വരുന്നൂ പുലിമുരുകനെക്കാളും കരുത്തനായി മോഹന്‍ ലാല്‍

Published : Feb 26, 2017, 05:57 AM ISTUpdated : Oct 04, 2018, 06:55 PM IST
വരുന്നൂ പുലിമുരുകനെക്കാളും കരുത്തനായി മോഹന്‍ ലാല്‍

Synopsis

കഠിനമായ ആയുര്‍വേദ ചികിത്സക്ക് ശേഷം പുതിയ ശരീരവും പുതിയ കരുത്തുമായി മോഹന്‍ലാല്‍ വരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി സൂപ്പര്‍ താരം പാലക്കാട് ആയുര്‍വേദ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ബ്ലോഗില്‍ ഇക്കാര്യം മോഹന്‍ ലാല്‍ തന്നെ ശരിവച്ചിരുന്നു. ഇവിടെ ഇരുപത്തി ഒന്നു ദിവസത്തെ കഠിന ചികിത്സ കഴിഞ്ഞ് ചൊവ്വാഴ്ച താരരാജാവ് പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പാലക്കാട് ജില്ലയിലെ പെരുങ്ങോട്ടെ പ്രശസ്തമായ  'ഗുരുകൃപ' ഹെറിറ്റേജ് ചികിത്സാകേന്ദ്രത്തിലാണ് ലാല്‍. ആറാം തമ്പുരാന്റെ ശിശ്യന്‍മാരില്‍ പ്രമുഖനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് ചികിത്സക്ക് നേതൃത്വം കൊടുക്കുന്നത്. ഇവിടെ നിന്നും മര്‍മ്മ ചികിത്സയടക്കം കഴിഞ്ഞാണ് മോഹന്‍ലാല്‍ രംഗത്തിറങ്ങുന്നത്.

കന്മദം അടക്കം വ്യത്യസ്തങ്ങളായ അപൂര്‍വ്വ ഇനം മരുന്നുകള്‍ ഉപയോഗിച്ച്  ഉണ്ടാക്കുന്ന ശിവ ഗുളികയടക്കം ചികിത്സയുടെ ഭാഗമായി മോഹന്‍ലാല്‍ ഈ ദിവസങ്ങളില്‍ കഴിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. പാല്‍ കഞ്ഞിയും പച്ച പാലും വെള്ളവും മാത്രമാണ് ഈ ദിവസങ്ങളില്‍ ആഹാരം.

ചികിത്സയുടെ ഭാഗമായി റൂമില്‍ നിന്നും ഒരു ദിവസം പോലും പുറത്തിറങ്ങാന്‍ ലാലിന് അനുവാദമില്ല. നസ്യം, തര്‍പ്പണം, കിഴി, നവര, ഉദ്ധര്‍ത്തനം, ചവിട്ടി ഉഴിച്ചില്‍, സ്വേദം, വിരേകം തുടങ്ങി സ്നേഹവസ്തിയും കഷായവസ്തിയും ഉള്‍പ്പെടെ പതിനഞ്ച് വസ്തികള്‍ ഉള്‍പ്പെടുന്ന കഠിനമായ ചികിത്സാരീതിയാണിവിടെ ലാല്‍ അനുഷ്ഠിക്കുന്നത്.  

കണിശമാണ് ഭക്ഷണ രീതി. അഞ്ചു മണിക്ക് ഉണരണം. ആറു മണിക്ക് വെറും വയറ്റില്‍ കഷായം. എട്ടു മണിക്ക് പാല്‍ കഞ്ഞി പിന്നെ തുടങ്ങും കഠിനമായ ചികിത്സകള്‍. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയാലും 90 ദിവസത്തേക്ക് ആഹാരക്രമം മാറില്ല.

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, അജിത്ത് തുടങ്ങിയ പല പ്രമുഖരും ചികിത്സ തേടി വരുന്ന സ്ഥലമാണ് പാലക്കാട് ജില്ലയിലെ കൂറ്റനാടുള്ള ഈ ആയുര്‍വേദ കേന്ദ്രം.

മേജര്‍ രവിയുടെ 1971 ബിയോണ്ട്  ദ ബോര്‍ഡര്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ലാല്‍ ജോര്‍ജ്ജിയയില്‍ നിന്നും നേരെ ഗുരുകൃപയിലെത്തി ചികിത്സയ്ക്ക് പ്രവേശിക്കുകയായിരുന്നു. ബി ഉണ്ണികൃഷ്ണന്‍  സംവിധാനം ചെയ്യുന്ന ബിഗ്ബഡ്‍ജറ്റ് ചിത്രമാണ് ലാലിന്‍റെ അടുത്ത ചിത്രമെന്നാണ് സൂചന. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ഹന്‍സികയാണ് ചിത്രത്തില്‍ ലാലിന്റെ നായിക. തമിഴ് താരം വിശാലും അഭിനയിക്കുന്ന ഈ ചിത്രത്തില്‍ പുലിമുരുകനെക്കാളും കരുത്തനായിട്ടാവും മോഹന്‍ ലാല്‍ എത്തുകയെന്ന് ഉറപ്പ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഏഴ് സ്റ്റണ്ട് മാസ്റ്റർമാർ ഒരുമിച്ച്, ആക്ഷനില്‍ പൊടിപാറിക്കാൻ വരവ്, റിലീസ് ജൂലൈ 16ന്
'മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പിന്തുണയുണ്ട്', ഓടിളക്കി വന്നവരല്ല അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കേണ്ടതെന്നും ശ്വേതാ മേനോൻ