പത്മാവതിയ്ക്ക് നേരെ പ്രതിഷേധം; ഗോവന്‍ ചലച്ചിത്രമേള ബഹിഷ്കരിക്കണമെന്ന് ഷബാന ആസ്മി

By web deskFirst Published Nov 19, 2017, 12:43 PM IST
Highlights

മുംബൈ:പത്മാവതിയ്ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഷബാന ആസ്മി. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് ഷബാന ആസ്മി രംഗത്തെത്തിയിരിക്കുന്നത്. പത്മാവതിയ്ക്ക് നേരെയുള്ള പ്രതിഷേധത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള ബഹിഷ്കരിച്ചുകൊണ്ട് വേണം ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതികരിക്കേണ്ടതെന്ന് അവര്‍ വ്യക്തമാക്കി.
 
രാജ്പുത് കര്‍ണിസേന ചിത്രത്തിനെതിരെ ഭാരത് ബന്ദ് പ്രഖ്യാപിക്കുകയും താരങ്ങള്‍ക്കും സംവിധായകനും നേരെ വധഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ മതിയായ രേഖകള്‍ സമര്‍പ്പിച്ചില്ലെന്ന പേരില്‍ ചിത്രം സര്‍ട്ടിഫൈ ചെയ്യാതെ സെന്‍സര്‍ ബോര്‍ഡ് തിരിച്ചയക്കുകയും ചെയ്തു. 

ചില വിഭാഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ മാറ്റുന്നതുവരെ പത്മാവതി റിലീസ് ചെയ്യാനനുവതിക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ്യസിന്ധ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് കത്തയച്ചിരുന്നു.  

താരങ്ങള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ രാജ്സ്ഥാന്‍ മുഖ്യമന്ത്രിയ്ക്കായിട്ടില്ലെന്നും ചലച്ചിത്ര മേഖല ഒരേസ്വരത്തില്‍ ഐഎഫ്എഫ്ഐ ബഹിഷ്കരിക്കുകയാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണം ലഭിച്ച സെക്സി ദുര്‍ഗ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ ഐഎഫ്എഫ്ഐയ്ക്കെതിരെ പ്രതിഷേധം നടന്നുവരികയാണ്. 

click me!