തീയേറ്ററുകളിലെ ഓണം ആര് നേടും? വിജയികള്‍ ഇവരില്‍ നിന്ന്

By Web TeamFirst Published Aug 1, 2018, 9:47 PM IST
Highlights

ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊന്നും ഇത്തവണ ഓണച്ചിത്രങ്ങളില്ല.

മലയാളസിനിമ എക്കാലവും പ്രതീക്ഷ പുലര്‍ത്തുന്ന സീസണാണ് ഓണം. സ്ഥിരം പ്രേക്ഷകരല്ലാത്തവരും കുടുംബസമേതം തീയേറ്ററുകളിലേക്കെത്തുന്ന ആഘോഷ സീസണ്‍ ലക്ഷ്യമാക്കി ഇക്കുറിയും സിനിമകള്‍ ഒരുങ്ങിക്കഴിഞ്ഞു. മമ്മൂട്ടി, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ബിജു മേനോന്‍ എന്നിവര്‍ നായകന്മാരാകുന്ന ചിത്രങ്ങള്‍ ഈ ഓണക്കാലത്ത് തീയേറ്ററുകളിലുണ്ടാകുമെന്ന് ഇതിനകം ഉറപ്പിച്ചു. മോഹന്‍ലാലിന് നായകനാവുന്ന ചിത്രമില്ലെങ്കിലും അതിഥി താരമാകുന്ന ചിത്രം ഇക്കൂട്ടത്തിലുണ്ട്. ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊന്നും ഇത്തവണ ഓണച്ചിത്രങ്ങളില്ല. 2018 ലെ ഓണത്തെ വരവേല്‍ക്കാന്‍ തീയേറ്ററുകളിലേക്കെത്തുമെന്ന് ഇതിനകം ഉറപ്പിച്ച സിനിമകള്‍ ഇവയാണ്.

കായംകുളം കൊച്ചുണ്ണി

മലയാളത്തിലെ പെര്‍ഫെക്ഷനിസ്റ്റുകളില്‍ ഒരാളായ റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനം, ബോബി-സഞ്ജയ്‍യുടെ തിരക്കഥ, നായകന്‍ നിവിന്‍ പോളി, ഒപ്പം മറ്റൊരു രസികന്‍ കഥാപാത്രമായി മോഹന്‍ലാല്‍.. കായംകുളം കൊച്ചുണ്ണിയാണ് ഈ ഓണക്കാലത്തെ മലയാളചിത്രങ്ങളില്‍ ഏറ്റവുമധികം പ്രേക്ഷക പ്രതീക്ഷയുമായി എത്തുന്നത്.  45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി. 

ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍തിരിക്കുന്നത്. ബാഹുബലിയുടെ നിര്‍മ്മാണ ഏകോപനം നിര്‍വ്വഹിച്ച ഫയര്‍ഫ്‍ളൈയാണ് കൊച്ചുണ്ണിയിലും സഹകരിച്ചിരിക്കുന്നത്. ബാഹുബലി, തലാഷ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ച സതീഷാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിനും ശബ്ദം ഒരുക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ടീമടക്കം ആക്ഷന്‍ രംഗങ്ങളില്‍ സഹകരിച്ചിട്ടുണ്ട്.

 

കായംകുളം കൊച്ചുണ്ണി എന്ന ടൈറ്റില്‍ കഥാപാത്രമായി നിവിന്‍ എത്തുമ്പോള്‍ ഇത്തിക്കര പക്കിയുടെ വേഷപ്പകര്‍ച്ചയിലാണ് മോഹന്‍ലാല്‍ എത്തുക. പ്രിയ ആനന്ദ്, ബാബു ആന്‍റണി, പ്രിയ തിമ്മേഷ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന്‍ പോളിയുടേതായി ഈ വര്‍ഷമെത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. ശ്യാമപ്രസാദിന്‍റെ ഹേയ് ജൂഡ് ആയിരുന്നു നിവിന്‍റെ കഴിഞ്ഞ ചിത്രം.

ഒരു കുട്ടനാടന്‍ ബ്ലോഗ്

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. കുട്ടനാടിന്‍റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനാണ് മമ്മൂട്ടി. ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അനു സിത്താര, ഷംന കാസിം എന്നിവര്‍ നായികമാര്‍. സംവിധായകന്‍റേത് തന്നെയാണ് തിരക്കഥ. സിദ്ദിഖ്, നെടുമുടി വേണു, ലാലു അലക്സ്, ജേക്കബ് ഗ്രിഗറി, സഞ്ജു ശിവറാം, ജൂഡ് ആന്‍റണി ജോസഫ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

 

പ്രദീപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ശ്രീനാഥ് ആണ്. പശ്ചാത്തലസംഗീതം ബിജിബാല്‍. അനന്തവിഷന്‍റെ ബാനറില്‍ പി.മുരളീധരനും ശാന്ത മുരളീധരനും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. അബ്രഹാമിന്‍റെ സന്തതികള്‍ക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്.

വരത്തന്‍

അമല്‍ നീരദിന്‍റെ കരിയറില്‍ ഇതുവരെയുള്ള ചിത്രങ്ങളില്‍ പ്രേക്ഷകാഭിപ്രായത്തില്‍ മുന്നിലുള്ള സിനിമയാണ് ഇയ്യോബിന്‍റെ പുസ്തകം. ഇയ്യോബിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും വീണ്ടുമൊന്നിക്കുന്നു എന്നതുതന്നെ ഓണത്തിന് തീയേറ്ററുകളിലെത്തുന്ന വരത്തന്‍റെ പ്രധാന യുഎസ്‍പി. മായാനദിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഐശ്വര്യ ലക്ഷ്‍മിയാണ് നായിക.

 

അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഫഹദ് ഫാസില്‍ ആന്‍റ് ഫ്രണ്ട്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് രണ്ട് ഗെറ്റപ്പുകളിലെത്തും. വാഗമണ്‍, ദുബൈ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷന്‍. സുഹാസ്-ഷര്‍ഫുവിന്‍റേതാണ് രചന. സൗബിന്‍ ഷാഹിറിന്‍റെ പറവ, അഞ്ജലി മേനോന്‍റെ കൂടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിറ്റില്‍ സ്വയാമ്പ് പോള്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രമാണ് വരത്തന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. സൗണ്ട് ഡിസൈന്‍ തപസ് നായക്. സംഗീതം സുശിന്‍ ശ്യാം. ചിത്രത്തിന്‍റെ വിഷയത്തെക്കുറിച്ചോ ഴോണറിനെക്കുറിച്ചോ ഒന്നും ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല അമല്‍ നീരദ്. 

പടയോട്ടം

വേറിട്ട ഗെറ്റപ്പിലുള്ള ബിജു മേനോന്‍റെ ഫസ്റ്റ് ലുക്കിലൂടെയാണ് ഈ ചിത്രം പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയത്. ചെങ്കല്ല് രഘു എന്നാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സുധി കോപ്പ, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, ഐമ സെബാസ്റ്റ്യന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഹരീഷ് കണാരന്‍, രാഹുല്‍ ദേവ്, സുരേഷ് കൃഷ്ണ, സേതു ലക്ഷ്മി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു സിത്താരയാണ് നായിക. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം. 

 

ടൊവീനോ തോമസ് നായകനാവുന്ന ഫെല്ലിനി ടി.പി ചിത്രം തീവണ്ടി പലതവണ റിലീസ് മാറ്റിവച്ചതാണ്. പുതിയ റിലീസ് തീയ്യതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തീവണ്ടി ഓണത്തിന് തീയേറ്ററുകളില്‍ എത്തില്ലെന്നാണ് ലഭ്യമായ വിവരം. പൃഥ്വിരാജ് നായകനാവുന്ന നിര്‍മല്‍ സഹദേവ് ചിത്രം രണവും റിലീസ് പ്രഖ്യാപിക്കാനുള്ള ചിത്രമാണ്.

click me!