
ചരിത്രത്തിലെ ഏറ്റവും തീവ്രമായ പ്രളയക്കെടുതിയിൽ വലയുന്ന ദൈവത്തിന്റെ സ്വന്തം നാടിന് ആശ്വാസവുമായി ഇതാ ഒരു സിനിമയും അതിന്റെ അണിയറ പ്രവർത്തകരും. ചിത്രത്തിന്റെ വരുമാനത്തിന്റെ നാലിലൊന്നും പ്രളയ ബാധിതരുടെ പുനരധിവാസത്തിന് മാറ്റിവയ്ക്കുകയാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ'.
സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ'. ഇതിന്റെ വരുമാനത്തിന്റെ 25 ശതമാനം സിനിമാ മേഖലയുടെ ഉന്നമനത്തിനായി വിനിയോഗിക്കാൻ നേരത്തേ തന്നെ ഏരീസ് ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. സെപ്റ്റംബർ 21ന് സംസ്ഥാനത്തെ നൂറോളം പ്രമുഖ തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.
ഐക്കരക്കോണം എന്ന ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതമാണ് ചിത്രത്തിന്റെ കഥാ-തന്തു. ഇൻഡിവുഡ് ടാലൻറ് ഹണ്ട് ദേശീയ തലത്തിൽ നടത്തിയ ഓഡിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളായ വിപിൻ മംഗലശ്ശേരി, സമർത്ഥ് അംബുജാക്ഷൻ, സിൻസീർ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുൽ, ശ്യാം കുറുപ്പ്, പ്രഭിരാജ്നടരാജൻ, മുകേഷ് എം നായർ, ബേസിൽ ജോസ് എന്നിവരോടൊപ്പം ലാലു അലക്സ്, ശിവാജി ഗുരുവായൂർ, സുനിൽ സുഖദ,ബോബൻ സാമുവൽ, പാഷാണം ഷാജി (സാജു നവോദയ), ജാഫർ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂർ, സീമ ജി നായർ,മഞ്ജു പത്രോസ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട് . വർക്കല, പുനലൂർ, -ഐക്കരക്കോണം, കൊച്ചി എന്നിവടങ്ങളായിരുന്നു ലൊക്കേഷൻ.
ബിജു മജീദ് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമ്മിച്ചിരിക്കുന്നു. പ്രൊജക്റ്റ് ഡിസൈൻ, ഗാനരചന: സോഹൻ റോയ്. കഥ, തിരക്കഥ, സംഭാഷണം: കെ ഷിബു രാജ്. സഹനിർമ്മാണം: പ്രഭിരാജ് നടരാജൻ. ക്യാമറ: പി സി ലാൽ.
തങ്ങളുടെ ആദ്യ ചാരിറ്റി ചിത്രമായ 'ജലത്തിന്റെ' വരുമാനം മുഴുവനും ഇടുക്കിയിലെ ഭവനരഹിതർക്കായി നൽകിയ ഏരീസ് ഗ്രൂപ്പ് ജൂലായ് അവസാന വാരത്തിൽ കുട്ടനാട്ടിലെ പ്രളയ ബാധിതർക്ക് ആവശ്യമായ സാധന-സാമഗ്രികളും വിതരണം ചെയ്തിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ