മധുവിന്റെ മരണം: തെരുവില്‍ നാടകം കളിച്ച് പ്രതിഷേധിച്ച് സന്തോഷ് കീഴാറ്റൂര്‍- വീഡിയോ

By Web DeskFirst Published Feb 23, 2018, 6:48 PM IST
Highlights

അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിന്റെ മരണം മനസാക്ഷിയുള്ളവരെയെല്ലാം നോവിക്കുന്നതാണ്. സിനിമ സാംസ്‍കാരിക പ്രവർത്തകൻ സന്തോഷ് കീഴാറ്റൂർ മധുവിന്റെ മരണത്തെ ആസ്‍പദമാക്കി കോഴിക്കോട് അവതരിപ്പിച്ച തെരുവ് നാടകവും ഉള്ളുപൊള്ളിക്കുന്ന അനുഭവമായി.

റോഡിൽ മലർന്ന് കിടന്നും നടന്നു പോകുന്നവരുടെ കാലിൽ കെട്ടിപ്പിടിച്ചും അയാൾ അലറി വിളിച്ചത് എനിക്ക് വിശക്കുന്നേ എന്നാണ്. അപ്രതീക്ഷിതമായിട്ടായിരുന്നു സന്തോഷ് കീഴാറ്റൂർ കോഴിക്കോട്ടെ തെരുവിൽ ഇറങ്ങിയത്.

മധുവിന്‍റെ ചിത്രം നെഞ്ചിൽ ചേർത്ത് ഒരു പൊതി അരിയും കുറച്ച് മസാലപ്പൊടികളും കയ്യിൽ പിടിച്ച് സന്തോഷ് കീഴാറ്റൂര്‍ തെരുവിലൂടെ നടന്നു. പാളയം ബസ് സ്റ്റാന്റിൽ നിന്ന് തുടങ്ങി മിഠായി തെരുവിലൂടെ ചെന്നു നിന്നത് നിരവധി ജീവിത യാത്രകൾ കണ്ട എസ്‍ കെ പൊറ്റക്കാടിന്റെ പ്രതിമക്ക് മുന്നിൽ.

മേലാകെ ചെളി പുരണ്ട, കറുത്ത് മെലിഞ്ഞ, കീറക്കുപ്പായമിട്ട മധു, വിശന്ന് പൊള്ളിയ അവനെ കൈ രണ്ടും കെട്ടിയിട്ട നിലയിൽ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പെട്ടെന്നൊന്നും മാഞ്ഞ് പോകുന്നതല്ല. നമ്മുടെ ആഡംബരങ്ങൾക്കിടയിലേക്ക് ആ ദൃശ്യങ്ങൾ ഇടക്കിടെ പാഞ്ഞെത്തുമെന്ന് കലാകരൻ ഓർമിപ്പിച്ച് കൊണ്ടിരുന്നു.

click me!