കുട്ടനാടന്‍ ബ്ലോഗ്, പടയോട്ടം..; ഈയാഴ്ച തീയേറ്ററുകളിലേക്ക് ആറ് സിനിമകള്‍

Published : Sep 14, 2018, 12:15 AM ISTUpdated : Sep 19, 2018, 09:25 AM IST
കുട്ടനാടന്‍ ബ്ലോഗ്, പടയോട്ടം..; ഈയാഴ്ച തീയേറ്ററുകളിലേക്ക് ആറ് സിനിമകള്‍

Synopsis

മറുഭാഷാ സിനിമകള്‍ ഉള്‍പ്പെടെ ആകെ ആറ് ചിത്രങ്ങളാണ് ഈയാഴ്ച തീയേറ്ററുകളിലേക്ക്.

ഓണക്കാലം നഷ്ടപ്പെട്ടെങ്കിലും തീയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ തിരിച്ചെത്തിത്തുടങ്ങിയതിന്‍റെ ആഹ്ളാദത്തിലാണ് ചലച്ചിത്ര വ്യവസായം. ഫിലിം ചേംബര്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ തീരുമാനപ്രകാരമാണ് ഓണച്ചിത്രങ്ങള്‍ കഴിഞ്ഞ വാരം മുതല്‍ പലപ്പോഴായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ ഏഴിന് തീയേറ്ററുകളിലെത്തിയ ടൊവീനോ തോമസ് ചിത്രം തീവണ്ടി കേരളമെമ്പാടും ഹൗസ്‍ഫുള്‍ ഷോകളുമായി തുടരുകയാണ്. തീവണ്ടിയുടെ വിജയം പിന്നാലെയെത്തുന്ന മറ്റ് ചിത്രങ്ങളുടെ അണിയറക്കാര്‍ക്കും ആവേശം പകരുന്നുണ്ട്. ഈ വാരം തീയേറ്ററുകളിലേക്ക് രണ്ട് മലയാളചിത്രങ്ങളുണ്ട്. സേതു ആദ്യമായി സംവിധാനം ചെയ്യുന്ന, മമ്മൂട്ടി നായകനാവുന്ന ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗും ബിജു മേനോന്‍ നായകനാവുന്ന റഫീഖ് ഇബ്രാഹിം ചിത്രം പടയോട്ടവും. ഇവ രണ്ടും ഓണത്തിന് തീയേറ്ററുകളിലേക്ക് എത്തേണ്ടതായിരുന്നു. മറുഭാഷാ സിനിമകള്‍ ഉള്‍പ്പെടെ ആകെ ആറ് ചിത്രങ്ങളാണ് ഈയാഴ്ച തീയേറ്ററുകളിലേക്ക്.

ഒരു കുട്ടനാടന്‍ ബ്ലോഗ്

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. കുട്ടനാടിന്‍റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനാണ് മമ്മൂട്ടി. ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അനു സിത്താര, ഷംന കാസിം എന്നിവര്‍ നായികമാര്‍. സംവിധായകന്‍റേത് തന്നെയാണ് തിരക്കഥ. സിദ്ദിഖ്, നെടുമുടി വേണു, ലാലു അലക്സ്, ജേക്കബ് ഗ്രിഗറി, സഞ്ജു ശിവറാം, ജൂഡ് ആന്‍റണി ജോസഫ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

 

പ്രദീപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ശ്രീനാഥ് ആണ്. പശ്ചാത്തലസംഗീതം ബിജിബാല്‍. അനന്തവിഷന്‍റെ ബാനറില്‍ പി.മുരളീധരനും ശാന്ത മുരളീധരനും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. അബ്രഹാമിന്‍റെ സന്തതികള്‍ക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്.

പടയോട്ടം

വേറിട്ട ഗെറ്റപ്പിലുള്ള ബിജു മേനോന്‍റെ ഫസ്റ്റ് ലുക്കിലൂടെയാണ് ഈ ചിത്രം പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയത്. ചെങ്കല്ല് രഘു എന്നാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സുധി കോപ്പ, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, ഐമ സെബാസ്റ്റ്യന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഹരീഷ് കണാരന്‍, രാഹുല്‍ ദേവ്, സുരേഷ് കൃഷ്ണ, സേതു ലക്ഷ്മി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

 

അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു സിത്താരയാണ് നായിക. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം. 

സീമ രാജ

ശിവകാര്‍ത്തികേയന്‍ ടൈറ്റില്‍ റോളിലെത്തുന്ന തമിഴ് ചിത്രത്തിന്‍റെ സംവിധായകന്‍ പൊന്‍‍റാം. ശിവകാര്‍ത്തികേയന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസാണ് ചിത്രം. ബോക്സ്ഓഫീസില്‍ മികച്ച വിജയം നേടിയ വേലൈക്കാരന്‍ പുറത്തിറങ്ങി എട്ടോളം മാസങ്ങള്‍ക്ക് ശേഷമാണ് സീമ രാജയുമായി ശിവകാര്‍ത്തികേയന്‍ എത്തുന്നത്. 40 കോടി ബജറ്റില്‍ പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ നായികയാവുന്നത് സാമന്തയാണ്. ചിത്രം വ്യാഴാഴ്ച തീയേറ്ററുകളിലെത്തി. 

 


മന്‍മര്‍സിയാന്‍

മുക്കബാസിനും ലസ്റ്റ് സ്റ്റോറീസിലെ ലഘുചിത്രത്തിനും ശേഷം തീയേറ്ററുകളിലെത്തുന്ന അനുരാഗ് കാശ്യപിന്‍റെ ബോളിവുഡ് ചിത്രം. അഭിഷേക് ബച്ചന്‍, വിക്കി കൗശല്‍, തപ്‍സി പന്നു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2016ല്‍ പുറത്തെത്തിയ ഹൗസ്‍ഫുള്‍ 3ന് ശേഷം തീയേറ്ററുകളിലെത്തുന്ന അഭിഷേക് ബച്ചന്‍ ചിത്രമാണിത്. അനുരാഗ് കാശ്യപിന്‍റെ സംവിധാനത്തില്‍ എത്തുന്നതുകൊണ്ടുതന്നെ അഭിഷേകിന്‍റെ കരിയറിലും ഒരു പുതിയ ബ്രേക്ക് ലഭിക്കാവുന്ന ചിത്രം. മുന്‍പ് പല ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വ്വഹിച്ച രാജീവ് രവിയെയല്ല ഇക്കുറി അനുരാഗ് കൂടെക്കൂട്ടിയിരിക്കുന്നത്. സില്‍വെസ്റ്റര്‍ ഫൊന്‍സെകയാണ് സിനിമാറ്റോഗ്രഫി.

 

ദി പ്രിഡേറ്റര്‍

പ്രിഡേറ്റര്‍ സിരീസിലെ നാലാം ചിത്രം (രണ്ട് ഏലിയന്‍ vs പ്രിഡേറ്റര്‍ ചിത്രങ്ങള്‍ കൂട്ടിയാല്‍ ആറാം ചിത്രം). ഷെയ്ന്‍ ബ്ലാക്ക് സംവിധാനം ചെയ്യുന്ന ചിത്രം ഹോളിവുഡില്‍ നിന്നുള്ള സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ വിഭാഗത്തില്‍ പെട്ടതാണ്. ഈ മാസം ആറിന് ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. ഇന്ത്യയില്‍ വ്യാഴാഴ്ചയെത്തി.

 

ലവ് സോണിയ

തബ്‍രേസ് നൂറാനി സംവിധാനം ചെയ്ത ഈ ഹിന്ദി ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രദര്‍ശനം ലണ്ടന്‍ ചലച്ചിത്രോത്സവത്തിലായിരുന്നു. ഇന്ത്യയിലെ ലൈംഗിക വ്യാപാരം പ്രമേയമാക്കുന്ന ചിത്രത്തിന് ഇനിനകം നിരൂപകശ്രദ്ധ നേതാനായിട്ടുണ്ട്. രാജ്‍കുമാര്‍ റാവു, മനോജ് വാജ്പേയി, റിച്ച ഛദ്ദ തുടങ്ങി വലിയ താരനിര അണിനിരക്കുന്നു. ട്രെയ്‍ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിമലും നട്ടിയും ഒന്നിക്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രം; 'വടം' ആദ്യ ഗാനം എത്തി
'ലോകത്ത് യുദ്ധങ്ങൾ നിലയ്ക്കുന്ന ഒരു നാൾ സ്വപ്നം കാണുന്നൊരാൾ..'; കുറിപ്പ് പങ്കുവച്ച് മീനാക്ഷി