
താന്‍ ഒരുക്കിയ സിനിമ തീയേറ്ററുകളിലെത്തുന്ന ദിവസം ഏതെന്ന് അറിഞ്ഞത് സോഷ്യല്‍ മീഡിയ വഴിയാണെന്ന് സംവിധായകന്‍. ഒപ്പം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വാഗ്ദാനം ചെയ്‍ത പണം നല്‍കിയില്ലെന്നും ചിത്രീകരണത്തിലുടനീളം അപമര്യാദയായാണ് പെരുമാറിയതെന്നും ആരോപണം. ഓലപ്പീപ്പി എന്ന ചിത്രമൊരുക്കിയ സംവിധായകനും ഛായാഗ്രാഹകനുമായ കൃഷ് കൈമളാണ് തന്‍റെ പുതിയ ചിത്രമായ ആഷിഖ് വന്ന ദിവസത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ ദുരനുഭവം പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. പെരുന്നാള്‍ റിലീസായ ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തുന്നത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്‍റെ രചനയും ഛായാഗ്രഹണവും കൃഷ് കൈമള്‍ തന്നെയാണ്.
കൃഷ് കൈമള്‍ പറയുന്നു
ഓലപ്പീപ്പിയ്‍ക്ക് ശേഷം ഞാൻ എഴുതി, ഛായാഗ്രഹണവും സംവിധാനവും ചെയ്ത 'ആഷിഖ് വന്ന ദിവസം' നാളെ തിയേറ്ററുകളിൽ എത്തുന്നുവെന്ന് സോഷ്യൽ മീഡിയ വഴി അറിയാൻ കഴിഞ്ഞു. വളരെ സന്തോഷമുണ്ട്. എന്ത് തരും എന്ന് ചോദിക്കാതെ, കഥ പോലും കേൾക്കാതെ, എന്നോടുള്ള വിശ്വാസത്തിന്റെ പേരിൽ അഭിനയിക്കാൻ ഓടിവന്ന എന്റെ പ്രിയ സുഹൃത്ത് പ്രിയാമണിയോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. അതുപോലെ യാത്രാക്കൂലി പോലും ചോദിക്കാതെ വന്ന് അഭിനയിച്ചിട്ടു പോയ എന്റെ സുഹൃത്തുക്കളായ സംവിധായകൻ മനു സുധാകർ, സ്റ്റാജൻ അരുൺ പുനലൂർ, നസീർ, ശ്രീഹരി, ജബ്ബാർ ചെമ്മാട്, രാമചന്ദ്രൻ, ജയൻ നാണപ്പൻ കൂടാതെ പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ ആയ കലാഭവൻ ഹനീഫ്, അൻസാർ തുടങ്ങി ഓരോ അഭിനേതാക്കൾക്കും എന്റെ പ്രത്യേക നന്ദി.
തുച്ഛമായ പ്രതിഫലവും, റേഷൻ ഭക്ഷണവും കഴിച്ച് എന്റെ കൂടെ രാത്രിയും പകലുമില്ലാതെ ജോലി ചെയ്ത സഹപ്രവത്തകരോട് നന്ദി പറയാൻ എനിക്ക് വാക്കുകളില്ല. എഡിറ്റർ ബാബുരത്നം, കലാസംവിധായകൻ മനോജ് നാഡി, സംഗീത സംവിധായകൻ മാത്യു പുളിക്കൻ, പ്രൊഡക്ഷൻ കൺട്രോളർ കിച്ച ഹൃദയ്, എന്റെ സഹസംവിധായകർ വിമൽ പ്രകാശ്, ജംനാസ് മുഹമ്മദ്.. നിങ്ങളോട് നിർമ്മാതാവ് കാണിച്ച എല്ലാ അപമര്യാദകൾക്കും ഞാൻ ക്ഷമ ചോദിയ്ക്കട്ടെ.
നിർമാതാവും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രവുമായ ശ്രീ നാസ്സർ ലത്തീഫിനോടും രണ്ടു വാക്ക്.. താങ്കൾ തന്ന ഒരു ചെറിയ ബജറ്റിൽ നിന്നുകൊണ്ട് എന്റെ പരിമിതമായ എല്ലാ കഴിവുകളും ഉപയോഗിച്ച് ഞാൻ ഈ ചിത്രം തീർത്ത് തന്നിട്ടുണ്ട്. ജോലികൾ എല്ലാം ചെയ്യാൻ വേണ്ടി താങ്കൾ എനിക്കു തന്ന ഒരു ലക്ഷം രുപയും കുറെ തെറി വിളികളും ഫ്രോഡ് എന്ന ഓമനപ്പേരും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. താങ്കൾ എനിക്ക് ഒരു വലിയ പാഠമാണ്. താങ്കളുടെ സുഹൃത്ത് ഇസ്മയിലിനെ സാക്ഷിനിർത്തി റിലീസിന് മുമ്പ് തരാമെന്ന് പറഞ്ഞ ബാക്കി തുക, താങ്കൾ വിശ്വസിയ്ക്കുന്ന സവ്വശക്തനായ അള്ളാഹുവിന്റെ അടുത്തേക്കുള്ള താങ്കളുടെ അന്ത്യയാത്രയിൽ വഴി ചിലവിനായി ഉപകാരപ്പെടട്ടെ. പ്രിയ സുഹൃത്തുക്കളേ, ഈ ചെറിയ ചിത്രം നിങ്ങൾ തിയേറ്ററിൽ വന്നു കണ്ടാൽ, ഞാനടക്കം ഈ ചിത്രത്തിനുവേണ്ടി സഹകരിച്ച, പ്രവത്തിച്ച എല്ലാവർക്കും കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം അതായിരിക്കും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ