
മലയാളികളുടെ എക്കാലത്തെയും പ്രിയ കൂട്ടുക്കെട്ടാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. ഈ കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രങ്ങളൊക്കെ ഇന്നും ചിരിയുണര്‍ത്തുന്നവയാണ്. അത്തരം ഒരു ചിത്രമായിരുന്നു നാടോടിക്കാറ്റ്. ദാസന്‍റെയും വിജയന്‍റെയും ജീവിതം ശ്രീനിവാസന്‍-സത്യന്‍ എന്നീ കൂട്ടുക്കെട്ടില്‍ പിറന്നപ്പോള്‍ മലയാളികള്‍ക്ക് എന്നും ഓര്‍ത്തുവെക്കാവുന്ന ഒരു സിനിമയായി മാറി. ഇന്ന് നാടോടിക്കാറ്റ് പുറത്തിറങ്ങിയിട്ട് 30 വർഷം പിന്നിടുമ്പോള്‍ ഇരുവരും ഇന്നേദിവസം ഒന്നുകൂടി കണ്ടുമുട്ടി. തന്‍റെ ഫേസ്ബുക്കിലൂടെ സത്യന്‍ ഈ അപൂര്‍വനിമിഷം പങ്കുവെച്ചു.
ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാണ് നാടോടിക്കാറ്റ് റിലീസ് ചെയ്തതെങ്കിൽ ഇന്ന് ഇവിടെ വച്ച് ഈ മെസ്സേജുകൾ നമുക്ക് ഒരുമിച്ചിരുന്ന് വായിക്കാൻ പറ്റുമായിരുന്നോ?, സത്യന്‍ കുറിച്ചു.
സത്യൻ അന്തിക്കാടിന്റെ കുറിപ്പ് വായിക്കാം
പൊന്മുട്ടയിടുന്ന താറാവിലെ ഒരു രംഗം ഓർമ്മ വരുന്നു. സ്നേഹലതയുടെ പിറന്നാൾ ദിവസം അമ്പലത്തിന്‍റെ മതിലിനരികിൽ തട്ടാൻ ഭാസ്കരനും സ്നേഹലതയും കണ്ടു മുട്ടി. സ്നേഹലതയുടെ അച്ഛൻ പണിയാൻ ഏൽപ്പിച്ചിരുന്ന രണ്ട് കമ്മലുകൾ അതീവ സ്നേഹത്തോടെ അവൾക്ക് നൽകിക്കൊണ്ട് ഭാസ്കരൻ പറഞ്ഞു - "ഒരു ദിവസം തെറ്റിയാണ് നിന്നെ നിന്റെ അമ്മ പ്രസവിച്ചിരുന്നതെങ്കിൽ ഇന്ന് നമ്മളിങ്ങനെ ഇവിടെ കണ്ടു മുട്ടുമോ?"
രഘുനാഥ് പലേരി എഴുതിയതാണ്.
ഇനിയുള്ളത് ഇന്നത്തെ യാഥാർത്ഥ്യം.
തൃശൂരിൽ ഒരു ഫ്ലാറ്റിൽ പുതിയ സിനിമയുടെ ചർച്ചകളിലാണ് ഞാനും ശ്രീനിവാസനും. 'യാത്രക്കാരുടെ ശ്രദ്ധക്ക്' കഴിഞ്ഞിട്ട് പതിനാറ് വർഷത്തോളമായി. ഒരു നീണ്ട ഇടവേളക്ക് ശേഷമുള്ള ഒത്തു ചേരലാണ്. രാവിലെ മുതൽ രണ്ടു പേരുടെയും മൊബൈലിലേക്ക് മെസ്സേജുകളുടെ പ്രവാഹം. നാടോടിക്കാറ്റിന്‍റെ മുപ്പതാം വർഷമാണ്. മുപ്പത് വർഷങ്ങൾക്ക് മുൻപുള്ള ഒരു നവംബർ ആറിനാണ് ദാസനും വിജയനും മലയാളികളുടെ മുന്നിലേക്ക് ആദ്യമെത്തിയത്. ഞാൻ ശ്രീനിവാസനോട് പറഞ്ഞു -
"ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാണ് നാടോടിക്കാറ്റ് റിലീസ് ചെയ്തതെങ്കിൽ ഇന്ന് ഇവിടെ വച്ച് ഈ മെസ്സേജുകൾ നമുക്ക് ഒരുമിച്ചിരുന്ന് വായിക്കാൻ പറ്റുമായിരുന്നോ?"
ശ്രീനി ചിരിച്ചു.
മുപ്പത് വർഷങ്ങൾ എത്ര പെട്ടന്ന് കടന്നു പോയി ! വിനീതും അരുണും അനൂപും അഖിലുമൊക്കെ അന്ന് പിച്ച വച്ച് തുടങ്ങിയിട്ടേ ഉള്ളൂ. ധ്യാൻ ജനിച്ചിട്ടേയില്ല. ഇന്ന് അവരൊക്കെ യുവാക്കളായി ഞങ്ങളോടൊപ്പം ലോകകാര്യങ്ങൾ ചർച്ച ചെയ്യുന്നു.
കാലത്തിന് നന്ദി.
ദാസനേയും വിജയനേയും ഹൃദയത്തിൽ ഏറ്റു വാങ്ങിയ ഓരോ മലയാളിക്കും നന്ദി. നവംബർ ആറ് മധുരമായ ഒരു ഓർമ്മപ്പെടുത്തലാണ് . പുതിയ സിനിമയ്‍ക്ക് വേണ്ടി ഞാനും ശ്രീനിവാസനും തയ്യാറെടുക്കുന്ന ഈ സന്ദർഭത്തിൽ പ്രത്യേകിച്ചും.
എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ