
സീരിയൽ രംഗത്തും സിനിമയിലും ഒരുപോലെ മികവ് കാട്ടിയിട്ടുള്ള താരമാണ് മഞ്ജു പത്രോസ്. വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായി. ഇപ്പോൾ ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ മഞ്ജു പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെടുകയാണ്.
വീട് എന്നത് ഒരു അത്യാവശ്യമായി ആരും കാണരുത് എന്നാണ് മഞ്ജു അഭിമുഖത്തിൽ പറയുന്നത്. ''ഞാൻ ഒരു വീടു വെച്ചു. എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസയും ബാക്കി ലോണുമൊക്കെ എടുത്താണ് വീട് വെച്ചത്. ഈ ആളുകളെയൊക്കെ പേടിച്ച് ആ വീട് വെയ്ക്കണ്ടായിരുന്നു എന്നാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നത്. കാരണം ആ വീട്ടിൽ താമസിക്കാൻ ഞങ്ങളാരും ഇല്ല. അത്രയും വലിയൊരു തുക മുടക്കി അവിടെ വീട് വെച്ചിട്ട് അത് അവിടെ കിടക്കുകയാണ്. വീടില്ല എന്നൊക്കെ എന്നോട് ആരെങ്കിലും പറഞ്ഞാൽ ഞാൻ അവരോട് പറയും, പേടിക്കാൻ ഒന്നുമില്ല, വീട് അത്യാവശ്യമല്ല എന്നത്. ഈ ആളുകളൊക്കെ പറയുന്നതു പോലെയല്ല. എന്റെ 43-ാമത്തെ വയസിലാണ് ഞാനൊരു വീട് വെച്ചത്. നിങ്ങൾക്കിനിയും സമയമുണ്ട്, സമയം ഇല്ലെങ്കിലും പേടിക്കണ്ട എന്ന് അവരോട് പറയും. കാരണം, ഞാനാ വീട് വെച്ചിട്ട് വാടകക്കു പോലും കൊടുത്തിട്ടില്ല. അതവിടെ അടച്ചിട്ടിരിക്കുകയാണ്. ഇനി ഞാനത് വിൽക്കും . ഒരു ചെറിയ വീട് മതി നമുക്കു ജീവിക്കാൻ. ഇതൊക്കെ അനുഭവത്തിൽ നിന്നാണ് മനസിലാകുക'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ മഞ്ജു പത്രോസ് പറഞ്ഞു.
അതേസമയം, പണമില്ലാതെ ജീവിക്കാൻ പറ്റില്ലെന്നും പൈസയില്ലാത്തവന് കോൺഫിഡൻസുണ്ടാകില്ലെന്നും മറ്റെന്തുണ്ടായിട്ടും കാര്യമില്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു.