
ചെന്നൈ: കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് സൂര്യ നായകനായ 'റെട്രോ' തീയറ്ററില്‍ കാര്യമായ ചലനം ഒന്നും ഉണ്ടാക്കാത്ത ചിത്രം ആയിരുന്നു.ശക്തമായ പ്രീ-റിലീസ് ഹൈപ്പ് സൃഷ്ടിച്ചെങ്കിലും, തണുത്ത പ്രതികരണമാണ് ബോക്സ് ഓഫീസില്‍ ചിത്രം ഉണ്ടാക്കിയത്. എന്നാല്‍ ചിത്രത്തിന്‍റെ കഥാപാത്രങ്ങള്‍ക്ക് അവയുടെ വളര്‍ച്ച അടയാളപ്പെടുത്താനുള്ള സമയം കിട്ടിയില്ലെന്നും അതിനാല്‍ റെട്രോ ഒരു ലിമിറ്റഡ് സീരിസായി ഇറക്കാന്‍ കഴിയുമോ എന്ന സാധ്യത തേടുകയാണ് ഇപ്പോള്‍ റെട്രോ സംവിധായകന്‍ കാർത്തിക് സുബ്ബരാജ്.
ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിൽ, ചിത്രത്തിന് രണ്ടര മണിക്കൂറാണ് റൺടൈം അതിനാല്‍ കഥയുടെ ഭൂരിഭാഗവും വെട്ടിച്ചുരുക്കേണ്ടിവന്നു. ഇത് കഥാപാത്ര വികാസവും വൈകാരികമായ പല കാര്യങ്ങളും വെട്ടിചുരുക്കാന്‍ കാരണമായി എന്നാണ് കാർത്തിക് വെളിപ്പെടുത്തിയത്. "പ്രധാന തടസ്സം റൺടൈമായിരുന്നു," അദ്ദേഹം വിശദീകരിച്ചു, കഥാപാത്രങ്ങളുടെ വികാസം യഥാർത്ഥത്തിൽ പ്രേക്ഷകനില്‍ എത്തുന്നതില്‍ ഇത് തടസ്സമായെന്ന് സംവിധായകന്‍ പറഞ്ഞു.
37 മിനിറ്റ് ദൈർഘ്യമുള്ള ഒരു സീക്വൻസ് അവസാന കട്ടില്‍ വെറും 10 മുതൽ 15 മിനിറ്റ് വരെ മാത്രമായി ചുരുക്കേണ്ടി വന്നുവെന്നും കാർത്തിക് പറഞ്ഞു. ഈ ഭാഗത്ത് പരിശീലന മൊണ്ടേജുകൾ, നായകന്‍റെ പ്രണയം ഉൾപ്പെടുന്ന ഫ്ലാഷ്ബാക്കുകൾ, "ഡാഡി ഡാഡി" ഗാനത്തിന് പിന്നിലെ പശ്ചാത്തലം പോലുള്ള പ്രധാന വൈകാരിക നിമിഷങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ടായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു.
എഴുത്തിന്റെ ഘട്ടത്തിൽ തന്നെ പ്രശ്നം ആരംഭിച്ചുവെന്ന് അദ്ദേഹം സമ്മതിച്ചു. "എഴുതാൻ തുടങ്ങിയാൽ, നിങ്ങൾക്ക് കഥാപാത്രത്തിൽ മുഴുകിപ്പോകും, വായിക്കുമ്പോൾ നമ്മുക്ക് എത്രയും ചിന്തിക്കാം സാങ്കേതികമായി ഒരു പേജ് ഒരു മിനുട്ട് സീനാണ്. പക്ഷേ അത് എല്ലായ്പ്പോഴും നടക്കണമെന്നില്ല" കാർത്തിക് പറഞ്ഞു. സംവിധാന സഹായികളും, എഡിറ്റർമാരും സഹായിച്ചിട്ടും ഫൈനല്‍ കട്ട് പലപ്പോഴും ആസൂത്രണം ചെയ്തതിലും കൂടുതൽ നീണ്ടുനിന്നു. "ഇത് ശരിയാകും" എന്ന ഒരു വിശ്വസത്തിലാണ് പല രംഗങ്ങളും കട്ട് ചെയ്തത് എന്നും സംവിധായകന്‍ പറഞ്ഞു.
കഥ നെറ്റ്ഫ്ലിക്സിൽ ഒരു ലിമിറ്റഡ് സീരീസിലേക്ക് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കാർത്തിക് സുബ്ബരാജ് ഇപ്പോൾ. എന്നാല്‍ പ്രഥമ ഘട്ടത്തില്‍ നെറ്റ്ഫ്ലിക്സ് ഈ നിർദ്ദേശം നിരസിച്ചു. ഒടിടി പ്ലാറ്റ്‌ഫോം അത് ചെയ്യാൻ തയ്യാറല്ലെന്നും, എന്നാൽ 'റെട്രോ' ഒരു വെബ് സീരീസായി പുറത്തിറക്കാൻ തന്റെ ഭാഗത്ത് നിന്ന് കൂടുതൽ ശ്രമിക്കുന്നുണ്ടെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേർത്തു.
'റെട്രോ' ഒരു അധോലോക നായകന്‍റെ ദത്തുപുത്രനായ പാരി കണ്ണന്‍റെ കഥയാണ് പറയുന്നത്. അയാൾ അക്രമാസക്തനായാണ് വളര്‍ത്തപ്പെടുന്നത്. എന്നാൽ പാരി രുക്മിണിയുമായി പ്രണയത്തിലാകുമ്പോൾ, അയാൾ കുറ്റകൃത്യങ്ങളുടെ ലോകം ഉപേക്ഷിക്കാൻ ശ്രമിക്കുന്നു, ഇത് പിതാവുമായി അയാള്‍ സംഘര്‍ഷത്തിലാകാന്‍ കാരണമാകുന്നു. തൂത്തുകുടി ഭാഷ സംസാരിക്കുന്ന വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ എത്തിയത്. അന്‍ഡമാനിന്‍റെ പാശ്ചത്തലത്തിലാണ് കഥയുടെ പ്രധാന ഭാഗം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ