
തിരുവനന്തപുരം:തലസ്ഥാന നഗരത്തിലെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മ്മാണം മൂലം സംഗീതജ്ഞൻ എംജി രാധാകൃഷ്ണന്‍റെ വീട്ടുമുറ്റവും ഇടിഞ്ഞു താഴ്ന്നു. വീട്ടു മതില്‍ തകരുകയും ചെയ്തു. മോഡൽ സ്കൂൾ മുതൽ ഭാരത് ഭവൻ വരെ നീളുന്ന റോഡിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെയാണ് മലയാളിയുടെ പാട്ടുവീടായ എംജി രാധാകൃഷ്ണന്‍റെ തിരുവനന്തപുരത്തുള്ള മേടയിൽ തറവാട് പുതുക്കിപ്പണിതത്. മതിലിനോട് തൊട്ട് സ്മാര്‍ട് സിറ്റി പദ്ധതിയിൽ പെടുത്തി റോഡ് നവീകരണം നടക്കുകയാണ്. ഓട കീറുമെന്ന് അറിഞ്ഞപ്പോൾ തന്നെ സൂക്ഷിച്ച് വേണമെന്ന് വീട്ടുകാര്‍ ഓര്‍മ്മിപ്പിച്ചിരുന്നു. എന്നാല്‍, മതിലിന്‍റെ ഓരം ചേര്‍ന്ന് മണ്ണ് മാന്തിപ്പോയി മിനിറ്റുകൾക്ക് അകം വലിയൊരു ശബ്ദത്തോടെ മതിൽ നിലം പൊത്തുകയായിരുന്നു.
വീട്ടുമുറ്റം ഇടിഞ്ഞു താഴ്ന്നതോടെ അവിടെ നിര്‍ത്തിയിട്ടിരുന്ന കാര്‍ പോര്‍ച്ചും ഭാഗികമായി തകര്‍ന്നു. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഒരു വശം കുഴിയിലേക്ക് വീണു വീണില്ല എന്നനിലയിലാണ് നിന്നത്. സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. ഏറെ പണിപ്പെട്ടാണ് കുടുങ്ങിക്കിടന്ന കാറ് പുറത്തെടുത്തത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സൈക്കിളും മണ്ണിനടിയിലായി. ഇതിനു സമീപത്തെ മറ്റൊരു വീട്ടുകാരനും സമാനമായ അനുഭവമുണ്ടായിരുന്നു. വലിയ നഷ്ടമാണ് ഇയാള്‍ക്കും ഉണ്ടായത്.
സ്വിവേജ് പൈപ്പിടുന്നതിൽ റോഡ് ഫണ്ട് ബോര്‍ഡും വാട്ടര്‍ അതോറിറ്റിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുഴഞ്ഞു മറിഞ്ഞുകിടന്ന റോഡ് പണി അടുത്തിടെയാണ് പുനരാരംഭിച്ചത്. സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയതയും അശ്രദ്ധയും ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. വഴിയിലിറങ്ങാനോ വിശ്വസിച്ച് വീട്ടിലിരിക്കാനോ വയ്യാത്ത അവസ്ഥ എന്ന് തീരുമെന്ന് ചോദിച്ചാൽ അധികൃതര്‍ ഇതിനും കൃത്യമായ മറുപടി പറയുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ