
ഹൈദരാബാദ്: തെലുങ്കു സിനിമയുടെ സൂപ്പർതാരം പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി രാജാ സാബ്' ടീസർ യൂട്യൂബിൽ തരംഗമായിരിക്കുകയാണ്. ജൂൺ 16 റിലീസ് ചെയ്ത ഈ ടീസർ, ആദ്യ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വ്യൂ ലഭിച്ച ഏഴാമത്തെ ടീസറായി മാറിയിരിക്കുകയാണ്.
മാരുതി സംവിധാനം ചെയ്യുന്ന 'ദി രാജാ സാബ്' ഒരു സൂപ്പർനാചുറൽ ഹൊറർ ചിത്രമാണ്. ഇതിൽ പ്രഭാസ് ഇരട്ട വേഷങ്ങളിൽ എത്തുന്നു എന്നാണ് വിവരം. ടീസറില്‍ പ്രഭാസിന്റെ വിന്റേജ് റെബൽ സ്റ്റാർ ഇമേജിനെ അവതരിപ്പിക്കുന്നു എന്നത് പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
ടീസറിന്റെ ദൈർഘ്യം 1 മിനിറ്റ് 43 സെക്കൻഡ് മുതൽ 1 മിനിറ്റ് 50 സെക്കൻഡുമാണ്. ഇതില്‍ കോമഡിയും ആക്ഷനും, റൊമാന്‍സും എല്ലാം നിറഞ്ഞിട്ടുണ്ട്. ടീസർ റിലീസിന് മുന്നോടിയായി, ഹൈദരാബാദിൽ 40 അടി ഉയരമുള്ള പ്രഭാസിന്റെ ഒരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു ഇത് ആരാധകരുടെ ആവേശം ഇരട്ടിയാക്കി.
2025 ഡിസംബർ 5-ന് തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ് 'ദി രാജാ സാബ്'. തമൻ എസ് ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. പീപ്പിള്‍സ് മീഡിയ വര്‍ക്കിന്‍റെ ബാനറില്‍ ടി.ജി. വിശ്വ പ്രസാദാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എന്തായാലും ടീസര്‍ ശ്രദ്ധിക്കപ്പെട്ടതോടെ വലിയ പ്രതീക്ഷയിലാണ് പ്രഭാസ് ആരാധകര്‍.
വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.