മണികര്‍ണികയില്‍ വിവാദ പ്രണയമില്ല; പ്രതിഷേധത്തിന് മറുപടിയുമായി നിര്‍മ്മാതാവ്

By Web DeskFirst Published Feb 11, 2018, 9:23 AM IST
Highlights

ജയ്പൂര്‍: കങ്കണ റണൗട്ടിന്റെ ഏറ്റവും പുതിയ ചിത്രം മണികര്‍ണികയില്‍ വിവാദ പ്രണയ രംഗങ്ങളില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ നിര്‍മ്മാതാവ് കമല്‍ ജെയ്ന്‍. റാണി ലക്ഷ്മി ഭായിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരെ രാജസ്ഥാനിലെ ബ്രാഹ്മണ സംഘടന രംഗത്തെത്തിയിരുന്നു. 

ചിത്രീകരണ രാജസ്ഥാനില്‍ പുരോഗമിക്കുന്ന മണികര്‍ണികയില്‍ ചില രംഗങ്ങളില്‍ റാണി ലക്ഷ്മിയെ മോശമായാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനത്തില്‍ റാണിയ്ക്ക് ഒരു ഇംഗ്ലണ്ടുകാരനുമായി പ്രണണയത്തിലാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും സര്‍വ്വ ബ്രാഹ്മണ മഹാസഭ അധ്യക്ഷന്‍ സുരേഷ് മിശ്ര ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള രംഗങ്ങള്‍ ചിത്രത്തിലില്ലെന്നാണ് മണികര്‍ണികയുടെ നിര്‍മ്മാതാവ് വ്യക്തമാക്കിയിരിക്കുന്നത്. 

ലണ്ടനില്‍നിന്നുള്ള എഴുത്തുകാരി ജയ്ശ്രീ മിശ്ര എഴുതിയ റാണി എന്ന പുസ്തകത്തില്‍നിന്നാണ് സിനിമയിലെ ചില ഭാഗങ്ങള്‍ എടുത്തിരിക്കുന്നത്. ഈ പുസ്തകം ഉത്തര്‍പ്രദേശില്‍ നിരോധിച്ചതാണ്. ചിത്രത്തെ സംബന്ധിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാത്ത പക്ഷം മണികര്‍ണികയുടെ ചിത്രീകരണം തടയുമെന്ന് മിശ്ര നേരത്തേ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗിന് സംഘടനാ പ്രതിനിധികള്‍ പരാതിയും നല്‍കിയിരുന്നു.  

ഝാന്‍സിയുടെ റാണി ലക്ഷ്മി ഭായി ബ്രാഹ്മണ സ്ത്രീയായിരുന്നു. അതുകൊണ്ടുതന്നെ ഇത് ബ്രാഹ്മണരുടെ വികാരവുമായി ബന്ധപ്പെട്ടതാണെന്നും മിശ്ര വ്യക്തമാക്കി. മിശ്ര ചിത്രത്തെ എതിര്‍ത്താല്‍ തങ്ങളും മിശ്രയെ അനുകൂലിക്കുമെന്ന് കര്‍ണിസേന ദേശീയ അധ്യക്ഷന്‍ മക്രാനയും വ്യക്തമാക്കിയിരുന്നു. 

അതേസമയം അത്തരം രംഗങ്ങള്‍ ചിത്രത്തിലില്ലെന്ന് നിര്‍മ്മാതാവ് ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ നടത്താനിരുന്ന പ്രതിഷേധം  സര്‍വ്വ ബ്രാഹ്മണ മഹാസഭ പിന്‍വലിച്ചു. റാണി ലക്ഷ്മി ഭായിയും ബ്രിട്ടീഷ് ഓഫീസര്‍ റോബര്‍ട്ട് എല്ലിസും തമ്മിലുണ്ടായിരുന്ന പ്രണയ ബന്ധത്തെ കുറിച്ച് പ്രതിപാതിക്കുന്ന പുസ്തകമാണ് ജയ്ശ്രീ മിശ്രയുടെ റാണി. 2008 ല്‍ മായാവതി സര്‍ക്കാര്‍ പുസ്തകം യുപിയില്‍ നിരോധിച്ചിരുന്നു. 

ജൂണില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ കൃഷ് ആണ്. 125 കോടി രൂപ മുതല്‍ മുടക്കില്‍ കമല്‍ ജയിന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രസൂന്‍ ജോഷിയം വിജയേന്ദ്ര പ്രസാദും ചേര്‍ന്നാണ്. കങ്കണയ്ക്ക് പുറമെ ജിഷു സെന്‍ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയ് എന്നിവരും ചിത്രത്തിലണിനിരക്കുന്നു.


 

click me!