പേമാരി; ബിജു മേനോന്റെ 'പടയോട്ടം' റിലീസ് മാറ്റി

By Web TeamFirst Published Aug 15, 2018, 11:45 AM IST
Highlights

ആകെ അഞ്ച് സിനിമകളാണ് ഓണം റിലീസുകളായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

ബിജു മേനോന്റെ ഓണം റിലീസായി അനൗണ്‍സ് ചെയ്തിരുന്ന പടയോട്ടത്തിന്റെ റിലീസ് തീയ്യതി മാറ്റി. ഈ വെള്ളിയാഴ്ചയാണ് (17) ചിത്രം തീയേറ്ററുകളിലെത്തിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റുകയാണെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും. ചിത്രം ഓണം റിലീസായി തന്നെ തീയേറ്ററിലെത്തുമോ എന്ന കാര്യം വ്യക്തമല്ല. വരും ദിനങ്ങളിലെ മഴയെ ആശ്രയിച്ചാവും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുക.

അഞ്ച് മലയാളം റിലീസുകളാണ് ഇത്തവണ ഓണത്തിന് തീയേറ്ററുകളിലെത്തുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. റോഷന്‍ ആന്‍ഡ്രൂസ്, നിവിന്‍ പോളി, മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണി, മമ്മൂട്ടി-സേതു ഒന്നിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീമിന്റെ വരത്തന്‍, നവാഗതനായ ഫെല്ലിനി ടി.പി ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തീവണ്ടി എന്നിവയാണ് ഓണം റിലീസുകളായി തീയേറ്ററുകളിലെത്തുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രങ്ങള്‍. ഇതില്‍ ഏതെങ്കിലും സിനിമകളുടെ റിലീസ് മാറ്റിയതായി അണിയറക്കാര്‍ ഇതുവരെ അറിയിച്ചിട്ടില്ല. എന്നാല്‍ മഴ ഇപ്പോഴത്തെ സ്ഥിതിയില്‍ തുടരുന്ന സാഹചര്യത്തില്‍ ഈ ചിത്രങ്ങളുടെ റിലീസും മാറ്റിവെക്കേണ്ട സാഹചര്യമുണ്ടാവും.

 

വേറിട്ട ഗെറ്റപ്പിലുള്ള ബിജു മേനോന്റെ ഫസ്റ്റ് ലുക്കിലൂടെയാണ് പടയോട്ടം പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയത്. ചെങ്കല്ല് രഘു എന്നാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സുധി കോപ്പ, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, ഐമ സെബാസ്റ്റ്യന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഹരീഷ് കണാരന്‍, രാഹുല്‍ ദേവ്, സുരേഷ് കൃഷ്ണ, സേതു ലക്ഷ്മി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

click me!