
മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര'. കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് അരുൺ ഡൊമിനിക് ആണ്. ഇന്നലെയാണ് ചിത്രത്തിൻറെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ട്രെയ്ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകയെ കുറിച്ച ആർ.ഡി.എക്സ് സംവിധായകൻ നഹാസ് ഹിദായത്ത് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ലോക മികച്ച വിജയം സ്വന്തമാക്കേണ്ടത് തന്റെയും കൂടെ ആവശ്യമാണ് എന്നാണ് നഹാസ് പറയുന്നത്.
ദുൽഖർ സൽമാന്റെ വേഫെറർ ആണ് ചിത്രം നിർമ്മിക്കുന്നത്.ദുൽഖർ നായകനായെത്തുന്ന നഹാസിന്റെ അടുത്ത ചിത്രം ഐആം ഗെയിമും നിർമ്മിക്കുന്നത് വേഫെറർ തന്നെയാണ്. അതുകൊണ്ട് തന്നെ ലോക മികച്ച വിജയമായാൽ ഐആം ഗെയിമിന്റെ ബജറ്റ് കൂട്ടിത്തരാം എന്ന് പറഞ്ഞിട്ടുണ്ടെന്നും ഇന്നലെ നടന്ന ട്രെയ്‌ലർ ലോഞ്ചിനിടെ നഹാസ് ഹിദായത്ത് പറഞ്ഞു.
"ഈ കഥ കേട്ടപ്പോൾ ഇത് എങ്ങനെ സിനിമായാകുമെന്ന് മാറി നിന്ന് ചർച്ച ചെയ്തിരുന്നു. അത്ര സിമ്പിൾ അല്ലാത്തൊരു സിനിമയാണിത്. വൺലൈൻ മാത്രമാണ് കേട്ടത്, അത് വെച്ചാണ് ചിന്തിച്ചത്. പക്ഷെ ട്രെയ്ലർ കണ്ടപ്പോൾ ഞെട്ടി പോയി. മലയാള സിനിമയുടെ കോൺടെന്റ് സൂപ്പർ ആണെന്ന് പറയുണ്ടെങ്കിലും അതിന്റെ സ്കെയിലിനെക്കുറിച്ച് വളരെ കുറച്ചാണ് പറയാറുള്ളത്. നല്ലൊരു കൊണ്ടെന്റും സ്കെയിലും ചേർന്നാൽ എന്താകുമെന്നത് ലോകയുടെ ട്രെയ്ലർ കണ്ടപ്പോൾ മനസിലായി. ഈ സിനിമ നന്നായി ഓടേണ്ടത് എന്റെയും കൂടെ ആവശ്യമാണ്. സിനിമ നന്നായി ഓടിയാൽ ഐആം ഗെയിമിന്റെ ബജറ്റ് കൂടി കൂട്ടി തരാം എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു സിനിമ ഗംഭീര ഹിറ്റാകട്ടെ എന്ന്." നഹാസ് ഹിദായത്ത് പറഞ്ഞു.
ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും. സൂപ്പർ ഹീറോ- ഫാന്റസി ജോണറിൽ പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിന്റെ മാർവെൽ ആവുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. കേരളത്തിൽ ബിഗ് റിലീസായി വേഫെറർ ഫിലിംസ് എത്തിക്കുന്ന ചിത്രം വമ്പൻ വിതരണക്കാരാണ് റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും എത്തിക്കുന്നത്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം, തെലുങ്കിൽ സിതാര എൻ്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
സൂപ്പർഹീറോ ആയ 'ചന്ദ്ര' എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ 'സണ്ണി' എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും 'വേണു' ആയി ചന്ദുവും, 'നൈജിൽ' ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'.
മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വമ്പൻ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും പ്രദർശനത്തിന് എത്തും.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ