വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി സുരക്ഷാ സ്ക്വാഡുകള്‍; പദ്ധതിയുമായി മാക്ട

By Web DeskFirst Published Nov 27, 2017, 6:47 PM IST
Highlights

കൊച്ചി:യുവ നടിക്കെതിരായ അതിക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയ്ക്കായി ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ട. സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷക്കായി ആയോധനകലകളിൽ വനിതകൾക്ക് പരിശീലനം നല്‍കുകയാണ് ആദ്യഘട്ടം.

മാക്ടയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫൈറ്റേഴ്സ് യൂണിയനാണ് ആയോധന കലകളിൽ പ്രാവീണ്യം നേടിയ യുവതികളെ പരിശീലിപ്പിക്കുന്നത്. ആറ് മാസത്തെ പരിശീലനത്തിന് ശേഷം ആവശ്യക്കാർക്ക് സ്ക്വാഡിന്‍റെ സേവനം ലഭ്യമാകും. നൂറോളം പേരാണ് ഇത്തരത്തിൽ പരിശീലനം നേടുക. കൂടാതെ സിപിഐയുടെ വനിതാവിഭാഗത്തിന്‍റെയും എഐടിയുസിയുടെയും സഹായം സ്ത്രീകൾക്ക് ലഭ്യമാക്കും.

അതേ സമയം പദ്ധതിയെ പരാജയപ്പെടുത്താൻ  ഫെഫ്ക ശ്രമിക്കുകയാണെന്ന് മാക്ട കുറ്റപ്പെടുത്തി. പരിശീലനത്തിന്‍റെ ഉദ്ഘാടനത്തിനൊപ്പം സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജനെ അനുമോദിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഫെഫ്ക അദ്ദേഹത്തെ വിലക്കിയെന്നും മാക്ട മുൻ ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര ആരോപിച്ചു.

അമ്മയും പദ്ധതിയോട് മൗനം പാലിക്കുകയാണ്. എന്നാൽ ചില നടിമാർ വ്യക്തിപരമായി വിളിച്ച് അഭിനന്ദിച്ചു. വനിതാസംഘടനയായ ഡബ്ല്യുസിസിയും പരിശീലന പരിപാടി സ്വാഗതം ചെയ്തതായി ബൈജു കൊട്ടാരക്കര പറഞ്ഞു. മാക്ട ഫെ‍‍ഡറേഷൻ പ്രസിഡന്‍റ് കെ.പി രാജേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിനിമാ മേഖലയിലെ തൊഴിൽ സുരക്ഷിതത്വം ഉറപ്പു വരുത്താൻ നിയമം കൊണ്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

click me!