
കൊവിഡിന് ശേഷമാണ് ഒടിടി പ്ലാറ്റ് ഫോമുകള്‍ വലിയ തോതില്‍ പ്രചുര പ്രചാരം നേടിയത്. അതുകൊണ്ട് തന്നെ ഇതര ഭാഷാ സിനിമകള്‍ പല ഭാഷാ സിനിമാപ്രേമികള്‍ക്ക് മുന്നിലും എത്തി. അക്കൂട്ടത്തില്‍ മലയാള സിനിമയും മുന്നില്‍ തന്നെയുണ്ട്. മലയാള സിനിമയ്ക്ക് ഒടിടി പ്രേക്ഷകരും ധാരാളമാണ്. സോഷ്യല്‍ മീഡിയകളില്‍ വരുന്ന പോസ്റ്റുകളില്‍ നിന്നുതന്നെ അത് വ്യക്തമാണ്. അവര്‍ക്കായി വീണ്ടുമൊരു സിനിമ ഒടിടിയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത അവിഹിതം എന്ന ചിത്രമാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്.
ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. നവംബര്‍ 14ന് അവിഹിതം സ്ട്രീമിംഗ് ആരംഭിക്കും. ഒക്ടോബര്‍ 10ന് ആയിരുന്നു സിനിമയുടെ റിലീസ്. തലേദിവസം രാത്രിയില്‍ സ്‌പെഷ്യൽ പ്രിവ്യു ഷോകളും നടത്തിയിരുന്നു. 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലൂടെ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ സെന്ന ഹെഗ്ഡെയുടെ പുതിയ പടം കൂടിയാണ് അവിഹിതം. ഒരു ഗ്രാമവും അവിടെ രൂപപ്പെടുന്ന അവിഹിത കഥകളും അതേത്തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് അവിഹിതത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഇഫോർ എക്സ്പെരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ) എന്നീ ബാനറിൽ മുകേഷ് ആർ മേത്ത, ഹാരിസ് ദേശം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യൂസ്, ക്രീയേറ്റീവ് ഡയറക്ടർ ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ സനാത് ശിവരാജ്. സംഗീതം ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുധീഷ് ഗോപിനാഥ്, കല കൃപേഷ് അയ്യപ്പൻകുട്ടി, അക്ഷൻ അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ദേവ്, റെനിത് രാജ്, കോസ്റ്റ്യൂം ഡിസൈൻ മനു മാധവ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ