
ഗർഭിണിയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് നടിയും അവതാരകയുമായ ആര്യ ബഡായ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് ആര്യ പ്രഗ്നൻസിയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്.
''എന്റമ്മേ എന്താ നിങ്ങൾ ഇങ്ങനെ. ബഡായി ബംഗ്ലാവ് ചെയ്യുന്ന സമയത്ത് നിങ്ങൾ എന്നെ പിഷാരടിയുടെ ഭാര്യയാക്കി. ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. ഇപ്പോൾ എന്നെ പ്രെഗ്നന്റ് ആക്കി. ക്യാരക്ടറാണ് സുഹൃത്തുക്കളേ. ആ പരമ്പരയിൽ ധർമ്മജൻ ബോൾഗാട്ടിയുടെ ഭാര്യ ആയിട്ടാണ് എത്തുന്നത്. ആ ലേഡി ക്യാരക്ടർ പ്രെഗ്നന്റാണ്. അതാണ് നിങ്ങൾ കാണുന്നത്. ആ ഒരു ഷോയിൽ മാത്രം ഞാൻ അങ്ങനെ വരുന്നതാണ്. എന്റെ ഗർഭം അങ്ങനെയല്ല. നഹീന്ന് പറഞ്ഞാൽ നഹീ'', ആര്യ പറഞ്ഞു.
അടുത്തിടെയാണ് നടിയും അവതാരകയുമായ ആര്യ ബാബുവും കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനും വിവാഹിതയായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. തിരുവനന്തപുരത്തെ ബീച്ച് റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം നടന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും വീഡിയോകളിലൂടെയും വിവാഹവുമായും സിബിനുമായും മകൾ ഖുഷിയുമായുമൊക്കെ ബന്ധപ്പെട്ട വിശേഷങ്ങൾ ഇപ്പോഴും ആര്യ പങ്കുവെയ്ക്കുന്നുണ്ട്. രണ്ടാമതൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ ഇഷ്ടത്തിനല്ല, മറിച്ച് മകളുടെ ഇഷ്ടത്തിനാണ് മുൻഗണന കൊടുത്തതെന്ന് ആര്യ പറഞ്ഞിരുന്നു.
വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു സിബിനും ആര്യയും. കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ലളിതമായി സംഘടിപ്പിച്ച നിശ്ചയ ചടങ്ങിൽ എത്തിയിരുന്നതെങ്കിൽ, മെഹന്ദിയും സംഗീതുമെല്ലാം ഉൾപ്പെടുന്ന വലിയ ആഘോഷമായിരുന്നു വിവാഹം. ബിഗ്‌ബോസ് സീസൺ 2ലെ മത്സരാർത്ഥിയായിരുന്നു നടിയും അവതാരികയുമായ ആര്യ ബാബു. ബിഗ് ബോസ് സീസൺ 6 ൽ സിബിനും പങ്കെടുത്തിരുന്നു.