വാക്കുകൾ മുറിഞ്ഞ് സത്യൻ അന്തിക്കാട്; ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് സജി ചെറിയാൻ, സിനിമയിൽ വിട്ടുവീഴ്ച്ചക്ക് തയ്യാറാവാത്തയാളെന്ന് മുകേഷ്

Published : Dec 20, 2025, 10:46 AM IST
Sathyan anthikkad, saji cherian, mukesh

Synopsis

നടനും സംവിധായകനും തിരക്കഥാകൃത്തുമായ അന്തരിച്ച ശ്രീനിവാസനെ അനുസ്മരിച്ച് സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ. അടുത്ത സുഹൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാട് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. 

കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖർ. രണ്ടാഴ്ച്ച കൂടുമ്പോൾ ശ്രീനിവാസൻ്റെ വീട്ടിൽ പോകാറുണ്ടെന്നും രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിൽ തുടരുമെന്നും സംവിധായകൻ സത്യൻ അന്തിക്കാട്. കാലിന് സർജറി കഴിഞ്ഞ് വാക്കറിലായിരുന്നു നടന്നിരുന്നത്. തിരിച്ചുവരാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് സന്ദേശം എന്നൊരു സിനിമയുടെ പ്രസക്തിയെ കുറിച്ച് ഞങ്ങളിരുവരും ചർച്ച ചെയ്തിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സത്യൻ അന്തിക്കാടിന് വാക്കുകൾ പൂർത്തിയാക്കാനായില്ല. വളരെ വൈകാരികമായായിരുന്നു പ്രതികരണം.

സംവിധായകൻ എന്ന നിലയിലുള്ള ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. സാധാരണ മനുഷ്യന്റെ ജീവിതം വളരെ അർത്ഥവത്തായി കേരളത്തിന്റെ മലയാളി മനസ്സുകളിൽ അവതരിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള കോംബോ. മലയാള സിനിമയെ വാനോളം ഉയർത്തിയ ഒട്ടേറെ സമയങ്ങളുണ്ടായെന്നും അഭിനയത്തിൽ സൗന്ദര്യശാസ്ത്രത്തിന് പങ്കില്ലെന്ന് തെളിയിച്ച നടനാണ് ശ്രീനിവാസനെന്നും മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു.

സിനിമയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്തയാളാണ് ശ്രീനിവാസനെന്ന് നടനും എംഎൽഎയുമായ മുകേഷ്. ഒരു തിരക്കഥ വായിച്ചാൽ 10 ചോദ്യങ്ങളെങ്കിലും ചോദിക്കുന്ന, അതിന് മറുപടി ലഭിച്ചാൽ മാത്രം മുന്നോട്ട് പോവുന്നയാളായിരുന്നു ശ്രീനിവാസനെന്ന് മുകേഷ് അനുസ്മരിച്ചു. ശ്രീനിവാസൻ്റെ അടുത്ത് പോവാൻ ഭയമായിരുന്നു. അത്രയും ഷാർപ്പായിരുന്നു ശ്രീനിവാസൻ. ശ്രീനിവാസനെ കുറിച്ച് ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. 43 വർഷത്തിനുള്ളിൽ ഒരിക്കൽ പോലും ചെറിയ നീരസം പോലുമില്ലാത്ത സുഹൃത്തായിരുന്നു ശ്രീനിവാസൻ. സൃഷ്ടികൾ പോലെ തന്നെ ശ്രീനിവാസൻ്റെ ചിരിയും പ്രസിദ്ധമായിരുന്നുവെന്നും മുകേഷ് പറഞ്ഞു.

താനുമായി ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ സഹോദരന്റെ വേർപാട് വേദനയുണ്ടാക്കുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അനുസ്മരിച്ചു. ലോകത്തിന്റെ ഏത് കോണിൽ മലയാളികൾ ഉണ്ടോ അവരെല്ലാം ഒരു ദിവസം ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് എങ്കിലും പറയാതെ, ഓർക്കാതെ കടന്ന് പോകില്ല. "ദാസാ ഓരോന്നിനും അതിന്റേതായ സമയം ഉണ്ട് മോനേ..." തുടങ്ങി മലയാളികൾ എന്നും ഓർക്കുന്ന എത്ര എത്ര ഡയലോഗുകൾ. ഇനി ഇതുപോലെ ഒരു കലാകാരനെ നമ്മൾക്ക് കിട്ടില്ല. ഓരോ രചനകളും മലയാളികളെ സംബന്ധിച്ചിടത്തോളം ചിരികൾ മാത്രമല്ല സമ്മാനിച്ചത്, അവരെ ചിന്തിപ്പിക്കുക കൂടിയാണ് ചെയ്തത്. തീരാ നഷ്ട്ടമാണെന്നും ഈ വിടവ് ഒരിക്കലും മലയാളികൾക്ക് നികത്താൻ കഴിയില്ലെന്നും ​ഗണേഷ് കുമാർ വാർത്താകുറിപ്പിൽ പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങൾ പറയുമ്പോഴും മനസ് നിറയെ പുതിയ ലോകം രൂപപ്പെടണമെന്ന് ശ്രീനിവാസൻ ആഗ്രഹിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അങ്ങനെയൊരു മനുഷ്യസ്നേഹിയെയാണ് നഷ്ടമായത്. എത്ര ഗൗരവമുള്ള വിഷയവും സരസമായി അവതരിപ്പിച്ച അതുല്യ പ്രതിഭാ ശാലിയായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യരുടെ ജീവിതം കൃത്യമായി അവതരിപ്പിക്കാൻ കഴിവുള്ള പ്രതിഭയായിരുന്നു. ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ സർക്കാർ ബഹുമതികളോടെ നടക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മമ്മൂട്ടിക്ക് ശബ്‍ദം നല്‍കിയ ശ്രീനിവാസൻ
'ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി': ശ്രീനിവാസന് ആദരാഞ്ജലികളുമായി പൃഥ്വിരാജ്