തലസ്ഥാനത്ത് നടക്കുന്ന മുപ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'അവൾക്കൊപ്പം' ഐക്യദാർഢ്യം ശ്രദ്ധേയമായി.

തലസ്ഥാന ന​ഗരിയിൽ വെച്ച് നടക്കുന്ന മുപ്പതാമത് ഐഎഫ്എഫ്കെയിൽ 'അവൾക്കൊപ്പമു'ള്ള ഐക്യദാർഢ്യം ശ്രദ്ധേയമാവുകയാണ്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങുകൾക്ക് ഇടയിൽ തന്നെ അവൾക്കൊപ്പം എന്ന ഹാഷ്ടാ​ഗും പ്ലാഗ്കാർഡും ഏന്തി ചിലർ വേദിയുടെ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ച ദൃശ്യങ്ങൾ വൈറലായിരുന്നു. അതോടൊപ്പം ആണ് മേളയുടെ മൂന്നാം ദിവസം പ്രധാന വേദിയായ ടാഗോറിൽ 'അവൾക്കൊപ്പം' എന്ന ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത്.

തീർച്ചയായും ഒരു അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന വേദിയിൽ 'അവൾക്കൊപ്പം' എന്ന ഹാഷ്ടാ​ഗിന്റെ പ്രസക്തി വളരെ വലുത് തന്നെയാണ്. അതിജീവിതക്ക് നീതി ലഭിക്കുംവരെ എന്നും അവൾക്കൊപ്പം മാത്രം എന്ന് ഉറപ്പിച്ചു പറയുകയാണ് ഐക്യദാർഢ്യത്തിൽ പങ്കെടുത്ത ഡെലിഗേറ്റസ്. സിപിഐഎം പാർട്ടി സെക്രെട്ടറി എം വി ഗോവിന്ദന്മാസ്റ്റർ, നടി റിമ കല്ലിങ്ങൽ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രശസ്ത സംവിധായകൻ സായിദ് മിർസ, അന്തരിച്ച സംവിധായകൻ ബാലചന്ദ്രന്റെ ഭാര്യ ഷീബ എന്നിവരുൾപ്പടെ നിരവധിപേർ ചടങ്ങിൽ സംസാരിച്ചു. സംവിധായകനും നടനുമായ പ്രകാശ് ബാരെ, സംവിധായകൻ ബീന പോൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 'അവർക്ക് ഈ കോടതിയിൽ നിന്ന് നീതി കിട്ടില്ലെന്ന് ബാലു പറഞ്ഞിരുന്നു... ബാലു പോയി... വിധി വരുന്ന സമയത്ത് ഇല്ലാത്തത് നന്നായെന്ന് തോന്നുന്നു'എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ ചടങ്ങിൽ പറഞ്ഞത്.