'അമ്മ' യോഗത്തില്‍ ദിലീപിന്‍റെ തിരിച്ചുവരവ് ചര്‍ച്ചയായില്ലെന്ന് മോഹന്‍ലാല്‍

By Web TeamFirst Published Aug 7, 2018, 7:42 PM IST
Highlights

ദിലീപിനെ തിരിച്ചെടുത്തതിനെതിരെ പരാതി നൽകിയ രേവതി, പദ്മപ്രിയ, പാർവതി എന്നിവരുമായി അമ്മ ചർച്ച തുടരും

കൊച്ചി: കൊച്ചിയിൽ ചേര്‍ന്ന താരസംഘടനയായ അമ്മയുടെ നിർണായക എക്സിക്യുട്ടീവ് യോഗത്തില്‍ ദിലീപിന്റെ തിരിച്ചു വരവ് ചര്‍ച്ചയായില്ലെന്ന് സംഘടനാ പ്രസിഡന്‍റ് മോഹന്‍ലാല്‍ പറഞ്ഞു. രാജി വെക്കുന്ന കാര്യം ആലോചിച്ചിട്ടില്ല . എല്ലാ അംഗങ്ങളുടെയും പിന്തുണയുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു . എല്ലാവരും തല്ലി പിരിയേണ്ട അവസ്ഥ എത്തിയാൽ രാജി വെക്കുന്ന കാര്യം അപ്പോൾ ആലോചിക്കാമെന്നും മോഹൻലാൽ വ്യക്തമാക്കി. 

ദിലീപിനെ തിരിച്ചെടുത്തതിനെതിരെ പരാതി നൽകിയ രേവതി, പദ്മപ്രിയ, പാർവതി എന്നിവരുമായി അമ്മ ചർച്ച തുടരും. ആരോഗ്യപരമായ ചർച്ചയാണ് നടക്കുന്നതെന്ന് രേവതി പറഞ്ഞു. അതേസമയം ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിൽ കക്ഷി ചേരാൻ താരസംഘടന നടത്തിയ നീക്കത്തിനിടെയുണ്ടായ തിരിച്ചടി യോഗം വിലയിരുത്തി. ആക്രമിക്കപ്പെട്ട നടിയുമായി ആലോചിച്ചല്ല ഉപഹർജി നൽകിയത്. അതിൽ തെറ്റ് പറ്റിയെന്നു രചന നാരായണൻകുട്ടി അറിയിച്ചു.

ഹണി , രചന എന്നിവർ ആക്രമിക്കപ്പെട്ട നടിയെ സഹായിക്കാൻ ആണ് ശ്രമിച്ചത്. ഹർജി നൽകണമെന്ന് അമ്മ നേരിട്ട് പറഞ്ഞിട്ടില്ല. ഏതൊക്കെ രീതിയിൽ നടിയെ സഹായിക്കാൻ പറ്റും എന്ന് നോക്കാനാണ് 'അമ്മ അവരോട് പറഞ്ഞത്. സർക്കാരിന്റെ നിലപാടിനോട് പൂർണമായും യോജിക്കുന്നുവെന്നും ജഗദീഷ് വ്യക്തമാക്കി. 

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നതിനൊപ്പം പ്രതിക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്നുമാണ് താരസംഘടനയുടെ പ്രഖ്യാപിത നിലപാട്. ഇതില്‍ പ്രതിഷേധിച്ചാണ് സംഘടനയിലെ നാല് നടിമാർ രാജിവച്ചത്. ഒപ്പം അംഗങ്ങളായ രേവതി, പാർവതി തെരുവോത്ത്, പദ്മപ്രിയ എന്നിവർ പ്രതിഷേധമറിയിച്ച് കത്തും നല്‍കിയിരുന്നു. 

സിനിമയിലെ വനിതാ കൂട്ടായ്മയടക്കം അമ്മയുടെ ഈ നിലപാടിനെതിരെ ശക്തമായി രംഗത്തുന്നിരുന്നു. വിവാദങ്ങള്‍ എങ്ങനെയെങ്കിലും അവസാനിപ്പിച്ച് സംഘടനയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുകയാണ് പുതുതായി പ്രസിഡന്റായി ചുമതലയേറ്റ മോഹന്‍ലാലിന്‍റെ മുന്നിലെ പ്രധാന വെല്ലവിളി.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ താരസംഘടനാ ഭാരവാഹികള്‍ നടത്തിയ ശ്രമം തിരിച്ചടിയായിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയില്‍ കക്ഷി ചേരാനുള്ള അമ്മയിലെ വനിതാ ഭാരവാഹികളുടെ ശ്രമം ആക്രമിക്കപ്പെട്ട നടി തന്നെ കോടതിയില്‍ എതിർത്തിരുന്നു. 

ഒപ്പം അമ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ നൽകിയ ഉപഹർജിയിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നിലെ ചതിയും താരസംഘടനയുടെ തലപ്പത്തുളളവ‍ർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ ചർച്ചയും തുടർന്നെടുക്കുന്ന നിലപാടുകളും താരസംഘടനയ്ക്ക് നിർണായകമാകും.

 

click me!