
നടി, നർത്തകി, സോഷ്യൽ മീഡിയ താരം എന്നീ നിലകളിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ വ്യക്തിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടനും സോഷ്യൽ മീഡിയ താരവുമായ അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമാണ് സൗഭാഗ്യ. ഒരു താരകുടുംബമാണ് സൗഭാഗ്യയുടേത് എന്നതും പ്രേക്ഷകർക്ക് അറിയാവുന്ന കാര്യമാണ്. ഇപ്പോഴിതാ അമ്മ താര കല്യാണിന്റെ ഡാന്‍സ് അക്കാദമി തന്റെ കൈകളിലേക്ക് ഏൽപിച്ചതിന്റെ വിശേഷമാണ് സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്നത്.
''എന്റെ അമ്മയ്ക്ക് നന്ദി... തന്റെ രക്തവും, വിയർപ്പുമൊഴുക്കി, എണ്ണമറ്റ ത്യാഗങ്ങൾ സഹിച്ച് അമ്മ പടുത്തുയർത്തിയ ഒരു സ്വപ്നം എന്നെ ഏൽപിച്ചിരിക്കുന്നു. അത് എന്റെ കൈകളിലേക്ക് നൽകുന്നതിന് അമ്മ ഒരു നിമിഷം പോലും സംശയിച്ചില്ല. അമ്മ എന്നിൽ അർപ്പിച്ച വിശ്വാസമാണത്, ഞാൻ അത് എന്നേക്കും കാത്തുസൂക്ഷിക്കും.
എപ്പോഴും കരുത്തോടെ എനിക്കൊപ്പം നിൽക്കുന്ന എന്റെ ജീവിത പങ്കാളിക്കും നന്ദി.. എന്നിൽ വിശ്വസിച്ച്, എന്നെ വളരാൻ നിരന്തരം പ്രേരിപ്പിച്ച്, എന്റെ ജോലിയെ മാത്രമല്ല, കൂടുതൽ സ്വപ്നങ്ങൾ കാണാൻ പോലും എന്നെ പ്രോത്സാഹിപ്പിക്കുന്ന ഭർത്താവാണ് എനിക്കൊപ്പം ഉള്ളത്'', സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താര കല്യാണ്‍ ഡാന്‍സ് അക്കാദമി’യുടെ മുന്നില്‍ സൗഭാഗ്യയും അര്‍ജുനും നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റിൽ ചേർത്തിട്ടുണ്ട്. പേളി മാണി, ആര്യ ബഡായ്, ലക്ഷ്മി നക്ഷത്ര തുടങ്ങി നിരവധി താരങ്ങൾ സൗഭാഗ്യയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
അമ്മയെപ്പോലെ സൗഭാഗ്യയ്ക്കും നൃത്തം ജീവനാണ്. ഇരുവരും ഒരുമിച്ചു നടത്തിയ പെർഫോമൻസുകളും ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. നൃത്തം പോലെ തന്നെ സൗഭാഗ്യയ്ക്ക് ഇഷ്ടമുള്ള മറ്റൊരു കാര്യമാണ് വളർത്തു മൃഗങ്ങൾ. നായകളുടെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നതും താരം വ്‌ളോഗിലൂടെ പങ്കുവെക്കാറുണ്ട്.