾ യുകെയിലായിരുന്നു. അങ്ങനെ യുകെയിലേക്ക് മാറി. രണ്ടാമത്തെ വിവാഹബന്ധം വലിയൊരു ട്രാജഡിയായിപ്പോയി. ഞാൻ പ്രതീക്ഷിച്ചത് പോലെ ഒരാളായിരുന്നില്ല. പുള്ളിയുടെ രീതികൾ തീർത്തും വ്യത്യസ്തമായിരുന്നു. ഒരുപാട് അഡ്ജസ്റ്റ്മെന്റിന് തയ്യാറായി. എന്തുകാെണ്ടോ അത് വിജയിച്ചില്ല. രണ്ടാമത്തെ വിവാഹബന്ധം 12 വർഷത്തോളം നീണ്ടുനിന്നിരുന്നു. രണ്ട് പേരിൽ നിന്നും നഷ്ടപരിഹാരത്തിന് ഞാൻ പോയിട്ടില്ല. ഉള്ളത് കൂടെ അങ്ങോട്ട് കൊടുക്കുകയായിരുന്നു'', എന്ന് റീന പറഞ്ഞു.
''മുൻ ഭർത്താവിനോട് മാപ്പ് പറഞ്ഞ് വീണ്ടും ഒരുമിക്കാൻ ശ്രമിക്കുകയായിരിക്കും. പഴയ ജീവിതത്തിലേക്ക് തിരിച്ച് പോകാൻ പറ്റിയാൽ ചെയ്യുക. വിഷമങ്ങളെല്ലാം മറക്കാൻ വേണ്ടിയാണ് ഞാൻ സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്നത്'', എന്നും മൂവി വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ റീന ജോൺ പറഞ്ഞു.