
ബിഗ് ബോസ് വേദിയിലെ അഞ്ജലി അമീറിന്‍റെ അഭിപ്രായപ്രകടനങ്ങള്‍ ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുംവിധമെന്ന് ട്രാന്‍സ്‍ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം. ഈ വാരത്തിലെ എലിമിനേഷന്‍ എപ്പിസോഡില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു അഞ്ജലി അമീറിന്‍റെ എന്‍ട്രി. ഒരു ട്രാന്‍സ്‍ജെന്‍ഡര്‍ പ്രതിനിധി എന്ന നിലയില്‍ ആ സമൂഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ താന്‍ ബിഗ് ബോസ് വേദി ഉപയോഗിക്കുമെന്നാണ് ഷോയില്‍ സ്വയം പരിചയപ്പെടുത്തവേ അഞ്ജലി പറഞ്ഞത്. എന്നാല്‍ തിങ്കളാഴ്ച എപ്പിസോഡില്‍ത്തന്നെ അഞ്ജലിയുടെ ചില പ്രസ്താവനകള്‍ ട്രാന്‍സ്‍ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളില്‍ ചിലരുടെ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. കേരളത്തില്‍ ഒരുപാട് ഫേക്ക് ട്രാന്‍സ്‍ജെന്‍ഡറുകള്‍ ഉണ്ടെന്നും സാമ്പത്തികനേട്ടം മാത്രം ലക്ഷ്യംവച്ച് ക്രോസ് ഡ്രസ്സിംഗ് ചെയ്യുകയാണ് അവര്‍ ചെയ്യുന്നതെന്നും അഞ്ജലി പറഞ്ഞതാണ് വിവാദമായത്. അഞ്ജലി അമീറിന്‍റെ അഭിപ്രായപ്രകടനത്തോടുള്ള തന്‍റെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനെ അറിയിക്കുകയാണ് ശീതള്‍ ശ്യാം.
ശീതള്‍ ശ്യാം പറയുന്നു..
അഞ്ജലി അമീറിനെ എനിക്ക് വളരെ വര്‍ഷം മുന്‍പേ അറിയാം. ഏതുതരം ജീവിതസാഹചര്യത്തില്‍ നിന്ന് വന്ന ആളാണെന്നും അറിയാം. വളരെ മോശമായിരുന്നു അവരുടെ ജീവിതസാഹചര്യം. ഇപ്പോള്‍ തള്ളിപ്പറയുന്ന ലൈംഗികത്തൊഴിലിനെപ്പറ്റി അറിയാവുന്ന ഒരാളാണ് അവര്‍. വൈകുന്നേരങ്ങളില്‍ മാത്രം സ്ത്രീവേഷം കെട്ടിയിരുന്ന ഒരാളായിരുന്നു. അല്ലാത്തപ്പോഴൊക്കെ പുരുഷവേഷത്തില്‍ തന്നെയായിരുന്നു. മാനാഞ്ചിറയിലും പുതിയ സ്റ്റാന്‍റിൽ നിന്നും പൈസ സമ്പാദിച്ചിട്ടാണ് അവര്‍ മറ്റൊരു സ്ഥലത്തേക്ക് പോയത്. പിന്നീട് കോയമ്പത്തൂരില്‍ സര്‍ജറിക്ക് വിധേയമായതിന് ശേഷമാണ് ഈ ഐഡന്‍റിറ്റി കുറച്ചുകൂടി മറച്ചുപിടിക്കാന്‍ അവര്‍ ശ്രമിച്ചുതുടങ്ങിയത്. ചെറുപ്പത്തിലേ അവര്‍ വളരെ സ്ത്രൈണതയുള്ള വ്യക്തിയായിരുന്നു. നമ്മുടെ സൗന്ദര്യബോധത്തിനനുസരിച്ചുള്ള ആളായിരുന്നു. അതുകൊണ്ടുതന്നെ ആ സൗന്ദര്യത്തെ ഉയര്‍ത്തിക്കാട്ടാനും അവര്‍ക്ക് എളുപ്പമായിരുന്നു. പക്ഷേ ഇതിനുമുന്‍പ് പല വേദികളിലും താന്‍ ട്രാന്‍സ്‍ജെന്‍ഡര്‍ ആണെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ സിനിമയിലേക്ക് എത്തിയതിന് ശേഷമാണ് അവര്‍ ഈ ട്രാന്‍സ്‍ജെന്‍ഡര്‍ ഐഡന്‍റിറ്റിയില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കുകയും സ്ത്രീയെന്ന് സ്വയം പറയുകയുമൊക്കെ ചെയ്തത്. അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്. ഇനി ബിഗ് ബോസില്‍ അവരുടെ അഭിപ്രായപ്രകടനങ്ങളെക്കുറിച്ച് പറയാം.
ട്രാന്‍സ്‍ജെന്‍ഡറുകള്‍ വേഷം കെട്ടുകയാണെന്നാണല്ലോ അവര്‍ പറഞ്ഞത്. പകല്‍ ഒരു വേഷവും രാത്രി മറ്റൊരു വേഷവും എന്ന്. ആദ്യം മനസ്സിലാക്കേണ്ടത് നമ്മളെല്ലാം അഭിനയിക്കുന്നവരാണ് എന്നതാണ്. പുരുഷനും സ്ത്രീയും എല്ലാം. ഓരോരുത്തരിലുമുണ്ട് ഈ 'ജെന്‍ഡര്‍ പെര്‍ഫോമന്‍സ്'. അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും അറിയാത്ത ഒരാള്‍ ഇത്തരത്തില്‍ സംസാരിക്കുന്നതിനോട് വിയോജിപ്പുണ്ട്. ബിഗ് ബോസിലുള്ള മറ്റുള്ളവരെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിലും അഞ്ജലിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. അഞ്ജലി പറഞ്ഞത് ട്രാന്‍സ്‍ജെന്‍ഡറുകളില്‍ ഭൂരിപക്ഷവും ചുമ്മാ ലൈംഗികത്തൊഴില്‍ ചെയ്യുന്നവരാണെന്നാണ്.
ഇന്ത്യയില്‍ ആകെ 19 ലക്ഷം ലൈംഗികത്തൊഴിലാളികളുണ്ട്. അതില്‍ സ്ത്രീകളും ട്രാന്‍സ്‍ജെന്‍ഡേഴ്‍സും എല്ലാമുണ്ട്. അങ്ങനെയുള്ളവരെ മോശക്കാരാക്കാനേ അഞ്ജലിയുടെ വാക്കുകള്‍ക്ക് കഴിയൂ. കേരളത്തില്‍ ട്രാന്‍സ് സമൂഹത്തിന് ഇപ്പോള്‍ വിസിബിലിറ്റിയുണ്ട്. അതില്‍ ഭൂരിപക്ഷവും ഇപ്പോള്‍ ചെയ്യുന്നത് ലൈംഗികത്തൊഴില്‍ തന്നെയാണ്. അതുതന്നെയാണ് അവരുടെ വരുമാന മാര്‍ഗ്ഗം. വീടും നാടും വിദ്യാഭ്യാസവും സ്നേഹവും തൊഴിലുമൊന്നുമില്ലാത്ത ഒരു വലിയ സമൂഹത്തെ പതുക്കെയേ പുനരധിവസിപ്പിക്കാന്‍ പറ്റുകയുള്ളൂ. അഥവാ നമ്മള്‍ എന്തിനാണ് അതിനായി ശ്രമിക്കുന്നത്? ഇപ്പോള്‍ സണ്ണി ലിയോണിന്‍റെ കാര്യമെടുക്കാം. അവര്‍ ഒരു പോണ്‍ സ്റ്റാര്‍ ആണ്. ലൈംഗികത്തൊഴിലാണ് അവരും ചെയ്‍തത്. അവരെ നമ്മള്‍ പുനരധിവസിപ്പിക്കാന്‍ ശ്രമിച്ചില്ല. മറിച്ച് അവരുടെ തൊഴിലിന് നാം മാന്യത കൊടുക്കുകയും ആ വ്യക്തിയെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ലൈംഗികത്തൊഴില്‍ ചെയ്യുന്ന ഒരു സാധാരണ സ്ത്രീയെയോ ട്രാന്‍സ് വുമണിനെയോ ബഹുമാനിക്കാനുള്ള ഒരു മാനസികാവസ്ഥ നമ്മള്‍ മലയാളികള്‍ക്കില്ല. അതുകൊണ്ടാണ് സാബുവിനെപ്പോലെയുള്ള ഒരാള്‍ പറഞ്ഞത് എന്‍റെ വീട്ടില്‍ ട്രാന്‍സ്‍ജെന്‍ഡറിന് ജോലി കൊടുക്കുമെന്ന്. എത്രപേര്‍ക്ക് ജോലി കൊടുക്കാന്‍ സാബുവിന് കഴിയും? ലൈംഗികത്തൊഴില്‍ ചെയ്യുന്ന 19 ലക്ഷം പേര്‍ക്കും ജോലി കൊടുക്കാന്‍ സാബുവിന് കഴിയില്ല. അനൂപ് ചന്ദ്രനും കഴിയില്ല. അത്തരം യാഥാര്‍ഥ്യങ്ങള്‍ അറിഞ്ഞുകൊണ്ടേ അഞ്ജലി സംസാരിക്കാന്‍ പാടുള്ളൂ. മറ്റ് മത്സരാര്‍ഥികളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ബിഗ് ബോസില്‍ അഞ്ജലിയുടെ ശ്രമം. സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുകയാണെങ്കില്‍ അഞ്ജലി ഇങ്ങനെ ഒരിക്കലും പറയുമായിരുന്നില്ല. ദിയ സന ഇക്കാര്യങ്ങളൊക്കെ കൃത്യമായി സംസാരിച്ചതാണ്. പക്ഷേ അവിടെയുള്ള മറ്റുള്ളവര്‍ക്ക് ദിയ പറയുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.
ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹത്തിന്‍റെ അവകാശപ്പോരാട്ടങ്ങള്‍ക്കൊന്നും അഞ്ജലി ഇതുവരെ മുന്നില്‍ നിന്നിട്ടില്ല. ഒരു ഗതിയുമില്ലാത്ത വലിയൊരു വിഭാഗത്തെയാണ് മുഴുവനായി അവര്‍ അടച്ചാക്ഷേപിക്കുന്നത്. ബിഗ് ബോസ് കാണുന്ന എത്രയോ പേരെ അഞ്ജലിയുടെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കും. വ്യക്തിപരമായി എനിക്ക് അഞ്ജലിയോട് ഒരു വിയോജിപ്പുമില്ല, പക്ഷേ നിലപാടുകളോട് ഉണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ