ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന 'മായൻ' എന്ന മിസ്റ്ററി ത്രില്ലർ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജയസൂര്യ പോലീസ് ഓഫീസറായി എത്തുന്ന ഈ ചിത്രത്തിൽ നൈല ഉഷയാണ് നായിക.
ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന മായൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. പൊലീസ് വേഷത്തിൽ, ഒരു സംഘട്ടനം കഴിഞ്ഞ് നിൽക്കുന്ന ലുക്കിലുള്ള ജയസൂര്യയാണ് പോസ്റ്ററിൽ ഉള്ളത്. നടന്റെ കൈയിൽ മുറിഞ്ഞുപോയ ഒരു കുരിശ്. പിന്നിൽ ഇരുട്ടും ദുരൂഹതയും നിറഞ്ഞ അന്തരീക്ഷം. ഒപ്പം, ‘Beyond the Shadows’- നിഴലുകൾക്കപ്പുറം എന്ന ടാഗ്ലൈനുമായാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. ചിത്രം ഡിസംബർ 3ന് തിയറ്ററുകളിൽ എത്തും. മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ചിത്രം നിർമിച്ചിരിക്കുന്നത്.
സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം, ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസ് ബാനറിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. "മായൻ ചാപ്റ്റർ 1" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ ബിയോണ്ട് ദ ഷാഡോസ് എന്നാണ്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും ചിത്രത്തിലെ നിർണായക കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. ജയസൂര്യ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രം, ഒരു മിസ്റ്ററി ത്രില്ലർ ആണെന്ന സൂചനയാണ് നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ നൽകിയത്.
പ്രേക്ഷകരിൽ വലിയ ആകാംക്ഷ സൃഷ്ടിക്കുന്ന തരത്തിലുള്ള മിസ്റ്ററി ത്രില്ലർ ആയിരിക്കും ‘മായൻ’ എന്നാണ് ലഭിക്കുന്ന സൂചനകൾ പറയുന്നത്. സാധാരണ മിസ്റ്ററി ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായി, രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് നീളുന്ന ഒരു ദുരൂഹ ലോകത്തേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ചില രഹസ്യ ആചാരങ്ങളും, ലോകത്തിന്റെ പല ഭാഗങ്ങളിലായി മറഞ്ഞിരിക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ കഥയുടെ പ്രധാന പശ്ചാത്തലമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി, സംഗീതം ഒരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിംഗ് നിർവഹിക്കുന്നത് പ്രവീൺ പ്രഭാകർ എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ - സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ - രോഹിത് ആർ നായർ, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബോസ് വി, വരികൾ - രാജീവ് ഗോവിന്ദൻ, ജിതിൻ കെ ജോസ്, കോ - റൈറ്റർ - ശ്രീഖിൽ ശ്രീനിവാസൻ, സ്റ്റിൽസ് - സിനത് സേവ്യർ, പ്രോജക്ട് ഡിസൈനർ - ആൻ്റണി സ്റ്റീഫൻ, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.



