ശ്രീദേവിയെ അനുകരിച്ച കുട്ടിക്കാലം..

By NimishaFirst Published Feb 25, 2018, 3:23 PM IST
Highlights

തൊണ്ടിമുതല്‍ ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ പ്രേക്ഷകപ്രീതി നേടിയ നടി നിമിഷ സജയന്‍ ശ്രീദേവിയെ കുറിച്ച് എഴുതുന്നു

രാവിലെ എഴുന്നേറ്റ് പതിവുപോലെ ഫോണ്‍ നോക്കിയതായിരുന്നു. ആദ്യം കണ്ടതുതന്നെ നടുക്കുന്ന ആ വാര്‍ത്തയായിരുന്നു. കുട്ടിക്കാലം മുതലേ മോഹിപ്പിച്ച പ്രിയപ്പെട്ട നായിക വിടവാങ്ങിയ വാര്‍ത്ത. അത് കണ്ടപ്പോള്‍ തോന്നിയ ദു:ഖത്തെ മറച്ച് അവരുടെ ഒരുപാട് കഥാപാത്രങ്ങളായിരുന്നു ഓര്‍മ്മയില്‍ മിന്നിമറഞ്ഞത്.

മനസ്സിലേക്ക് ആദ്യം വന്നത് മിസ്റ്റര്‍ ഇന്ത്യയിലെ ഹവ്വാ ഹവ്വായി എന്ന പാട്ടും അതിന്റെ രംഗങ്ങളുമായിരുന്നു. കുഞ്ഞുനാള്‍ മുതല്‍ എനിക്കിഷ്ടമുള്ളതാണ് ആ പാട്ടും സിനിമയും. അതിലെ ശ്രീദേവിയുടെ എക്സ്പ്രഷനുകളൊക്കെ എങ്ങനെ മറക്കാനാണ്. ഹവാ ഹവ്വായിലെ ആ എക്‌സ്പ്രഷന്‍സ് ഒക്കെ ശ്രീദേവി എന്ന നടിക്കല്ലാത്തെ മറ്റാര്‍ക്കും ഒരിക്കലും ചെയ്യാന്‍ പറ്റില്ല. മിസ്റ്റര്‍ ഇന്ത്യയിലെ ചാര്‍ളി ചാപ്ലിന്റെ വേഷം ഒക്കെ കെട്ടിയുള്ള അഭിനയമൊക്കെ ഇപ്പോഴും ഓര്‍മ്മയിലുണ്ട് പിന്നെ ചാല്‍ബാസിലെ ഇരട്ടറോളും. അതിലെ മേരാ ബല്‍മാ എന്ന ഡയലോഗായിരുന്നു എനിക്ക് ചെറുപ്പത്തില്‍ ഏറ്റവും പ്രിയപ്പെട്ടത്. എപ്പോഴും അത് അനുകരിക്കാന്‍ ശ്രമിക്കും. വെറുതെ വാക്കിലല്ല, ശരിക്കും ഒന്നിനൊന്ന് വ്യത്യസ്‍ത ഉളള ഒരുപാട് കഥാപാത്രങ്ങളായിരുന്നു അവര്‍ അവതരിപ്പിച്ചത്. ആ ഒരു തലത്തിലേക്ക് മറ്റാര്‍ക്കെങ്കിലും കടന്നുവരാനായിട്ടുണ്ടോ? ഇല്ല, ഉണ്ടാകില്ല.

വളര്‍ന്നു വന്നപ്പോഴാണ് ശ്രീദേവിയെന്ന നടിയുടെ അഭിനയത്തെ കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുന്നതും പ്രത്യേകതരം ഇഷ്‍ടമുണ്ടാകുന്നതും. സിനിമയുടെ എല്ലാ വളര്‍ച്ചയും നേരിട്ട് കണ്ട നടിയായിരുന്നല്ലോ ശ്രീദേവി. ബ്ലാക്ക് ആന്‍ വൈറ്റ്, കളര്‍, ഡിജിറ്റല്‍ അങ്ങനെ എല്ലാം കണ്ടും അറിഞ്ഞും തിളങ്ങിയ താരം. പറഞ്ഞാല്‍ തീരില്ല, അവരുടെ പ്രത്യേകതള്‍. അവര്‍ ശരിക്കും മികച്ചൊരു പെര്‍ഫോമറായിരുന്നു.

മുംബൈയിലാണ് വളര്‍ന്നതെങ്കിലും ശ്രീദേവിയെ ഇതുവരെ നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല. നേരിട്ട് കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. കാണാന്‍ സാധിക്കാത്തത് വലിയൊരു നഷ്‍ടമായി അവശേഷിക്കുന്നു.

ഞാനിപ്പോള്‍ ഉള്ളത് മധുപാല്‍ സാറിന്റെ ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ ലൊക്കേഷനിലാണ്. രാവിലെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് എല്ലാവരും കൂടി പ്രാര്‍ത്ഥിച്ചു. നമുക്ക് എല്ലാവര്‍ക്കും ആ വലിയ നടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.

click me!