
മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. പരമ്പരയിൽ കേശു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അൽസാബിത്ത് ആണ്. അൽസാബിത്തിന് എല്ലാവിധ പിന്തുണയും നൽകി ഒപ്പം നിൽക്കുന്നയാളാണ് താരത്തിന്റെ ഉമ്മ. അഭിമുഖങ്ങളിലും ഇരുവരും ഒന്നിച്ചെത്താറുണ്ട്. മകനെ അമിതമായി നിയന്ത്രിക്കുന്ന അമ്മയല്ല താനെന്ന് അൽസാബിത്തിന്റെ അമ്മ ബീന പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. അമ്മ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നായിരുന്നു അൽസാബിത്തിന്റെ പ്രതികരണം.
''പെൺകുട്ടികൾക്ക് ടെൻഷനാണ് ഇവൻ ജാഡയാണോ എന്ന്. ആർട്ടിസ്റ്റല്ലേ മിണ്ടുമോ എന്നൊക്കെയുള്ള ചിന്തയുണ്ട്. അവനെ പേടിച്ചിട്ടാണ് തങ്ങൾ വന്ന് സംസാരിക്കാത്തതെന്ന് ചില പെൺപിള്ളേർ പറയും. പക്ഷേ അങ്ങനെയല്ല. മകനെ ഞാൻ നിയന്ത്രിക്കാറുമില്ല. എങ്ങോട്ട് വേണമെങ്കിലും നീ പൊയ്ക്കോ എന്ന് ഞാൻ പറയും. അവർ സിനിമയ്ക്ക് പോകുന്നുണ്ട്, നിന്നെയും വിളിച്ചാൽ നീ പൊയ്ക്കോ എന്ന് ഞാൻ പറയും. എന്നാൽ ഞാൻ പോകുന്നില്ലെന്ന് അവൻ പറയും. അവന് അവന്റേതായ ഒരു വെെബുണ്ട്. എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യവും അവനുണ്ട്'', ബീന അഭിമുഖത്തിൽ പറഞ്ഞു.
''നിങ്ങൾ തമ്മിൽ ഭയങ്കര ബോണ്ട് ആണെന്ന് ഞങ്ങളെ അറിയുന്നവർ പറയും. ഞങ്ങൾ പരസ്പരം എല്ലാം തുറന്ന് പറയും. ഒന്നും ഒളിച്ച് വെക്കില്ല. അവനോട് ഒരു പെൺകുട്ടി വന്ന് ഐ ലവ് യു പറഞ്ഞാലും അവൻ എന്നോട് വന്ന് പറയും. അവന്റെ കൂടെയുള്ള ഫ്രണ്ട്സിന് ലൗവേർസ് ഉണ്ടെങ്കിൽ അതും എന്നോട് വന്ന് പറയും. എന്നിട്ട് അതിനൊപ്പം ആരോടും പറയല്ലേ എന്ന് എന്നും പറയും'', ബീന കൂട്ടിച്ചേർത്തു.