
ചെന്നൈ: തമിഴ് സിനിമാ സംവിധായകന്‍ വിഘ്നേഷ് ശിവനും നടിയും നിര്‍മാതാവുമായ നയന്‍താരയും നൃത്തസംവിധായകന്‍ ജാനി മാസ്റ്ററുമായി സഹകരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. 2024 സെപ്റ്റംബറില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസില്‍ ജാനി മാസ്റ്റര്‍ അറസ്റ്റിലായിരുന്നു.
ഇതിന് ശേഷം താത്കാലിക ജാമ്യത്തിലാണ് ഇപ്പോള്‍ ഈ നൃത്ത സംവിധായകന്‍. നേരത്തെ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ജാനി മാസ്റ്ററുടെ പേരില്‍ പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരവും റദ്ദാക്കിയിരുന്നു. എന്നാല്‍ വിഘ്നേഷ് ശിവന്റെ പുതിയ ചിത്രമായ 'ലവ് ഇന്‍ഷുറന്‍സ് കമ്പനി' (LIK) എന്ന ചിത്രത്തിന്റെ നൃത്തസംവിധാനത്തിനായി ജാനി മാസ്റ്റര്‍ എത്തിയതാണ് വിവാദമായിരിക്കുന്നത്.
വിവാദത്തിന്റെ തുടക്കം ജൂലൈ 1-ന് ജാനി മാസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിഘ്നേഷ് ശിവനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയും വീഡിയോയും പങ്കുവെച്ചതോടെയാണ്. " എന്നൊടുള്ള കരുതലിനും എനിക്ക് നല്‍കിയ സ്നേഹത്തിനും സന്തോഷത്തിനും നന്ദി" എന്ന് പറഞ്ഞായിരുന്നു ഈ പോസ്റ്റ്. ഈ പോസ്റ്റിന് 'സ്വീറ്റ് മാസ്റ്റര്‍ ജി' എന്ന് വിഘ്നേഷ് കമന്‍റും ചെയ്തിരുന്നു.
ഈ പോസ്റ്റ് വൈറലായതോടെ, സോഷ്യല്‍ മീഡിയയില്‍ വിഘ്നേഷിനെയും നയന്‍താരയെയും വിമര്‍ശിച്ച് നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. "വിഘ്നേഷ് ശിവനോടുള്ള ബഹുമാനം ആളുകൾക്ക് നഷ്ടപ്പെടാൻ ഒരു കാരണമുണ്ട്. ആദ്യം അത് ദിലീപായിരുന്നു. ഇപ്പോൾ അത് ജാനി മാസ്റ്ററാണ്. ആരോപണവിധേയരായ വേട്ടക്കാരെ 'വൈബ്' എന്ന് വിളിക്കുന്നത് തുടരുക, നിങ്ങൾ ആര്‍ക്കൊപ്പം എന്ന് ഞങ്ങൾക്ക് കൃത്യമായി കാണാൻ കഴിയും -അതിജീവിതകള്‍ക്കൊപ്പം അല്ല. നയൻതാരയ്ക്ക് അതിൽ സന്തോഷമുണ്ടോ? " എന്നാണ് ഒരു എക്‌സ് യൂസര്‍ കുറിച്ചത്.
ഗായിക ചിന്മയി ശ്രീപാദയും വിമര്‍ശനവുമായി രംഗത്തെത്തി. "പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ജാനി ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുന്നു. ഒരു ജനത എന്ന നിലയിൽ നമ്മൾ 'കഴിവുള്ള' കുറ്റവാളികളെ സ്നേഹിക്കുന്നതായി തോന്നുന്നു, അവരെ പ്രോത്സാഹിപ്പിക്കുകയും അധികാര സ്ഥാനങ്ങളിൽ നിലനിർത്തുകയും ചെയ്യും, കുറ്റവാളികൾ സ്ത്രീകളെ കൂടുതൽ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നു - 'എനിക്ക് ഒന്നും സംഭവിക്കരുത്.' നമ്മൾ അങ്ങനെയാണ്. സ്വീറ്റ്!" എന്നായിരുന്നു അവരുടെ പോസ്റ്റ്.
നയന്‍താര, 'ലവ് ഇന്‍ഷുറന്‍സ് കോമ്പനി'യുടെ നിര്‍മാതാവ് കൂടിയാണ്. ഭര്‍ത്താവിന്റെ ഈ തീരുമാനത്തോട് നിശബ്ദത പാലിച്ചതിനും അവര്‍ക്ക് വിമര്‍ശനം നേരിടേണ്ടി വന്നു. "നയന്‍താര സ്വയം നേട്ടങ്ങള്‍ ഉണ്ടാക്കിയ ഒരു സ്ത്രീയാണെന്നും, സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും, എന്നിട്ടും ഒരു പോക്സോ കേസ് പ്രതിയുമായി സഹകരിക്കുന്നതിനോട് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്?" എന്ന് ഒരു യൂസര്‍ ചോദിച്ചു.
2024 സെപ്റ്റംബറില്‍, ജാനി മാസ്റ്റര്‍ തന്‍റെ ഒരു ജൂനിയര്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് താത്കാലിക ജാമ്യത്തില്‍ വിട്ടയച്ചു. 'തിരുച്ചിത്രംബലം' എന്ന ചിത്രത്തിലെ ഡാന്‍സിന് ലഭിച്ച ദേശീയ പുരസ്‌കാരവും ഈ ആരോപണങ്ങളെ തുടര്‍ന്ന് റദ്ദാക്കപ്പെട്ടിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ