
ബിഗ്ബോസ് മലയാളം സീസൺ 7 ഫൈനലിനോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഫിനാലെയോട് അനുബന്ധിച്ച് എവിക്ട് ആയ മൽസരാർത്ഥികളിൽ ഓരോരുത്തരായി ബിഗ്ബോസ് ഹൗസിനുള്ളിലേക്ക് എത്തിക്കൊണ്ടിരിക്കുകയുമാണ്. ഫിനാലെ വീക്കിനായി ബിഗ്ബോസിലേക്ക് പോകുന്നതിനു മുൻപായി ഇത്തവണ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ വേദ് ലക്ഷ്മി പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്.
''ആരായിരിക്കും ജയിക്കുക എന്ന് എനിക്ക് പറയാൻ പറ്റില്ല, അതൊക്കെ വോട്ടിനെ അടിസ്ഥാനമാക്കിയല്ലേ? ഇറങ്ങിയതിനു ശേഷം കംപ്ലീറ്റ് ആയി ഗെയിം കണ്ടില്ല. അവിടെയും ഇവിടെയുമൊക്കെ കണ്ടിട്ടേ ഉള്ളൂ. ബിഗ്ബോസിനുള്ളിൽ അധികം സുഹൃത്തുക്കളില്ല. സാബുമാനുമായി സംസാരിക്കുമായിരുന്നു. സാബുമാൻ ആരുടെയും കുറ്റം പറയാറില്ല. നല്ല സംസാരമാണ്. ഞങ്ങൾക്ക് ചില കോമൺ ഫ്രണ്ട്സും ഉണ്ട്. എല്ലാവരും പുറത്തിറങ്ങിയതിനു ശേഷം അറിയാം. ആരുമായൊക്കെ സൗഹൃദം സൂക്ഷിക്കുമെന്ന്'', എന്ന് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ലക്ഷ്മി പറഞ്ഞു.
ഒനീലുമായുള്ള പ്രശ്നത്തെക്കുറിച്ചും ലക്ഷ്മി സംസാരിച്ചു. ''ഒനീലിന് പറയാനുള്ളത് ഒനീൽ പറഞ്ഞു തീർക്കട്ടെ. അത് ലീഗലി മുൻപോട്ട് പോകാൻ ആയാലും, സംസാരിച്ച് തീർക്കാനായാലും'', എന്ന് ലക്ഷ്മി പറഞ്ഞു. അനീഷിന്റെയും അനുമോളുടെയും പ്രണയം ജനുവിൻ ആണോ എന്ന ചോദ്യത്തോടും ലക്ഷ്മി പ്രതികരിച്ചു. ''അത് പ്രണയമാണോ എന്നു പോലും എനിക്കറിയില്ല. പിന്നെ അല്ലേ ജനുവിൻ. അവരുടെ ഗെയിമിന്റെ കാര്യം എനിക്കറിയില്ല. ഓരോരുത്തർക്കും അവരുടേതായ ഗെയിം ഉണ്ടല്ലോ''.
പിആർ കൊടുക്കുന്നത് തെറ്റല്ലെന്നും വേദ് ലക്ഷ്മി പറയുന്നു. ''പിആർ കൊടുക്കുന്നത് മോശം കാര്യമല്ല. പിആർ ഉള്ളതുകൊണ്ടു മാത്രം ഒരാൾ ബിഗ്ബോസ് ജയിക്കണമെന്നുമില്ല. കണ്ടന്റ് കൊടുക്കണം. പിന്നെ അനുമോളുടെ പിആറിനെപ്പറ്റി മാത്രമാണ് എല്ലാവരും സംസാരിക്കുന്നത്. അങ്ങനെയല്ല. അവിടെ പലർക്കും പിആർ ഉണ്ട്. എനിക്ക് പെയ്ഡ് പിആർ ഇല്ല. വോട്ട് മറിക്കാൻ പിആറിനെ ഉപയോഗിക്കാനാകില്ല, നമ്മുടെ ഗെയിം കംപ്ലീറ്റിലി നമ്മുടെ കയ്യിലാണ്'', വേദ് ലക്ഷ്മി കൂട്ടിച്ചേർത്തു.